city-gold-ad-for-blogger
Aster MIMS 10/10/2023

R Bindu | എൻഡോസൾഫാൻ പുനരധിവാസ ഗ്രാമ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി; ഫെബ്രുവരി അവസാന വാരം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; 4 ബഡ്സ് സ്കൂളുകൾ കൂടി എംസിആർസി നിലവാരത്തിലേക്ക്

കാസർകോട്: (KasargodVartha) എൻഡോസൾഫാൻ പുനരധിവാസഗ്രാമ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഉദ്ഘാടനം ഫെബ്രുവരി അവസാനവാരം നിർവഹിക്കുമെന്നും അവർ കാസർകോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയിലെ 25 ഏക്കർ ഭൂമിയിലാണ് പുനരധിവാസ ഗ്രാമം നിർമിക്കുന്നത്.

ജില്ലയിലെ നാല് ബഡ്സ് സ്കൂളുകൾ കൂടി എം സി ആർ സി നിലവാരത്തിലേക്ക് ഉയർത്താനും തീരുമാനമായി.

ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക്, കൺസൾട്ടിംഗ് ആൻഡ് ഹൈഡ്രോളജി ബ്ലോക്ക് എന്നിവയാണ് പുനരധിവാസഗ്രാമ പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ തുറന്നുകൊടുക്കുക. 2022 മെയിൽ നിർമ്മാണത്തിന് തുടക്കമിട്ട പുനരധിവാസഗ്രാമ പദ്ധതിയ്ക്ക് 489,52,829 രൂപയുടെ ഭരണാനുമതിയും 445,00,000 രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമാക്കിയിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കൊ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. ഏകദേശം 58 കോടി രൂപയുടെ വികസന പദ്ധതിയാണ് പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തിക്കായി നീക്കിവച്ചത്. 25 ഏക്കർ സ്ഥലവും ഇതിനായി ലഭ്യമാക്കി. ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോ തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പൂർത്തിയാക്കിയത്.

R Bindu | എൻഡോസൾഫാൻ പുനരധിവാസ ഗ്രാമ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി; ഫെബ്രുവരി അവസാന വാരം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; 4 ബഡ്സ് സ്കൂളുകൾ കൂടി എംസിആർസി നിലവാരത്തിലേക്ക്

നാല് ഘടകങ്ങൾ (കോമ്പണൻ്റ്സ്) ഉൾപ്പെട്ടതാണ് സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്യുന്ന എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം. പതിനെട്ടു വയസ്സിനു താഴെയുള്ളവർക്ക് പ്രത്യേക പരിചരണം നൽകാനുള്ള ഫോസ്റ്റർ കെയർ ഹോമാണ് ഒന്ന്. 18-20 വയസ്സിൽ താഴെയുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്വന്തം കുടുംബത്തിൽ നിന്നുള്ള പരിചരണം അത്യാവശ്യമാണെന്ന ബോധ്യത്തിൽ ആ ചുറ്റുപാട് സൃഷ്ടിക്കാനാണ് ഈ ഘടകം . അഞ്ച് ബെഡ് റൂം ഉള്ള നാലു വാർഡുകൾ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലുള്ള ടോയിലറ്റ്, പൂന്തോട്ടം മുതലായവയാണ് ഫോസ്റ്റർ കെയർ ഹോമെന്ന സങ്കല്പനത്തിൽ വരിക.

ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന 18 വയസ്സിനു മുകളിൽ പ്രായമുള്ള പത്തുപന്ത്രണ്ടു പേർക്ക് താമസിക്കുവാൻ കഴിയുന്ന അസിസ്റ്റീവ് ലിവിങ് ഫോർ അഡൾട്ട്സ് ആണ് രണ്ടാം ഘടകം. ഇത്തരം പത്തു യൂണിറ്റുകളുണ്ടാവും. യൂണിറ്റുകളിൽ അടുക്കള, റിക്രിയേഷൻ റൂം, ലൈബ്രറി, വൊക്കേഷണൽ ഫെസിലിറ്റി, പൂന്തോട്ടം, ഫിസിയോ തെറാപ്പി സെന്റർ, ജോബ് കോച്ച് സെന്റർ എന്നിവയാണ് ഒരുക്കുക. ഭിന്നശേഷിയുള്ളവർക്ക് പെട്ടെന്നുള്ള താമസ സൗകര്യമാറ്റവും പുതിയ ആൾക്കാരുമായിട്ടുള്ള സമ്പർക്കവും മോശമായ അവസ്ഥയും ഒഴിവാക്കാനുള്ള ഹാഫ് വേ ഹോംസ് ഫോർ അസിസ്റ്റഡ് ലിവിംഗ് ഫോർ അഡൾട്ട്സ് ആണ് മൂന്നാമത്തെ ഘടകം.

സ്വയം ചലിക്കാൻ സാധിക്കാത്തവർക്ക് പ്രത്യേക പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹൈ ഡിപ്പൻ്റൻസി കെയർ ഫോർ ടോട്ടലി ബെഡ് റിഡൺ എന്ന നാലാം ഘടകം. കേരളത്തിന്റെ മാതൃകാപദ്ധതിയായി സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്ത എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിൻ്റെ നടത്തിപ്പും പരിപാലനവും സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള, പ്രവൃത്തിപരിചയമുള്ള എൻജിഒയെ ഏൽപ്പിക്കാനാകുമോ എന്നാലോചിക്കും. വില്ലേജിന്റെ നടത്തിപ്പിനാവശ്യമായ സ്റ്റാഫ്, സ്റ്റാഫ് ഘടന എന്നിവ സംബന്ധിച്ച് എത്രയും വേഗം തീരുമാനമുണ്ടാകും.

പുനരധിവാസ ഗ്രാമത്തിൻ്റെ പ്രവർത്തനത്തിനുള്ള ദൈനംദിന ഫണ്ടിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളെയും വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുകളെയും ഉപയോഗപ്പെടുത്തും. കാസർകോട് ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാരുടെ പ്രത്യേകതകളും ആവശ്യങ്ങളും കണക്കിലെടുത്താവും പുനരധിവാസ ഗ്രാമത്തിൻ്റെ പ്രവൃത്തിവിപുലീകരണം ഉൾപ്പെട്ട രണ്ടാംഘട്ടം. ഭിന്നശേഷി നേരത്തെ കണ്ടെത്തി ആവശ്യമായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് സഹായകമായ ഏർളി ഇൻ്റർവെൻഷൻ സെൻ്ററുകൾ ഈ ഘട്ടത്തിൽ കൊണ്ടുവരും.
  
R Bindu | എൻഡോസൾഫാൻ പുനരധിവാസ ഗ്രാമ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി; ഫെബ്രുവരി അവസാന വാരം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; 4 ബഡ്സ് സ്കൂളുകൾ കൂടി എംസിആർസി നിലവാരത്തിലേക്ക്



ഇവർക്കുള്ള വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ മൾട്ടി പ്രൊഫഷണൽ ഗ്രൂപ്പിൻ്റെ പിന്തുണയോടെ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെൻ്റ് സെൻ്ററുകൾ, എൻഡോസൾഫാൻ മേഖലയിലെ ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കാൻ വേണ്ടിയുള്ള പ്രി-വൊക്കേഷണൽ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെൻ്റർ, യഥാസമയം വിദ്യാഭ്യാസം നേടാനാവാതെ പോയവർക്ക് സമഗ്രമായ വിദ്യാഭ്യാസ അടിത്തറയൊരുക്കാൻ ബ്രിഡ്ജ് കോഴ്സുകളും റെമഡിയൽ ടീച്ചിംഗ് സെൻ്ററുകളും, രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്ന പാരൻ്റിംഗ് ക്ലിനിക്, അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികൾക്ക് സ്ഥാപനസംരക്ഷണം ഉറപ്പാക്കാനുള്ള (അഡോപ്ഷനും ഫോസ്റ്റർ കെയറിനും സൗകര്യമൊരുക്കുന്ന) ഫൗണ്ടിംഗ് ഹോം തുടങ്ങിയവ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുമെന്നും മന്ത്രി അറിയിച്ചു.


4 ബഡ്സ് സ്കൂളുകൾ കൂടി എം സി ആർ സി നിലവാരത്തിലേക്ക്

പനത്തടി, ബദിയടുക്ക, എന്മകജെ, കള്ളാര്‍ എന്നീ നാല് ബഡ്സ് സ്കൂളുകളെ കൂടി എം സി ആർ സി കളായി ഉയർത്താൻ തീരുമാനിച്ചതായും മന്ത്രി ആർ ബിന്ദു അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും തുടർന്ന് മന്ത്രിതല ചർച്ചകളുടെ അടിസ്ഥാനത്തിലുമാണ് ഉത്തരവ്. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിലെ 10 പഞ്ചായത്തുകളിൽ നിലവിലുള്ള ബഡ്സ് സ്കൂളുകളെ എം സി ആർ സി കളായി ഉയർത്തുന്നതിന് സർക്കാർ തീരുമാനിച്ചിരുന്നു.

ഇതിന്റെ ആദ്യഘട്ടമായി കുമ്പടാജെ, ബെള്ളൂര്‍, കറാടുക്ക, മൂളിയാര്‍, കയ്യൂര്‍ ചീമേനി, പുലൂര്‍ പെരിയ എന്നീ ബഡ്സ് സ്കൂളുകളെ എം സി ആർ സി ആയി ഉയര്‍ത്താനാണ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപടി സ്വീകരിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് ഇപ്പോൾ പനത്തടി, ബദിയടുക്ക, എന്മകജെ, കള്ളാര്‍ എന്നീ നാല് ബഡ്സ് സ്‌കൂളുകളെ കൂടി പരിഗണിച്ചത്.

എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ സമഗ്രവികസനമാണ് എം സി ആർ സികൾ വഴി ഉദ്ദേശിക്കുന്നത്. സാധാരണ സ്കൂളുകളിൽ ഉൾപ്പെടുത്തി പരിശീലനം നൽകാൻ സാധിക്കാത്ത കുട്ടികൾക്ക് അനിവാര്യമായ പരിശീലനം, തെറാപ്പി എന്നിവ എം സി ആർ സി മുഖേന നൽകും. വ്യക്തിഗത പരിപാലന പദ്ധതി പ്രകാരം ഓരോ കുട്ടികൾക്കും അവർക്ക് അനുയോജ്യമായ പരിപാലന വികസന പ്രവർത്തനങ്ങൾ ഇതുവഴി ഉറപ്പാക്കും. പുതുതായി എം സി ആർ സികളായി ഉയര്‍ത്തുന്ന ബഡ്സ് സ്കൂളുകളുടെ മേലുള്ള തുടർനടപടികള്‍ സാമൂഹ്യ സുരക്ഷാമിഷന്‍ അടിയന്തരമായി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Keywords:  News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Phase 1 of Endosulfan Rehabilitation Village Project Completed: R Bindu.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL