Join Whatsapp Group. Join now!
Aster MIMS 10/10/2023

Congress | ജനകീയ സദസ് വേറിട്ടതായി; എൻഡോസൾഫാൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടും തഴയപ്പെട്ടവർ, മീൻ തൊഴിലാളികൾ, കർഷകർ തുടങ്ങിയവരുടെ പ്രയാസങ്ങള്‍ കേട്ട് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും

വന്യമൃഗങ്ങളുടെ ആക്രമണവും ചർച്ചയായി KPCC, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (KasargodVartha) കോണ്‍ഗ്രസിന്റെ ജനകീയ പ്രക്ഷോഭ യാത്രയുടെ ഭാഗമായി കാസര്‍കോട് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന ജനകീയ സദസ് വേറിട്ടതായി. ജനങ്ങളുടെ പ്രയാസങ്ങള്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേരിട്ട് കേള്‍ക്കുകയായിരുന്നു. ഇവിടെ സംസാരിക്കാന്‍ അവസരം ലഭിക്കാത്തവരില്‍ നിന്ന് നേതാക്കള്‍ നേരിട്ട് പരാതികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. സാമൂഹ്യ പ്രവർത്തകയായ സിസ്റ്റര്‍ ജയയാണ് ആദ്യമായി ജനകീയ സദസില്‍ എന്‍ഡോസള്‍ഫാന്റെ വിഷയമുയര്‍ത്തി പ്രസംഗിച്ചത്.

KPCC president and leader of opposition heard problems.

സമരത്തിന് ഒരു കാലത്ത് പിന്തുണ നല്‍കിയ എല്‍ഡിഎഫ് അവഗണിക്കുന്നതായും കോടതി വിധി നേടിത്തന്ന ഡിവൈഎഫ്ഐ വിട്ടുനില്‍ക്കുന്ന കാര്യവും ചൂണ്ടിക്കാട്ടിയായിരുന്നു ദുരിതബാധിതരുടെ പ്രശ്‌നം അവതരിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള യു ഡി എഫ് നേതാക്കളുടെ സാന്നിധ്യം എടുത്ത് പറഞ്ഞായിരുന്നു എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ സമുന്നത നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ വാക്കുകള്‍ തുടങ്ങിയത്.

എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ടവര്‍ക്ക് വേണ്ടി തങ്ങള്‍ നടത്തുന്ന സമരത്തോട് എല്‍ഡിഎഫ് സര്‍കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നും, കോടതിയില്‍ എന്‍ഡോസള്‍ഫാന്‍ കംപനിക്കും, കേന്ദ്ര സര്‍കാരിനുമെതിരെ കേസ് ഫയല്‍ ചെയ്താല്‍ അര്‍ഹമായ നഷ്ടപരിഹാരം കിട്ടും. ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് കോടതിയാണ് വിധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

KPCC president and leader of opposition heard problems.

മലയോര കര്‍ഷകരുടെ ജീവിത പ്രശ്‌നങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍ പ്രസംഗം തുടങ്ങിയത്. റബര്‍, നാളികേരം, അടക്ക, കുരുമുളക് തുടങ്ങിയ വിളകള്‍ക്കുള്ള വില സ്ഥിരതയില്ലായ്മയും, വന്യമൃഗങ്ങളുടെ ആക്രമണം കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നതിന്റെ തീക്ഷണതകളും അദ്ദേഹം അവതരിപ്പിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കമുക് കൃഷി ചെയ്യുന്ന കാസര്‍കോട്ടെ കര്‍ഷകനായ ചന്ദ്രശേഖര റാവു കമുക് കൃഷിയുടെ രോഗബാധയും, പ്രതിരോധ മരുന്നിന്റെ ലഭ്യതക്കുറവുമാണ് ചൂണ്ടിക്കാട്ടിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗത്തിന് സര്‍കാര്‍ വിലക്കില്ലെങ്കിലും അധികൃതര്‍ അനുമതി നല്‍കാത്തതിനാല്‍ കര്‍ഷകര്‍ക്ക് വന്‍ തുകയാണ് ചിലവഴിക്കേണ്ടിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചീമേനി മാലിന്യ പ്ലാന്റിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനീഷ് പയ്യന്നൂര്‍ സംസാരിച്ചത്.

പോത്താംകണ്ടം അരിയിട്ടപാറയില്‍ പ്ലാന്റ് സ്ഥാപിച്ചാല്‍ പ്രദേശത്തെ കാവിനും, ജലസ്രോതസിനുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് അവതരിപ്പിച്ചത്. നാളികേര കര്‍ഷകനായ രവിചന്ദ്ര ഉത്പാദന ചിലവ് വര്‍ധിച്ചിട്ടും, നാളികേര കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു.

1953ലെ നിയമമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും, മലബാര്‍ ദേവസ്വം ബോര്‍ഡ് ബിൽ യാഥാര്‍ഥ്യമാക്കാന്‍ സര്‍കാര്‍ തയാറായിട്ടില്ലെന്നും, മുഴുവന്‍ സമയം ക്ഷേത്രം ജീവനക്കാരനായതിനാല്‍ സമരം ചെയ്യാന്‍ പോലുമാവാത്ത അവസ്ഥയിലാണ് താനെന്നും ക്ഷേത്ര ജീവനക്കാരനായ സജീവന്‍ പറഞ്ഞു.

ക്ഷേത്രം കോമരമായ പ്രമോദ്, മലബാറിലെ കാവുകളിലെയും മഠപ്പുരകളിലെയും സ്ഥാനികര്‍ക്ക് സര്‍കാര്‍ ഔദാര്യം നല്‍കുന്നത് പോലെയാണ് പണം അനുവദിക്കുന്നതെന്നും, ഇത്തവണ ബജറ്റില്‍ ഒന്നര കോടിയാണ് അനുവദിച്ചിട്ടുള്ളതെന്നും, നാല് മാസം ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള പണം മാത്രമാണ് ഇതിലുണ്ടാവുകയെന്നും വ്യക്തമാക്കി.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തിന്റെ ദൈന്യതയായിരുന്നു വെസ്റ്റ് എളേരിയിലെ ബിനു ജോണ്‍ വിവരിച്ചത്. സണ്ണി പൈകട എന്ന കര്‍ഷകന്‍, ഒരു കര്‍ഷകനും അഭിമാന ബോധത്തോടെ ജീവിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് പറഞ്ഞു. തീരദേശ പരിപാലന നിയമം വലിയപറമ്പ് പഞ്ചായതിനെ എങ്ങനെ ബാധിക്കുമെന്ന് വിവരിക്കുന്നതായിരുന്നു മുന്‍ പഞ്ചായത് പ്രസിഡന്റ്കൂടിയായ എം ടി ജബ്ബാറിന്റെ പ്രസംഗം.

ജില്ലയിലെ പട്ടികവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ ആര്‍ രതീഷ് അവതരിപ്പിച്ചു. സെറിഫെഡിലെ ജീവനക്കാരിയായിരുന്നു സുശീല വയസായിട്ടും തനിക്ക് ലഭിക്കാത്ത ആനുകൂല്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. 1993ല്‍ വ്യവസായ വകുപ്പിന് കീഴില്‍ മൈലാട്ടിയിലും, പടന്നക്കാടുമുണ്ടായിരുന്ന തൊഴിലാളികള്‍ സ്ഥാപനം പൂട്ടിയതോടെ നിരാലംബരായി. ട്രൈബ്യൂണലും, ഹൈകോടതിയും, മനുഷ്യാവകാശ കമീഷനും ഇടപെട്ടിട്ടും അര്‍ഹമായ അനുകൂല്യം നല്‍കാന്‍ അധികൃതർ ഇതുവരെ തയാറായിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

അങ്കണ്‍വാടി ജീവനക്കാര്‍ക്ക് ലഭിക്കാത്ത പണത്തിന്റെയും, ദുരിതങ്ങളുടെയും കഥയാണ് കമ്മാടത്തിക്ക് പറയാനുണ്ടായിരുന്നത്. 1981ല്‍ അങ്കണ്‍വാടി അധ്യാപികയായി ചേര്‍ന്ന ഇവര്‍ക്ക് ഇപ്പോള്‍ ലഭിക്കാനുള്ളത് 36,000 രൂപയാണ്. കേന്ദ്രം കയ്യൊഴിഞ്ഞ് സംസ്ഥാനം ഏറ്റെടുത്ത കെല്‍-ഭെലിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചായിരുന്നു പവിത്രന്‍ സംസാരിച്ചത്. മീൻ തൊഴിലാളിയായ സുശീല ക്ഷേമനിധിയിലെ അപാകവും, മുന്‍കാലങ്ങളില്‍ പഞ്ഞ മാസങ്ങളില്‍ ലഭിച്ച സൗജന്യ റേഷന്‍ നിര്‍ത്തലാക്കിയതും, മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കാത്തതും, രോഗം വന്ന കുട്ടികള്‍ക്കുള്ള ചികിത്സാ സഹായം മുടങ്ങുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് വിവരിച്ചത്. അഡ്വ. സജീവ് ജോസഫ് എംഎല്‍എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍, അഡ്വ. ടി സിദ്ദീഖ് എംഎല്‍എ, കെ ജയന്ത് സംബന്ധിച്ചു. പഴകുളം മധു സ്വാഗതം പറഞ്ഞു.

Keywords: KPCC, Malayalam News, Kasaragod, KPCC, President, Leader, Municipal, Janakeeya Sadas, Endosulfan, LDF, K. Sudhakaran, DYFI, Rajmohan Unnithan, UDF, Ambalathara, Case, Rubber, Cheemeni, KPCC president and leader of opposition heard problems.

Post a Comment