city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദക്ഷിണേന്ത്യയുടെ 'ബാംബൂ കാപിറ്റലാവാന്‍' കാസര്‍കോട് ഒരുങ്ങുന്നു; പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍

കാസര്‍കോട്: (www.kasargodvartha.com 31.01.2019) വരണ്ടുണങ്ങിയ ചെങ്കല്‍ ഭൂമികളെ ഹരിതാഭമാക്കി ദക്ഷിണേന്ത്യയുടെ 'ബാംബൂ കാപിറ്റലാവാന്‍' കാസര്‍കോടൊരുങ്ങുന്നു. 12 നദികളും നിരവധി ജലാശയങ്ങളുമുണ്ടായിട്ടും ജീവന്റെ തുടിപ്പ് നശിച്ച ഭൂപ്രദേശങ്ങളില്‍ മുളങ്കാടുകള്‍ കൊണ്ട് ഹരിത കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.

ജില്ലയുടെ സാമൂഹിക-സാമ്പത്തിക സമവാക്യങ്ങളില്‍ ചരിത്രപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുതകുന്ന വിപുലമായ പദ്ധതിയിലൂടെ കാസര്‍കോടിനെ ദക്ഷിണേന്ത്യയിലെ പ്രധാന 'ബാംബൂ ഹബാ'യി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ പ്രത്യേക താല്‍പര്യപ്രകാരം ആവിഷ്‌കരിച്ച പദ്ധതി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

ആദ്യ ഘട്ടത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഈ പ്രദേശങ്ങളില്‍ മൂന്ന് ലക്ഷം തൈകള്‍ ഒറ്റ ദിവസം കൊണ്ട് നട്ടു കൊണ്ട് പദ്ധതിക്ക് തുടക്കം കുറിക്കും.

പദ്ധതിക്ക് വേണ്ടി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം 60,000 മുളതൈകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറും. കൂടാതെ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍ ലഭ്യമാക്കുന്ന വിത്തുകളുപയോഗിച്ച് തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓരോ വാര്‍ഡിലും നഴ്സറികള്‍ സ്ഥാപിച്ച് ബാക്കി ആവശ്യമുള്ള 2,40,000 മുളതൈകള്‍ തയ്യാറാക്കും.

വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഴ്സറികള്‍ സ്ഥാപിക്കുന്നതിനുള്ള പരിശീലനം കഴിഞ്ഞ രണ്ട് ദിവസങ്ങളലായി നല്‍കി. ഏപ്രില്‍ മാസത്തില്‍ 13 പഞ്ചായത്തുകളിലായി 2ഃ2ഃ2 അടി അളവിലുള്ള മൂന്ന് ലക്ഷം കുഴികളാണ് തയ്യാറാക്കുന്നത്. ജൂണ്‍ അഞ്ചിന് മുളതൈകള്‍ നട്ടു പിടിപ്പിച്ച് തുടര്‍ന്ന് മൂന്ന് മാസക്കാലം കൃത്യമായ പരിചരണം തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പാക്കും. പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായവും നിര്‍ദേശങ്ങളും കൃഷി വകുപ്പ് മുഖേന ലഭ്യമാക്കും. 

മുളകൃഷിക്കാവശ്യമായ ജൈവവളം, ജൈവ മാലിന്യ ശേഖരണത്തിലൂടെ ശുചിത്വ മിഷന്റെ കീഴിലുള്ള ഹരിത കര്‍മ്മസേനയായിരിക്കും സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളില്‍ ഇതിനാവശ്യമായ കമ്പോസ്റ്റിങ്ങ് സംവിധാനം ഏര്‍പ്പെടുത്തും. 'മാലിന്യമുക്ത കാസര്‍കോട്' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 13 ഗ്രാമപഞ്ചായത്തുകളിലും നേരത്തേ ശുചിത്വമിഷന്‍ ലഭ്യമാക്കിയ ഫണ്ട് ഉപയോഗിച്ചാണ് ജൈവമാലിന്യസംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. 

പദ്ധതി പ്രദേശങ്ങളെ കൃഷിക്ക് ഉപയുക്തമായ രീതിയില്‍ മാറ്റിയെടുക്കുന്നതിനായി മണ്ണിന്റെ ഘടനയും ഗുണനിലവാരവും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ജൈവവ്യതിയാനങ്ങള്‍ നിരീക്ഷിക്കാന്‍ മണ്ണ് പര്യവേഷണ വകുപ്പ് നടപടി സ്വീകരിക്കും. മുളകള്‍ തടഞ്ഞു നിര്‍ത്തി മണ്ണിലേക്കിറങ്ങുന്ന വെള്ളത്തിന്റെ അളവ് കൃത്യമായ രേഖപ്പെടുത്താനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ല ഭൂമികുലുക്ക സാധ്യതാ മേഖലയിലെ മൂന്നാം സോണില്‍ വരുന്നതിനാല്‍ തന്നെ അനിയന്ത്രിതമായി നടക്കുന്ന കുഴല്‍കിണര്‍ നിര്‍മ്മാണം ജില്ലയെ കൂടുതല്‍ അപകടത്തിലാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുറന്ന കിണറുകളില്‍ വെള്ളമെത്തിക്കുന്നതിലൂടെ കുഴല്‍കിണറുകളുടെ എണ്ണം കുറക്കാന്‍ സാധിക്കും. 

കൂടാതെ മുള തൈകള്‍ വളരുന്ന ഘട്ടത്തിലെ ഓരോ ഇടവേളകളില്‍ കിണറുകളും കുഴല്‍ കിണറുകളും മറ്റും പരിശോധിച്ച് ജലനിരപ്പില്‍ വരുന്ന വ്യത്യാസങ്ങളെ നിരീക്ഷിച്ച് ഭൂഗര്‍ഭജലവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കും.

താരതമ്യേന വ്യാവസായിക സംരഭങ്ങള്‍ കുറവായ ജില്ലയില്‍ റവന്യൂ ഭൂമികള്‍ തരിശായി കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരണ്ടുണങ്ങിയ ഇത്തരം ചെങ്കല്‍ (ലാറ്ററൈറ്റ്) ഭൂപ്രദേശങ്ങളെ ഹരിതാഭമാക്കാനാണ് വിപുലമായ പദ്ധതി തയ്യാറാക്കുന്നത്. ജലത്തെ തടഞ്ഞു നിര്‍ത്തി മണ്ണിലേക്ക് ഇറക്കി വിടാന്‍ സഹായിക്കുന്ന പ്രധാന സസ്യമാണ് മുള. 

ഒരു ചെടിയുടെ വേരുതന്നെ ഏകദേശം 10 അടി ചുറ്റളവിലേക്ക് ഉപരിതലത്തില്‍ നിന്നും പരന്നു വളരുന്നതിനാലാണ് മഴവെള്ളത്തെ മണ്ണിലേക്ക് ഇറക്കി വിടാന്‍ സാധിക്കുന്നത്. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ഡയോക്സൈഡിനെ സ്വീകരിച്ച് ഓക്സിജനെ പുറത്തുവിടാന്‍ കഴിവുള്ള സസ്യമായ മുളയ്ക്ക് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും സാധിക്കുന്നു. കൂടാതെ ഏറ്റവും വേഗത്തില്‍ വളരാന്‍ കഴിയുന്ന ഈ അത്ഭുത സസ്യത്തിന് ചില സമയങ്ങളില്‍ 24 മണിക്കൂറില്‍ 91 സെന്റീമീറ്റര്‍ വരെ വളര്‍ച്ചയുണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. 

മണ്ണില്‍ കാണുന്ന വിഷാംശങ്ങളെ ഇല്ലാതാക്കി മൂന്നു വര്‍ഷം കൊണ്ട് വിളവെടുക്കാന്‍ സാധിക്കുന്ന മുള കൊണ്ട് വിവിധങ്ങളായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. കാതല്‍ കൂടുതലുള്ളതും ഇന്ത്യയില്‍ പൊതുവെ കാണപ്പെടുന്നതുമായ 'കല്ലന്‍ മുള'യാണ് പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുന്നത്. 

മൂന്ന് ലക്ഷം മുളകള്‍ ഏകദേശം 66 ലക്ഷം കിലോഗ്രാം ജൈവാംശം ഒരു വര്‍ഷം മണ്ണില്‍ നിക്ഷേപിക്കും. ഇത് ചെങ്കല്‍മണ്ണിനെ ഫലഭൂയിഷ്ടിയുള്ള മണ്ണാക്കി മാറ്റും. ഇപ്രകാരം ഏകദേശം 37,500 ഏക്കറില്‍ പുതുതായി കൃഷി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണേന്ത്യയുടെ 'ബാംബൂ കാപിറ്റലാവാന്‍' കാസര്‍കോട് ഒരുങ്ങുന്നു; പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍

വിളവെടുക്കുന്ന മുളകള്‍ സംസ്‌കരിച്ച് വിവിധങ്ങളായ ഉത്പന്നങ്ങളുണ്ടാക്കാനായി ജില്ലയില്‍ ചെറുകിട-വന്‍കിട സംരഭങ്ങള്‍ ആരംഭിക്കുമെന്ന് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി.കെ. ദിലീപ് പറഞ്ഞു. കേരളത്തില്‍ ദുരിതം വിതച്ച മഹാപ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നവകേരള നിര്‍മ്മിതിയില്‍ പ്രകൃതി സൗഹൃദവും സാമ്പത്തികലാഭവുമുള്ള മുള കൊണ്ടുള്ള വീടുകള്‍ക്ക് വളരെയധികം പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

മുള കൊണ്ടുള്ള വീടുകള്‍ ജപ്പാനില്‍ വ്യാപകമാണെന്നും 200 വര്‍ഷം വരെ ഈടുനില്‍ക്കുന്ന ഇത്തരം വീടുകള്‍ക്കുള്ളില്‍ താരതമ്യേന ചൂട് കുറവായിരിക്കുമെന്നും കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിക്ക് കൂടുതല്‍ ഇണങ്ങുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഫര്‍ണീച്ചറുകള്‍, കരകൗശല വസ്തുക്കള്‍, നിലം പാകുന്നതിനുള്ള ടൈലുകള്‍, കര്‍ട്ടനുകള്‍ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങളാണ് മുള ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ സാധിക്കുന്നത്. ഇതിനായി സര്‍ക്കാര്‍-സ്വകാര്യ സംരഭങ്ങളാരംഭിക്കുന്നതോടെ ജില്ലയുടെ മുഖച്ഛായ തന്നെ മാറി സാമൂഹിക-സാമ്പത്തിക മേഖലകളില്‍ വിപ്ലവകരമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. 

കൂടാതെ നദികളേറെയുണ്ടായിട്ടും വേനലാരംഭത്തില്‍ തന്നെ രൂക്ഷമാവുന്ന കുടിവെള്ള ക്ഷാമം നേരിടുന്ന ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും പദ്ധതിയിലൂടെ സാധിക്കും. രൂക്ഷമായ വരള്‍ച്ച നേരിടാറുള്ള ജില്ലയ്ക്ക് മുളങ്കാടുകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതിലൂടെ വലിയ വികസനപ്രതീക്ഷകളാണ് നല്‍കുന്നത്.

കൊറഗ വിഭാഗത്തിന് അര്‍ഹമായ പരിഗണന നല്‍കും

സാമൂഹിക സാമ്പത്തിക മേഖലകളില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പ്രാക്തന ഗോത്രമായ കൊറഗ വിഭാഗത്തിന് പദ്ധതിയില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി.കെ. ദിലീപ് പറഞ്ഞു. 

വനമേഖലകളില്‍ നിന്നും ശേഖരിക്കുന്ന കാട്ടു വള്ളികളില്‍ നിന്നും കൊട്ടകളും മറ്റും നിര്‍മ്മിക്കാറുള്ള കൊറഗ വിഭാഗത്തിന് മുള കൊണ്ടുള്ള കരകൗശല നിര്‍മ്മാണങ്ങള്‍ക്കായി പരിശീലനം നല്‍കാന്‍ പദ്ധതി തയ്യാറാക്കും. ജില്ലയില്‍ മുളങ്കാടുകള്‍ വ്യാപകമാക്കി പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ ഉദാത്തമായ മാതൃക സൃഷ്ടിക്കുമെന്നും വികസനത്തിന്റെ പ്രയോജനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ക്കും പങ്കാളിയാകാം

ജില്ലയുടെ സാമ്പത്തിക മേഖലയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ പോകുന്ന 'ബാംബൂ കാപിറ്റല്‍ പദ്ധതി'യില്‍ സ്വകാര്യ വ്യക്തികള്‍ക്കും പങ്കാളിയാകാം. ആകെ ചെയ്യേണ്ടത് നിങ്ങളുടെ ഒഴിഞ്ഞ പറമ്പുകള്‍ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് കാണിച്ചു കൊടുത്താല്‍ മാത്രം മതി. ബാക്കി കാര്യം തൊഴിലുറപ്പ് തൊഴിലാളികള്‍ നോക്കിക്കോളും. 

മുളകള്‍ക്ക് വേണ്ട കുഴികള്‍ നിര്‍മ്മിക്കുന്നത് മുതല്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നതും പിന്നീട് മൂന്ന് മാസത്തോളമുള്ള പരിപാലനവും തൊഴിലുറപ്പു തൊഴിലാളികള്‍ സൗജന്യമായി ചെയ്തു തരും. ഇതില്‍ നിന്നും ലഭിക്കുന്ന മുള, സ്ഥലം വിട്ടു നല്‍കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്ക് തന്നെ വാണിജ്യാവശ്യത്തിന് എടുക്കാം.

Keywords:  Kasaragod ready to become Bamboo capital of South India, kasaragod, news, Agriculture, District Collector, Kerala, forest, River.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia