Join Whatsapp Group. Join now!
Aster MIMS 10/10/2023

Mysore Trip | കുടുംബവുമൊത്ത് യാത്ര പോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ? മൈസൂരിലേക്ക് വിട്ടാലോ, പ്രധാന കാഴ്ചകളെ കുറിച്ച് അറിയാം

രാജഭരണ കാലത്തെ നിരവധി കെട്ടിടങ്ങള്‍ ഇവിടെയുണ്ട് Mysore Palace, Tourist Place, Garden, Zoom, Kerala News
കൊച്ചി: (KasargodVartha) വെകേഷന്‍ സമയങ്ങളില്‍ കുടുംബവുമൊത്ത് യാത്ര പോകുന്നത് പതിവാണ്. എവിടെ പോകണം, ഏതൊക്കെ കാഴ്ചകള്‍ കാണണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കുടുംബാംഗങ്ങളെല്ലാവരും ചര്‍ച ചെയ്താണ് തീരുമാനിക്കുന്നത്. കാഴ്ചകള്‍ക്ക് പറ്റിയ സ്ഥലങ്ങളെ കുറിച്ച് ഗൂഗിളില്‍ തപ്പി നോക്കുകയും ചെയ്യും.

ഗൂഗിളില്‍ തപ്പിയിട്ടും എവിടെ പോകണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകുന്നില്ലെങ്കില്‍ മൈസൂരിലേക്ക് വിട്ടോ. കുടുംബവുമായി യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലമാണി ഇവിടം. ഒരുപാട് സ്ഥലങ്ങളാണ് മൈസൂരുവില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ദേശീയ ഉദ്യാനങ്ങളും രാജകൊട്ടാരങ്ങളും കോട്ടകളും അണക്കെട്ടും മൃഗശാലയും തടാകങ്ങളും പക്ഷിസങ്കേതവുമെല്ലാം ഒറ്റയാത്രയില്‍ തന്നെ കാണാന്‍ കഴിയും.

Best Places to Visit in & around Mysore, Karnataka, Mysore, News, Mysore Palace, Tourist Place, Garden, Zoom, Wild Animals, Temple, Kerala News
 

മൂന്ന് ദിവസങ്ങളിലായി വേണം മൈസൂര്‍ യാത്ര പ്ലാന്‍ ചെയ്യാന്‍. ഒരു ദിവസം മൈസൂരുവിലേക്ക് എത്തുന്നതിനും മറ്റ് രണ്ട് ദിവസം മൈസൂരുവിലെ പ്രദേശങ്ങള്‍ ചുറ്റിക്കറങ്ങുന്നതിനും. മൈസൂരുവിലെത്തിയാല്‍ ആദ്യ ദിവസം നഗരത്തിലെ കൊട്ടാരം, മൃഗശാല, സെന്റ് ഫിലോമിനാസ് ചര്‍ച്, ചാമുണ്ടി ഹില്‍സ്, ചാമുണ്ടി ക്ഷേത്രം എന്നീ പ്രദേശങ്ങള്‍ ചുറ്റിക്കാണാം.

അടുത്ത ദിവസം ശ്രീരംഗപണം, ദരിയ ദൗലത്ത് കൊട്ടാരം, രംഗനതി പക്ഷി സങ്കേതം, ബൃന്ദാവന്‍ ഗാര്‍ഡന്‍, കൃഷ്ണരാജ സാഗര്‍ ഡാം എന്നിവിടങ്ങളിലെ കാഴ്ചകളും കാണാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ് ഇവിടുത്തെ കാഴ്ചകള്‍. ഇതുവരെ ഇവിടേക്ക് വന്നിട്ടില്ലാത്തവര്‍ ഒരിക്കലെങ്കിലും വന്ന് കാഴ്ചകള്‍ ആസ്വദിക്കേണ്ടതാണ്.

കൊട്ടാരങ്ങളുടെ നാടാണ് മൈസൂര്‍ എന്നാണ് പറയാറുള്ളത്. രാജഭരണ കാലത്തെ നിരവധി കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. ഇവയില്‍ മിക്കതിലും ഇപ്പോള്‍ സര്‍കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. മൈസൂര്‍ കൊട്ടാരമാണ് പ്രദേശത്തെ പ്രധാന ആകര്‍ഷണം. ഇതു കൂടാതെ ജഗന്‍മോഹന്‍ കൊട്ടാരം, വിജയലക്ഷ്മി കൊട്ടാരം, ലളിത മഹല്‍, രാജേന്ദ്ര വിലാസ്, ചെലുവമ്പ, കരഞ്ചി വിലാസ് എന്നിങ്ങനെ ആറ് കൊട്ടാരങ്ങള്‍ കൂടി മൈസൂരുവിലുണ്ട്.

മൈസൂര്‍ യാത്രയിലെ പ്രധാന കാഴ്ചകളെ കുറിച്ച് അറിയാം

*മുതുമല, ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനം

മൈസൂരുവിലേക്കുള്ള യാത്ര വയനാട് വഴിയാണെങ്കില്‍ മുതുമല, ബന്ദിപ്പൂര്‍ എന്നീ രണ്ട് ദേശീയ ഉദ്യാനങ്ങള്‍ കാണാനുള്ള അവസരം ലഭിക്കും. ഈ രണ്ട് സ്ഥലങ്ങളിലും നിരവധി വന്യ മൃഗങ്ങളെയും കാണാം. കടുവ, ആന, മാന്‍, കാട്ടു പോത്ത് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കാണുന്നത്. ഒറ്റയടിക്ക് ആസ്വാദ്യകരമായ ഇത്രയും കാഴ്ചകള്‍ കാണാന്‍ കഴിയും.

ഗൂഡല്ലൂരില്‍ നിന്ന് ഗുണ്ടല്‍പ്പേട്ട് എത്തുന്നതു വരെയാണ് ഈ രണ്ട് ദേശീയ ഉദ്യാനങ്ങളും സ്ഥിതിചെയ്യുന്നത്. മുതുമല തമിഴ്നാടിന്റെ കീഴിലും ബന്ദിപ്പൂര്‍ കര്‍ണാടകത്തിന്റെ പരിധിയിലുമാണ് സ്ഥിതി ചെയ്യുന്നത്.

പ്രത്യേകമായി ട്രെകിംഗ് നടത്താതെ തന്നെ നല്ല കാഴ്ച സമ്മാനിക്കാന്‍ മൈസൂരുവിലേക്കുള്ള ഈ വഴിയിലൂടെ സാധിക്കുന്നു. ദേശീയ ഉദ്യാനമായതുകൊണ്ടു തന്നെ രാത്രിയില്‍ ഈ വഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കുണ്ട്. പകല്‍ സമയത്ത് മാത്രമാണ് ഇതിലൂടെ വാഹനങ്ങള്‍ കടത്തിവിടുക.

*മൈസൂര്‍ പാലസ്


മൈസൂരുവിലെ ആദ്യ ദിവസത്തെ യാത്ര മൈസൂര്‍ കൊട്ടാരത്തില്‍ നിന്നു തന്നെ ആരംഭിക്കാവുന്നതാണ്. മൈസൂര്‍ ഭരിച്ചിരുന്ന വാഡിയാര്‍ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു മൈസൂര്‍ കൊട്ടാരം. അംബാ വിലാസ് എന്നാണ് ഇത് പ്രാദേശികമായി അറിയപ്പെടുന്നത്. 14-ാം നൂറ്റാണ്ടിലാണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് പല കാലഘങ്ങളിലായി പുതുക്കിപ്പണിതു.

ഇന്‍ഡോ സാര്‍സനിക് വാസ്തു ശൈലിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി മാര്‍ബിളിലാണ് പണികള്‍ അധികവും തീര്‍ത്തിരിക്കുന്നത്. ചുവരുകള്‍ ചിത്രപ്പണികള്‍ ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. കൊട്ടാരത്തിന് ചുറ്റും വലിയൊരു ഉദ്യാനവുമുണ്ട്. സമീപത്തു തന്നെയുള്ള പഴയ കൊട്ടാരം ഇന്ന് മ്യൂസിയമാണ്. ഇവിടെ രാജഭരണ കാലത്തെ ആയുധങ്ങള്‍, പല്ലക്കുകള്‍, വസ്ത്രങ്ങള്‍ എന്നിവ സൂക്ഷിച്ചിരിക്കുന്നു. മൈസൂര്‍ നഗരത്തില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ദൂരത്തിലാണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്.

* മൈസൂര്‍ മൃഗശാല

മൈസൂര്‍ കൊട്ടാരത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ നീങ്ങിയാല്‍ കാണാടകയിലെ പ്രശസ്തമായ മൃഗശാലയിലെത്താം. ശ്രീ ചാമരാജേന്ദ്ര സുവോളജികല്‍ ഗാര്‍ഡന്‍ എന്നാണ് ഈ മൃഗശാല അറിയപ്പെടുന്നത്. ഇന്‍ഡ്യയിലെ തന്നെ പഴക്കമേറിയ മൃഗശാലകളില്‍ ഒന്നായ ഇവിടെ 1450 ഓളം വിഭാഗങ്ങളിലുള്ള ജീവി വര്‍ഗങ്ങളുണ്ട്. 157 ഏകറിലായാണ് മൃഗശാല സ്ഥിതിചെയ്യുന്നത്.

സെന്റ് ഫിലോമിനാസ് ചര്‍ച്

മൈസൂര്‍ മൃഗശാലയില്‍ നിന്ന് രണ്ടര കിലോമീര്‍ യാത്ര ചെയ്താല്‍ സെന്റ് ഫിലോമിനാസ് ചര്‍ചിലെത്താം. 1936ല്‍ പണികഴിപ്പിച്ച ഈ പള്ളി കല്ലുകൊണ്ട് പണി തീര്‍ത്തതാണ്. ജര്‍മന്‍ കൊളോണിയല്‍ മാതൃകയിലാണ് നിര്‍മാണം. പെയിന്റ് ചെയ്ത ഗ്ലാസുകളും ദീപങ്ങളും കൊണ്ട് മനോഹരമാണ് ഈ പള്ളി.

*ചാമുണ്ടി ഹില്‍സ്

മൈസൂരുവില്‍ നിന്ന് 13.5 കിലോമീറ്റര്‍ യാത്രചെയ്താല്‍ ചാമുണ്ടി ഹില്‍സിലെത്താം. ഇവിടെ നിന്നാല്‍ മൈസൂര്‍ നഗരത്തിന്റെ വിശാലമായ ദൃശ്യം തന്നെ കാണാന്‍ സാധിക്കും. ഈ മലയുടെ മുകളിലാണ് പ്രസിദ്ധമായ ചാമുണ്ടേശ്വരി ക്ഷേത്രമുള്ളത്.

* രംഗനതിട്ട പക്ഷി സങ്കേതം

ശ്രീരംഗപണത്തിന് നാലര കിലോമീറ്റര്‍ അകലെയാണ് രംഗനതിട്ട പക്ഷി സങ്കേതമുള്ളത്. കാവേരി നദിക്കു കുറുകെ തടയണ നിര്‍മിച്ചപ്പോള്‍ ഉണ്ടായ ചെറു ദ്വീപുകള്‍ ചേരുന്നതാണ് ഈ പക്ഷി സങ്കേതം. നദിയിലൂടെ പക്ഷികളെയും കണ്ടുള്ള ബോടു സവാരിയും സഞ്ചാരികളെ ഇങ്ങോട്ട് അടുപ്പആകര്‍ഷിക്കുന്നു.

* വൃന്ദാവന്‍ ഗാര്‍ഡന്‍

രംഗനതി പക്ഷി സങ്കേതത്തില്‍ നിന്നും 17 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ എത്തിച്ചേരാം. ഇതിന് സമീപത്ത് തന്നെയാണ് കൃഷ്ണരാജ സാഗര്‍ ഡാം സ്ഥിതി ചെയ്യുന്നത്. 60 ഏകറിലായി പരന്നു കിടക്കുന്നതാണ് വൃന്ദാവന്‍ ഉദ്യാനം. ഇതിന് സമീപത്തായുള്ള തടാകത്തില്‍ ബോടിംഗിനുള്ള സൗകര്യവുമുണ്ട്.

* ശ്രീരംഗപണം

മൈസൂരുവിലെ രണ്ടാമത്തെ ദിവസത്തെ യാത്ര ശ്രീരംഗപണത്തേക്ക് വിടാം. മൈസൂരുവില്‍ നിന്ന് 19 കിലോമീറ്റര്‍ ദൂരമുണ്ട് ശ്രീരംഗപണത്തേക്ക്. ടിപ്പുവിന്റെ വേനല്‍ക്കാല വസതിയായിരുന്ന ദരിയ ദൗലത്ത് കൊട്ടാരം ഇവിടെയാണുള്ളത്. വലിയൊരു പൂന്തോട്ടത്തിന്റെ നടുവിലായ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം ഇപ്പോള്‍ ടിപ്പുവിന്റെ ജീവചരിത്രം പറയുന്ന മ്യൂസിയമാണ്.

ടിപ്പുവിന്റെ വസ്ത്രങ്ങള്‍, ആയുധങ്ങള്‍, നാണയങ്ങള്‍ എന്നിവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. കൊട്ടാരത്തിന് സമീപത്ത് തന്നെയാണ് ടിപ്പുസുല്‍ത്താന്റെയും പിതാവ് ഹൈദരലിയുടെയും ശവകുടീരങ്ങള്‍ ഉള്ളത്.

ഇവിടെനിന്ന് കുറച്ചദൂരം കൂടി യാത്രചെയ്താല്‍ ടിപ്പു സുല്‍ത്താന്‍ മരിച്ച സ്ഥലത്ത് എത്താം. ക്യാപ്റ്റന്‍ ബെയിലീസ് ഡങ്കന്‍ എന്നറിയപ്പെടുന്ന ഭൂഗര്‍ഭ ജയിലുള്ളത് ഇവിടെയാണ്. ടിപ്പു മരിച്ചുകിടന്ന സ്ഥലം ഇതാണെന്ന് കാണിക്കുന്ന ഒരു ഫലകം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

*യാത്രാ വിവരങ്ങള്‍

എറണാകുളത്തുനിന്നും ദേശീയ പാത 66 വഴി തൃശൂര്‍- കോഴിക്കോട്- വയനാട് - മുതുമല- ബന്ദിപ്പൂര്‍ - ഗുണ്ടല്‍പേട്ട് വഴി മൈസൂരുവിലേക്ക് 377 കിലോമീറ്റര്‍ ദൂരം.

എറണാകുളത്തുനിന്നും ദേശീയ പാത 544 വഴി ചാലക്കുടി -പാലക്കാട് -കോയമ്പത്തൂര്‍ വഴി മൈസൂരുവിലേക്ക് 383 കിലോമീറ്റര്‍ ദൂരം.

തിരുവനന്തപുരത്തുനിന്നും ദേശീയ പാത 66 വഴി കൊച്ചി- തൃശൂര്‍- കോഴിക്കോട് - വയനാട്- മുതുമല- ബന്ദിപ്പൂര്‍- ഗുണ്ടല്‍പേട് വഴി മൈസൂരുവിലേക്ക് 583 കിലോമീറ്റര്‍ ദൂരം.

അടുത്തുള്ള വിമാനത്താവളം: മൈസൂര്‍ 11 കിലോമീറ്റര്‍ ദൂരം.

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: മൈസൂര്‍ ജന്‍ക്ഷന്‍ മൂന്ന് കിലോമീറ്റര്‍ ദൂരം.

Keywords: Best Places to Visit in & around Mysore, Karnataka, Mysore, News, Mysore Palace, Tourist Place, Garden, Zoom, Wild Animals, Temple, Kerala News.

Post a Comment