city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാട്ടില്‍ കത്തി കൊണ്ടുപോകാത്ത ഷാഹുലിന്റെ പരിസ്ഥിതിസ്‌നേഹത്തിന് പുരസ്‌ക്കാരം

കാസര്‍കോട്: (www.kasargodvartha.com 10/03/2015) കുട്ടിക്കാലത്ത് പിതാവ് നല്‍കിയ ഉപദേശമാണ് നെക്രാജെയിലെ ഷാഹുല്‍ ഹമീദ് പുണ്ടൂരിനെ ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച പരിസ്ഥിതി സംരക്ഷകനുളള പുരസ്‌ക്കാര ലബ്ധിയോളം വളര്‍ത്തിയത്. മകനെ കാട്ടിലേക്ക് പോകുമ്പോള്‍ കത്തികൊണ്ടുപോകരുത് ചെടികളെയും ജീവജാലങ്ങളെയും ഉപദ്രവിക്കരുത് എന്നതായിരുന്നു പിതാവ് കെ. അബൂബക്കര്‍ ഹാജിയുടെ ഉപദേശം.

പരിസ്ഥിതിയോടും ജീവജാലങ്ങളോടുമുളള  കരുതലിന്റെ ബാലപാഠം പകര്‍ന്നുനല്‍കിയത് ഈ ഉപദേശമാണ്. ഉമ്മ ആയിഷയും സഹോദരങ്ങളും ഇതേ വഴി നടന്നു. മുളേളരിയ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു അധ്യാപകനായ ഷാഹുല്‍ ഹമീദ്  ഇപ്പോഴും ആ ഉപദേശം ശിരസ്സാവഹിക്കുന്നു. ഷാഹുല്‍ ഹമീദിന്റെ സഹോദരങ്ങള്‍ മുഹമ്മദും, അബ്ദുള്‍ റഹ്മാനും, അബ്ദുള്‍ ഖാദറുമെല്ലാം ഇതേ വഴിയിലാണ് സഞ്ചാരം.

കാട്ടില്‍ കത്തി കൊണ്ടുപോകാത്ത ഷാഹുലിന്റെ പരിസ്ഥിതിസ്‌നേഹത്തിന് പുരസ്‌ക്കാരംഭാര്യ  അസ്മ  സസ്യശാസ്ത്ര ബിരുദാനന്തര ബിരുദധാരിയാണ്. മാതാവ് ആയിഷക്കുമുണ്ട് പ്രകൃതിയോട് ഇടകലര്‍ന്ന ജീവിതം. ചെങ്കള പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നെക്രാജെ വില്ലേജിലെ പുണ്ടൂരിലാണ്  എട്ടേക്കര്‍ സ്ഥലം  വനമായി ഷാഹുല്‍ ഹമീദ് സംരക്ഷിക്കുന്നത്. രണ്ടു കുന്നുകളിലായാണ് ഈ വനപ്രദേശം.  താഴ്‌വാരത്ത് രണ്ടേക്കറില്‍ വീടും കൃഷി സ്ഥലവും. ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്‌ക്കാര തുക കാടിന്റെ അതിര്‍ത്തി സംരക്ഷണത്തിന് വിനിയോഗിക്കുമെന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു.

പ്ലാവ്, മാവ്, മരുത്, പൂവരശ്, കാഞ്ഞിരം, ചേരല്‍ തുടങ്ങി ഏഴുപത് തരം വൃക്ഷങ്ങള്‍ ഉള്‍പ്പെടെ നിരവധി സസ്യജാലങ്ങള്‍ ഈ കാട്ടിലുണ്ട്. വേഴാമ്പല്‍,  കാട്ടുകോഴി, ഇരട്ടവാലന്‍ ,കുരുവി,തുടങ്ങി  40ഓളം ഇനം പക്ഷികള്‍ ഈ വനത്തില്‍ കൂടു കൂട്ടിയിരിക്കുന്നു. ദേശാടന പക്ഷികളും  എത്താറുണ്ട്. രാജവെമ്പാല, ഉടുമ്പ്, അപൂര്‍വ്വയിനം തവളകള്‍, മൂര്‍ഖന്‍ പാമ്പുകള്‍ എന്നിവയും ഇവിടെ സൈ്വര വിഹാരം നടത്തുന്നു. കാടിനെ ഉപദ്രവിക്കാത്ത  പരിസ്ഥിതി സംരക്ഷണമാണ് ഷാഹുല്‍ ഹമീദ് തുടരുന്നത്.

കഴിഞ്ഞ ദിവസം തൊട്ടടുത്ത റബ്ബര്‍ എസ്റ്റേറ്റില്‍ തീ പടര്‍ന്നപ്പോള്‍ ഈ വനത്തിലേക്ക്  തീ പടരാതിരിക്കാന്‍  മുന്നിട്ടിറങ്ങിയത് സമീപവാസികളാണ്. വനപഠനത്തിനായും നിരവധി വിദ്യാര്‍ത്ഥികള്‍ വര്‍ഷം തോറും ഇവിടെയെത്താറുണ്ട്. 1961 ല്‍  കശുമാവുകള്‍ മാത്രം വളര്‍ന്നിരുന്ന ഈ പ്രദേശം  അതീവ ജൈവസമ്പത്തുളള വനമായി മാറിയത്  ഒരു കുടുംബത്തിന്റെയാകെ പരിസ്ഥിതി സംരക്ഷണ ബോധം കൊണ്ടാണ്.  വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ  ഷാഹുല്‍ ഹമീദ് ഈ വര്‍ഷം പയസ്വിനിയുടെ തീരത്ത് 3 കിലോമീറ്റര്‍ മുളത്തൈ നട്ടുവളര്‍ത്തി. അടുത്ത വര്‍ഷം പഞ്ചിക്കല്‍ മുതല്‍  ചന്ദ്രഗിരിയുടെ തീരം വരെ  10000 മുളത്തൈകള്‍ നടാനാണ്  തീരുമാനം.

സ്‌ക്കൂളില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് ഔഷധത്തോട്ടം വളര്‍ത്താനും പദ്ധതിയുണ്ട്. പുണ്ടൂര്‍ ദി വേള്‍ഡ് ഓഫ് ബയോഡൈവേഴ്‌സിറ്റി എന്ന ബ്ലോഗും  സാമൂഹ്യമാധ്യമങ്ങളിലെ സാന്നിദ്ധ്യവും  തന്റെ പ്രവര്‍ത്തനങ്ങളെ ലോകത്തെ അറിയിക്കാന്‍ സഹായകമായി എന്നദ്ദേഹം പറഞ്ഞു.  സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍  ജയമാധവന്‍,  സെക്ഷന്‍ ഫോറസ്റ്റ ഓഫീസര്‍ സത്യന്‍, അഗല്‍പാടി  ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ബാലചന്ദ്രന്‍ എന്നിവരും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം പകര്‍ന്നതായി  ഷാഹുല്‍ ഹമീദ് പറഞ്ഞു. യു.കെജി വിദ്യാര്‍ത്ഥി  ഷഹാം, ഒന്നരവയസ്സുളള ഷദ എന്നിവരാണ് ഷാഹുല്‍ ഹമീദ്-അസ്മ ദമ്പതികളുടെ മക്കള്‍.  പരിസ്ഥി സംബന്ധമായ നിരവധി ഡോക്യുമെന്ററികള്‍ ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. കാവിനെ കുറിച്ചുളള ഡോക്യുമെന്ററിക്ക് പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാട്ടില്‍ കത്തി കൊണ്ടുപോകാത്ത ഷാഹുലിന്റെ പരിസ്ഥിതിസ്‌നേഹത്തിന് പുരസ്‌ക്കാരം

Keywords : Kasaragod, Kerala, Agriculture, Youth, Award, Shahul Hameed. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia