Join Whatsapp Group. Join now!
Aster MIMS 10/10/2023

Liquor Store | ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യശാല തുറക്കണമെന്നാവശ്യപ്പെട്ട് സഖാക്കളുടെ പേരില്‍ പോസ്റ്റര്‍ യുദ്ധം; വിവാദത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ മൗനവും ചര്‍ച്ചാവിഷയമായി

നേതൃത്വത്തിന് വിമർശനം Liquor Shop, Consumer Fed, Cheruvathur, Malayalam News, കാസറഗോഡ് വാർത്തകൾ,CPM
ചെറുവത്തൂര്‍: (KasargodVartha) ഒരു ദിവസം തന്നെ തുറക്കുകയും പൂട്ടുകയും ചെയ്ത കണ്‍സ്യൂമര്‍ഫെഡ് മദ്യശാല തുറക്കണമെന്നാവശ്യപ്പെട്ട് സഖാക്കളുടെ പേരില്‍ പോസ്റ്റര്‍ യുദ്ധം. സാമൂഹ്യ മാധ്യമങ്ങളിലും പ്രചാരണം കൊഴുക്കുകയാണ്. എല്ലാ പോസ്റ്ററുകളും സിപിഎം ജില്ലാ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.


പാര്‍ടിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലേയെന്ന ചോദ്യമാണ് എല്ലാ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. ചെറുവത്തൂര്‍ കുട്ടമത്ത് സഖാക്കള്‍, കണ്ണാടിപ്പാറ വലിയപറമ്പ് സഖാക്കള്‍, കിഴക്കേമുറി സഖാക്കള്‍, വേഴാമ്പല്‍ തൊഴിലാളി കൂട്ടായ്മ തുടങ്ങി ചെറുവത്തൂരിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ചെറുവത്തൂരില്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്. സമരം നടത്തുന്ന സിഐടിയു പ്രവര്‍ത്തകര്‍ക്ക് എല്ലാവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

പാര്‍ടി ഇത്രയും വലിയ ഊരാക്കുടുക്കില്‍പെട്ടിട്ടും മദ്യശാലയുടെ കാര്യത്തില്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കുന്നത് ബാര്‍ മുതലാളിക്ക് വേണ്ടിയാണെന്ന് കുറ്റപ്പെടുത്തലും എല്ലാ പോസ്റ്ററുകളിലും ഉണ്ട്. അതിനിടെ മദ്യശാല വിവാദം കത്തിപ്പടരുമ്പോഴും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ മൗനവും ചര്‍ച്ചാവിഷയമാവുകയാണ്. സിപിഎമിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാറുള്ള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബിജെപി എന്നീ പാര്‍ടികള്‍ ഇതുവരെയും നയം വ്യക്തമാക്കിയിട്ടില്ല.

കോണ്‍ഗ്രസും ലീഗും മദ്യശാല വേണമോ, വേണ്ടയോ എന്ന കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ലെങ്കിലും സിപിഎമിനെ അടിക്കാന്‍ കിട്ടിയ വടി ഉപയോഗിക്കാത്തതില്‍ സജീവ പ്രവര്‍ത്തകര്‍ നിരാശയിലാണ്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് എല്ലാ നിയമങ്ങളും അനുമതിയും തേടിയ ശേഷം കണ്‍സ്യൂമര്‍ ഫെഡ് മദ്യശാല തുറന്നത്. അധികമാരും അറിയാതിരുന്നിട്ടും ഒമ്പത് ലക്ഷം രൂപയുടെ റെകോര്‍ഡ് വില്‍പനയും ഒറ്റദിവസം കൊണ്ട് നേടാന്‍ കഴിഞ്ഞു.

ചുമട്ടുതൊഴിലാളികള്‍, ഓടോറിക്ഷ തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവരടക്കം മദ്യശാലയെ സ്വാഗതം ചെയ്യുകയാണ്. സ്‌റ്റോക് ചെയ്ത അരക്കോടിയോളം രൂപയുടെ മദ്യം ഇപ്പോഴും പൂട്ടിയ മദ്യശാലയ്ക്കകത്തു തന്നെയാണ്. മദ്യത്തിന്റെ സ്റ്റോകെടുപ്പ് നടത്താന്‍ കണ്‍സ്യൂമര്‍ഫെഡ് ഉദ്യോഗസ്ഥരും എക്‌സൈസും എത്തിയെങ്കിലും തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടത്താന്‍ കഴിയാതെ തിരിച്ചുപോവുകയായിരുന്നു. ഇതോടെയാണ് സിഐടിയു ഇവിടെ സത്യാഗ്രഹ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മദ്യശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നേരത്തെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവടെയെല്ലാം ഒഴിവാക്കിയാണ് കെട്ടിട ഉടമ കണ്‍സ്യൂമര്‍ഫെഡിന് വാടകയ്ക്ക് കെട്ടിടം വിട്ടുകൊടുത്തത്. കെട്ടിടം വിട്ടുകൊടുത്ത ഉടമ ഇപ്പോള്‍ ത്രിശങ്കു സ്വര്‍ഗത്തിലാണ്.


കണ്‍സ്യൂമര്‍ഫെഡുമായി വാടക കരാര്‍ ഉണ്ടാക്കാനുള്ള ഒരുക്കത്തിനിടെയായിരുന്നു തുറക്കലും അടക്കലും നടന്നത്. വാടകയിനത്തില്‍ കണ്‍സ്യൂമര്‍ഫെഡ് കെട്ടിട ഉടമക്ക് എന്തായാലും പണം കൊടുക്കേണ്ടിവരും. പണം കിട്ടിയില്ലെങ്കിലും കെട്ടിട ഉടമ നിയമപരമായി നീങ്ങാനും സാധ്യതയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും മറ്റും നടക്കാനിരിക്കെ പ്രശ്‌നം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതില്‍ സിപിഎം പ്രവര്‍ത്തകരെല്ലാം കടുത്ത അമര്‍ഷത്തിലാണ്. ഡിവൈഎഫ്‌ഐയുടെ ജനുവരി 20ന് നടക്കുന്ന മനുഷ്യചങ്ങലയോടുപോലും പുറം തിരിഞ്ഞ് നില്‍ക്കുന്ന സമീപനം പോലും പാര്‍ടിയുടെ പല അനുഭാവികളും അംഗങ്ങളും സ്വീകരിക്കുകയാണ്.

Keywords: News, Malayalam, Kasaragod, Kanhangad, Liquor Shop, Consumer Fed, Cheruvathur, Poster war demanding opening of Consumerfed liquor store in Cheruvathur< !- START disable copy paste -->

Post a Comment