Organic Fence | ജൈവ വേലി നിര്‍മിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍; നട്ടുനനയ്ക്കുന്ന കാര്‍ഷിക വിളകളുടെ സംരക്ഷണം മുതല്‍ വളംവരെ ലഭിക്കും
*കൃഷിഭൂമിയിലേക്കാവശ്യമായ ജൈവ വളങ്ങളും ലഭ്യമാക്കാം
*രാമച്ചത്തിന്റെ വേരുകള്‍ കഴുകിയെടുത്ത് ഉണക്കി ദാഹശമനികളിലും ഉപയോഗിക്കുന്നു
*വരള്‍ചയേയും വെള്ളപ്പൊക്കത്തേയും അതിജീവിക്കും
പാലക്കാട്: (KasargodVartha) ഭാവി തലമുറയ്ക്ക് വേണ്ടിയും ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. കുന്നിടിച്ചിലും പാടം നികത്തലും രാസവള പ്രയോഗങ്ങളുമെല്ലാം ഫലഭൂയിഷ്ടമായ ഭൂമിയുടെ ആയുസ് കുറയ്ക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ മണ്ണിന്റെ ഭൗതികവും രാസപരവുമായ ഗുണങ്ങള്‍ നിലനിര്‍ത്തി ജൈവവസ്തു മെച്ചപ്പെടുത്താനും ഭൂഗര്‍ഭജലത്തിന്റെ അളവ് കൂട്ടാനും ജൈവ വേലി നല്ലൊരു ഉപാധിയാണ്. അടുക്കള മുറ്റത്ത് നട്ടുനനയ്ക്കുന്ന കാര്‍ഷിക വിളകളെ സംരക്ഷിക്കാനും അവയ്ക്ക് തണലേകാനും സസ്യങ്ങളുടെ കരിയിലകള്‍ മണ്ണിന് പുതപ്പായും ജൈവ വേലി ഉപകരിക്കും.
വേലി കെട്ടാന്‍ ഉപയോഗിക്കുന്ന പലതരം ചെടികള്‍ നമ്മുടെ നാട്ടിലുണ്ട്. ആവണക്ക്, മുരിക്ക്, ആടലോടകം, ചെമ്പരത്തി, ശീമക്കൊന്ന, രാമച്ചം തുടങ്ങിയവ ഉദാഹരണങ്ങളാണ്. കല്ലുകൊണ്ടും സിമന്റ് കൊണ്ടും ചെലവേറിയ മതിലുകള്‍ പണിയുന്നതിന് പകരം ഇത്തരം സസ്യങ്ങള്‍ ഉപയോഗിച്ച് ചെലവില്ലാതെ ജൈവ മതിലുകള്‍ തീര്‍ക്കാം. ശീമക്കൊന്ന പോലുള്ള ധാരാളം ജൈവ വളങ്ങള്‍ തരുന്ന സസ്യങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍, അതുവഴി കൃഷിഭൂമിയിലേക്കാവശ്യമായ ജൈവ വളങ്ങളും ലഭ്യമാക്കാം. മണ്ണിടിച്ചില്‍ തടയാനും മണ്ണൊലിപ്പ് തടയാനും കൂടിയുള്ള മാര്‍ഗമാണ് ഇത്തരം വേലികള്‍.
രാമച്ചം ജൈവ വേലി: തണലില്ലാത്തയിടങ്ങളില്‍ നട്ടു വളര്‍ത്താവുന്ന ഒരു ഔഷധ സസ്യം കൂടിയാണ് രാമച്ചം. 15 മുതല്‍ 20 മീറ്ററോളം ആഴത്തില്‍ വേരുകള്‍ വളര്‍ന്നാണ് രാമച്ചം മണ്ണിടിച്ചല്‍ തടയുന്നത്. ഒപ്പം രാമച്ച വേരുകള്‍ അരിപ്പ പോലെ മലിനജലത്തെ ശുദ്ധീകരിക്കും. പാകമെത്തിയ രാമച്ചത്തിന്റെ വേരുകള്‍ കഴുകിയെടുത്ത് ഉണക്കി ദാഹശമനികളിലും ഉപയോഗിക്കുന്നു.
നട്ടു വളര്‍ത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ, വളര്‍ച്ച എത്തുമെങ്കിലും 3 വര്‍ഷത്തെ വളര്‍ച്ച ഉണ്ടായാലേ അതിവര്‍ഷത്തെ മണ്ണിടിച്ചില്‍ തടയാന്‍ കഴിയും. ആദ്യത്തെ രണ്ട് വര്‍ഷം നന്നായി കരുതി വളര്‍ത്തണം. മൈസൂറിലെ ക്ഷീര കര്‍ഷകര്‍ രണ്ടാഴ്ച ഇടവേളയില്‍ രാമച്ചത്തിന്റെ പുല്ല് കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കുന്നുണ്ട്.
കനമുള്ള ജൈവവേലിയായി മാറുന്ന രാമച്ചത്തിന്റെ തണ്ടുകള്‍ കുത്തനെ വളര്‍ന്ന് കുതിച്ചൊഴുകി വരുന്ന ജല പ്രവാഹത്തെ തടഞ്ഞ് മണ്‍ കവചത്തെ അവിടെ തന്നെ നിക്ഷേപിക്കും. വാര്‍ഷിക സസ്യമായതിനാല്‍ പ്രത്യേക കരുതല്‍ വേണ്ട. ജല സസ്യമായതിനാല്‍ വേരുറച്ചാല്‍, വരള്‍ചയേയും വെള്ളപ്പൊക്കത്തേയും അതിജീവിക്കും.
മലിന ജലത്തിലെ നൈട്രജന്‍, ഫോസ്ഫറസ്, മെര്‍കുറി, കാഡ് മിയം, ഈയം, എന്നിവ വലിച്ചെടുക്കാമുള്ള കഴിവ് രാമച്ചത്തിനുണ്ട്. ഏത് കാലാവസ്ഥയിലും വളരുമെങ്കിലും 200 മി. മീറ്റര്‍ മുതല്‍ 6000 മി. മീറ്റര്‍ വരെ മഴയുള്ള പ്രദേശത്തും 15 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളിലും വളരുന്ന രാമച്ചത്തിന് വരള്‍ച്ച വെള്ളപ്പൊക്കം കീടബാധ രോഗങ്ങള്‍ തീ തുടങ്ങിയവ നശിച്ചാല്‍ പോലും അടുത്ത മഴയില്‍ കൂടുതല്‍ ശക്തിയോടെ വളരും.
പുളി, ക്ഷാരം, ഉപ്പ്, സോഡിയം, മഗ്നീഷ്യം, എന്നിവയെ എല്ലാം ശുദ്ധീകരിക്കുന്ന ഒരു അരിപ്പയായും രാമച്ചത്തെ ഉപയോഗപ്പെടുത്താം. അലുമിനിയം, മാംഗനീസ്, ആഴ്സനിക്, കാഡ്മിയം, ക്രോമിയം, നികല്‍, ഫോസ്ഫറസ്, മെര്‍കുറി, സിങ്ക്, എന്നിവ കൂടുതലുള്ള മണ്ണിലും രാമച്ചം വളരും.
മണ്ണിന്റെ ജൈവ സംരക്ഷണം, ജല സംഭരണം, പരിസര ശുദ്ധീകരണം, കൃഷി ഭൂമിയിലെ കീട നിയന്ത്രണം എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന രാമച്ച ജൈവ വേലി സാധ്യതകള്‍ ഇന്ന് ലോകത്ത് നൂറിലധികം രാജ്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കോണ്ടൂര്‍ സസ്യവേലിയായി ലോക ശാസ്ത്രജ്ഞര്‍ കണക്കാക്കുന്ന രാമച്ചം ലോക ബാങ്കടക്കം അംഗീകരിച്ചതാണ്.
കോണ്ടൂര്‍ കൃഷി: ചരിവുള്ള സ്ഥലങ്ങളില്‍ ഏതുവിള കൃഷി ചെയ്യുമ്പോളും കോണ്ടൂര്‍ രേഖ(സമുദ്രനിരപ്പില്‍ നിന്ന് ഒരേ ഉയരത്തിലുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കല്‍പ്പിക രേഖ)യില്‍ വേണം ചെയ്യാന്‍. റബര്‍ കര്‍ഷകര്‍ ഈ രീതി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതായ് ഉദാഹരമായി കാണാം. കോണ്ടൂരില്‍ ചരിവിന് ലംബമായി ടെറസ് ചെയ്യുന്നത് ജലസംരക്ഷണത്തിന് വളരെ സഹായകരമാണ്. ഇതേപോലെ ചരിവിന് വിപരീത ദിശയില്‍ കൃഷി ചെയ്യുന്നത് മണ്ണൊലിപ്പും ഗണ്യമായി കുറയ്ക്കും.
അശാസ്ത്രീയമായ രാസവളപ്രയോഗത്തിന്റെ ദൂഷ്യങ്ങള്‍ കൂടുതല്‍ ബോധ്യപെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജൈവ വേലിയെന്ന പ്രവര്‍ത്തനത്തിന് വലിയ പ്രാധാന്യമുണ്ട്.