Join Whatsapp Group. Join now!
Aster MIMS 10/10/2023

L S Election | കാസര്‍കോട്ട് കരുത്തനായി മാറിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ നേരിടാന്‍ ചുവന്ന മണ്ണില്‍ നിന്നും പി പി ദിവ്യയെത്തുമോ? അതോ എം വി ബാലകൃഷ്ണന്‍ മാസ്റ്ററോ?

ഉണ്ണിത്താന്‍ സിനിമാ സംഘടനയായ 'അമ്മ'യിലെ അംഗം കൂടിയാണ് Kasargod News, CPM, Field, Strong Woman, Kasargod Lok Sabha Constituency, Election, Politics,
/സുബൈര്‍ പള്ളിക്കല്‍

കാസര്‍കോട്: (KasargodVartha) 'ആരാടാ എന്ന് ചോദിച്ചാല്‍ ഞാനാടാ' എന്ന് പറയാന്‍ കോണ്‍ഗ്രസില്‍ ഉശിരുള്ള രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് എതിരായി കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ സി പി എം കരുത്തയായ ഒരു വനിതയെ തന്നെ രംഗത്തിറക്കുമെന്ന് ഏതാണ്ട് ഉറപ്പായി. സി പി എമ്മിന്റെ യുവരക്തവും കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡണ്ടുമായ പി പി ദിവ്യയെയാണ് സി പി എം മനസ്സില്‍ കാണുന്നതെന്നാണ് വിവരം.

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കല്യാശേരി മണ്ഡലത്തിലെ ഇരിണാവ് സ്വദേശിനിയാണ് പി പി ദിവ്യ. നിലവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡണ്ടാണ് ദിവ്യ. ഇതിനകം തന്നെ ദിവ്യ ജനപ്രതിനിധിയെന്ന നിലയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ രാജ്മോഹന്‍ ഉണ്ണിത്താനെ, മണ്ഡലത്തിലെ തന്നെ ഒരു വനിതയെ ഇറക്കി കൈവിട്ടുപോയ കാസര്‍കോട് ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാനാണ് സി പി എമ്മിന്റെ നീക്കം.

കഴിഞ്ഞ തവണ സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കല്യാശ്ശേരി, പയ്യന്നൂര്‍, എന്നിവിടങ്ങളില്‍ സി പി എമ്മിന് വന്‍ തോതിലുള്ള വോട് ചോര്‍ച സംഭവിച്ചിരുന്നു. ഇത് മറികടക്കുകയെന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് പി പി ദിവ്യയെ ഇറക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നത്.

അതേസമയം സി പി എം കാസര്‍കോട് ജില്ലാ സെക്രടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ പ്രമുഖ നേതാവ് പി ജയരാജന്‍ എന്നിവരുടെ പേരുകളും സി പി എമ്മിന്റെ പരിഗണനാ ലിസ്റ്റിലുണ്ടെന്നാണ് വിവരം. പി ജയരാജനെ കഴിഞ്ഞ തവണ വടകരയില്‍ കെ മുരളീധരനെ നേരിടാന്‍ ഇറക്കിയിരുന്നുവെങ്കിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

സി പി എമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിന് അനഭിമതനായി മാറിയ പി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രടറിയായിരിക്കെയാണ് വടകരയില്‍ സ്ഥാനാര്‍ഥിയായത്. ജില്ലാ സെക്രടറിയായി എം വി ജയരാജനെ നിയമിച്ചുകൊണ്ടാണ് പി ജയരാജനെ വടകരയില്‍ മത്സരിക്കാന്‍ നിയോഗിച്ചത്. പി ജയരാജനെ ഒതുക്കുകയെന്ന ലക്ഷ്യം കൂടി ഈ നീക്കത്തിന്റെ പിന്നിലുണ്ടെന്ന ആക്ഷേപവും അന്ന് പാര്‍ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു.

പി പി ദിവ്യയെ കാസര്‍കോട്ട് ഇറക്കിയാല്‍ പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളായ പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ വലിയ ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നാണ് സി പി എമ്മിന്റെ പ്രതീക്ഷ. പാര്‍ടിക്ക് ശക്തമായ സ്വാധീനമുള്ള തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, മണ്ഡലങ്ങളിലെ ഭൂരിപക്ഷം വോടുകൂടി ചേര്‍ത്താല്‍ വിജയസാധ്യത ഉണ്ടെന്നുള്ള തിരിച്ചറിവും സി പി എമ്മിനുണ്ട്. കാസര്‍കോട് മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ എല്ലാകാലത്തും സി പി എം മൂന്നാം സ്ഥാനത്താണ് എത്താറുളളത്. അതുകൊണ്ട് തന്നെ ഈ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കിട്ടുമെന്ന് സി പി എമ്മിന് ഒട്ടും പ്രതീക്ഷയില്ല.

നിലവില്‍ ജില്ലാ പഞ്ചായത് പ്രസിഡണ്ട് സ്ഥാനത്തോടൊപ്പം സി പി എം കണ്ണൂര്‍ ജില്ലാ കമിറ്റിയംഗം, ഡി വൈ എഫ് ഐ കേന്ദ്രകമിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂടീവ് കമിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ്. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞടുപ്പില്‍ ജില്ലാ പഞ്ചായതിലെ കല്യാശേരി ഡിവിഷനില്‍നിന്ന് 22,430 എന്ന വന്‍ഭൂരിപക്ഷത്തേടെയാണ് ദിവ്യ തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡണ്ടാവുകയും ചെയ്തത്. ചുവന്ന മണ്ണില്‍നിന്നും ദിവ്യ എത്തിയാല്‍ ഇത്തവണ കാസര്‍കോട് ലോക്‌സഭാമണ്ഡലത്തിലെ പോരാട്ടം കനക്കും.

അതേസമയം കൊല്ലത്തുനിന്നെത്തി ആദ്യതവണ എം പിയായ ശേഷം രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇപ്പോള്‍ ഒരു തനി കാസര്‍കോട്ടുകാരന്‍ ആയി മാറിയിട്ടുണ്ട്. കാസര്‍കോട് തന്നെ വീടെടുത്ത് താമസിക്കുന്ന ഉണ്ണിത്താന്‍ കുടുംബവീട്ടില്‍ പോകുന്നതുപോലും പേരിനുമാത്രമാണ്. മണ്ഡലത്തിലെ മുക്കിലും മൂലയിലും എല്ലാ ഔദ്യോഗിക പരിപാടികളിലും പാര്‍ടി പരിപാടികളിലും മറ്റ് വിശേഷ സന്ദര്‍ഭങ്ങളിലും ഉണ്ണിത്താന്‍ മണ്ഡലത്തിലെ ജനങ്ങളിലെ ഒരാളായിതന്നെ മാറിയിട്ടുണ്ട്.

എന്നും സി പി എമ്മിനെ പിന്തുണച്ചുവന്നിരുന്ന കാസര്‍കോട് ലോക്സഭാ മണ്ഡലം ഇടയ്ക്ക് മാത്രം യു ഡി എഫിനെ തുണച്ചിരുന്നു. ആ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ സിറ്റിങ് എം പിയായ ഉണ്ണിത്താന്റെ പേരല്ലാതെ മറ്റൊന്ന് കേള്‍ക്കാനില്ല.

കെ എസ് യുവിലൂടെയും പിന്നീട് യൂത് കോണ്‍ഗ്രസിലൂടെയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നാവായി മാറിയ ഉണ്ണിത്താന് ആദ്യവിജയം നല്‍കിയ കാസര്‍കോടിനെ ഏതു ചടങ്ങിലും അദ്ദേഹം തന്നെ ഓര്‍മപ്പെടുത്താറുണ്ട്. 2015-2016 വര്‍ഷങ്ങളില്‍ സംസ്ഥാന ചലച്ചിത്ര കോര്‍പറേഷന്റെ ചെയര്‍മാനായിരുന്ന ഉണ്ണിത്താന്‍ പിന്നീട് 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ സി പി എം നേതാവായ കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിക്കുകയും 10,055 എന്ന കുറഞ്ഞ ഭൂരിപക്ഷത്തിലേക്ക് മാറിയതോടെ ഉണ്ണിത്താന്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രവുമായി മാറി.

2015ല്‍ കെ പി സി സിയുടെ ജെനറല്‍ സെക്രടറിയായ അദ്ദേഹം 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ മത്സരിച്ചെങ്കിലും സി പി എമ്മിലെ ജെ മേഴ്സിക്കുട്ടിയമ്മയോട് പരാജയപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടുകാരനായ സി പി എം മുന്‍ ജില്ലാ സെക്രടറി കെ പി സതീശ് ചന്ദ്രനെ 40438 വോടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 35 വര്‍ഷത്തിന് ശേഷം കാസര്‍കോട്ടെ എം പിയായി മാറിയത്.


ഏറ്റവുമൊടുവില്‍ 1984-ല്‍ ആണ് ഐ രാമറൈയിലൂടെയാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന് ലഭിച്ചത്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ കന്നടഭാഷാ ന്യൂനപക്ഷം വോടുകള്‍ വന്‍ തോതില്‍ ലഭിച്ചതാണ് രാമറൈയെ അന്ന് വിജയത്തിലേക്ക് നയിച്ചത്. ചാനല്‍ ചര്‍ചകളിലൂടെ എതിരാളികളുടെ വാദമുഖങ്ങളെല്ലാം ഖണ്ഡിക്കാന്‍ അപാരകഴിവുള്ള ഉണ്ണിത്താനെ കഴിഞ്ഞ തവണ കാസര്‍കോട്ടെ ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്‍കി നെഞ്ചേറ്റുകയായിരുന്നു. ഇന്നും ഉണ്ണിത്താന് മണ്ഡലത്തില്‍ അതേ സ്വീകാര്യത ഉണ്ടെന്നും അടുത്ത കാലത്തൊന്നും കാസര്‍കോട് മണ്ഡലം സി പി എമ്മിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഔദ്യോഗികമായി സ്ഥാനാര്‍ഥിയാകുന്നതിന് മുമ്പ് തന്നെ ഉണ്ണിത്താന്‍ തന്റെ പ്രവര്‍ത്തനം മണ്ഡലത്തില്‍ ഒന്നുകൂടി ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരുപതോളം സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഉണ്ണിത്താന്‍ സിനിമാ സംഘടനയായ 'അമ്മ'യിലെ അംഗം കൂടിയാണ്.

അതേ സമയം ബി ജെ പി ആകട്ടെ ബി ക്ലാസ് മണ്ഡലമായി കരുതുന്ന കാസർകോട്ട് ആരെ സ്ഥാനാർത്ഥിയാക്കുമെന്ന കാര്യത്തിൽ ആലോചനകൾ തുടങ്ങിയിട്ടില്ല. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രിക്ക് ആയിരിക്കും നറുക്ക് വീഴാൻ സാധ്യത.

Keywords: News, Kerala, Kerala-News, Politics, Top-Headlines, Kasaragod-News, Kasargod News, CPM, Field, Strong Woman, Kasargod Lok Sabha Constituency, Election, Politics, Party, Political Party, PP Divya, Balakrishnan Master, CPM, Congress, P Jayarajan, Secretary, CPM will field strong woman in Kasaragod Lok Sabha constituency Election.

Post a Comment