Join Whatsapp Group. Join now!
Aster MIMS 10/10/2023

Traffic Problem | കാസർകോട് നഗരത്തിൽ അടിമുടി ട്രാഫിക് പരിഷ്കരണം നടപ്പിലാക്കും; റെഗുലേറ്ററി കമിറ്റി എം ജി റോഡിൽ പരിശോധന നടത്തി; നല്ല നഗരം ലക്ഷ്യമെന്ന് മുൻസിപൽ ചെയർമാൻ

തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നടപടി തുടരുന്നു Traffic, Municipal Chairman, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍

കാസർകോട്:  (KasargodVartha) നഗരത്തിൽ അടിമുടി ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ട്രാഫിക്  റെഗുലേറ്ററി കമിറ്റി എം ജി റോഡിൽ പരിശോധന നടത്തി. നല്ല നഗരം എന്ന ലക്ഷ്യം പ്രവർത്തികമാക്കുന്നതിന് വേണ്ടിയാണ് പരിശോധന നടത്തിയതെന്നും ഇക്കാര്യത്തിൽ ആവശ്യമായ കൂടിയാലോചനകളും ചർച്ചകളും നടത്തിയ ശേഷം തീരുമാനം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ കാസർകോട് വാർത്തയോട് പറഞ്ഞു.

  


പുതിയ ബസ് സ്റ്റാൻഡ് സമീപത്തെ സിറ്റി ടവർ മുതൽ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ട്രാഫിക് ജൻക്ഷൻ വരെ പരിഷ്‌കാരം നടപ്പാടിലാക്കാനാണ് തീരുമാനം. നിലവിലുള്ള ഓടോറിക്ഷ - ടാക്സി പാർകിങ്ങിന് പ്രത്യേക സ്ഥലം കണ്ടെത്താനും സ്വകാര്യ വാഹനങ്ങളുടെ പാർകിംഗ് ക്രമപ്പെടുത്താനും ഇതുവഴി ഗതാഗത തടസം ഒഴിവാക്കാനുമാണ് ആലോചിക്കുന്നത്. ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ, പൊലീസ്, ട്രാഫിക് പൊലീസ്, ആർ ടി ഒ, പി ഡബ്ള്യു ഡി, വിലേജ് ഉദ്യോഗസ്ഥർ ചേർന്നാണ് ആവശ്യമായ പരിശോധനകൾ നടത്തിയത്. ജനങ്ങളും വ്യാപാരികളും ഇക്കാര്യത്തിൽ പരമാവധി സഹകരണ മനോഭാവവും വിട്ടുവീഴ്ചയും  സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാൻ അഭ്യർഥിച്ചു. 

 


കേരളത്തിൽ ആദ്യമായി തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിച്ച നഗരസഭയാണ് കാസർകോടെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ടൗണിന്റെ വിവിധ ഭാഗങ്ങളിലായി 154 ഓളം തെരുവ് കച്ചവടക്കാരാണുള്ളത്. ടൗണിൽ തന്നെ 70 നടുത്ത് തെരുവ് കച്ചവടക്കാർ ഉണ്ടെന്നാണ് കണക്ക്. അതനുസരിച്ച് 54 സ്റ്റാളുകൾ നിർമിച്ച് പുതിയ ബസ് സ്റ്റാൻഡിൽ ഒരുവശത്ത് ആർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഇവരെ പുനരധിവസിപ്പിക്കാനാണ് തീരുമാനവുമായി മുന്നോട് പോയത്. സ്റ്റാളുകൾ സ്ഥാപിക്കാനുള്ള തുക അനുവദിക്കുകയും മറ്റ് നടപടി ക്രമങ്ങളും കഴിഞ്ഞപ്പോഴാണ് വ്യാപകമായ രീതിയിൽ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും എതിർപ്പ് നേരിടേണ്ടി വന്നത്. 

കുറേകാലം അവരുമായി ചർച്ച ചെയ്ത് എതിർപ്പ് ഇല്ലാതാക്കാനുള്ള ശ്രമം നടത്തി. പക്ഷേ, കഴിഞ്ഞ ഭരണസമിതിയുടെ സമയത്ത് പദ്ധതി തുടങ്ങാനുള്ള സാധ്യത ഇല്ലാത്ത സാഹചര്യം വന്നു. പുതിയ ഭരണസമിതി ബസ് ഉടമകളുമായും തൊഴിലാളികളുമായും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ അവസാനം നീക്കുപോക്കിന് തയ്യാറായി. തുടർന്ന് ബസ് പാർക് ചെയ്യുന്നതിനും മറ്റും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ 28 സ്റ്റാളുകൾ നിർമിക്കാൻ തീരുമാനിച്ചു. ഇതിനായി പദ്ധതി റിവൈസ് ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. കൂടാതെ വീണ്ടും എതിർപ്പുകൾ ഉണ്ടാവുകയും അത് പരിഹരിക്കേണ്ടിയും വന്നു. 

ഒടുവിൽ പണി തുടങ്ങാൻ ഒരുങ്ങുമ്പോഴാണ് കെട്ടിടത്തിന് വീണ്ടും മാറ്റങ്ങൾ വേണമെന്ന അഭിപ്രായം വന്നത്. നഗരസഭ സിവിൽ ജോലികളാണ് ചെയ്യുന്നത്. വൈദ്യുതി ജോലികൾ പി ഡബ്ല്യൂ ഡി ഇലക്ട്രികൽ വിഭാഗവും വെള്ളം കണക്ഷൻ ജല അതോറിറ്റിയുമാണ് കൈകാര്യം ചെയ്യുന്നത്. ഇവയൊക്കെ യോജിപ്പിച്ച് നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ട് പോകുമ്പോഴാണ് പദ്ധതിയിൽ കാലതാമസമുണ്ടായത്. ഇപ്പോൾ പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയായി. 20 ശതമാനം ഇനിയും ബാക്കിയുണ്ട്. ഇത് പൂർത്തിയായ ശേഷം മാത്രമേ അവരെ പുനരധിവസിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും ചെയർമാൻ വ്യക്തമാക്കി.

അതേസമയം, നഗരത്തിലെ പല കെട്ടിടങ്ങളുടെയും പാർകിംഗ് മൈതാനങ്ങൾ കച്ചവട സ്ഥാപനമായി പ്രവർത്തിപ്പിക്കുന്നതായുള്ള പരാതികളിൽ നടപടിയുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യാപാര സ്ഥാപനങ്ങൾ പാർകിംഗ് സ്ഥലങ്ങൾ ക്രമീകരിച്ചാൽ തന്നെ ഒരു പരിധി വരെ നഗരത്തിലെ ഗതാഗത തടസം പരിഹരിക്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 

ഇതുകൂടാതെ നഗരത്തിലെത്തുന്ന മിക്ക വാഹനങ്ങളും റോഡരികിൽ അലക്ഷ്യമായും ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലുമാണ് പാർക് ചെയ്യുന്നത്. വ്യാപാര സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും വാഹനങ്ങളും നഗരത്തിലെത്തുന്ന മറ്റുള്ളവരുടെയും വാഹനങ്ങൾ കൊണ്ട് മിക്ക സമയങ്ങളിലും ഗതാഗത തടസമാണ് ഉണ്ടാകുന്നത്. നഗരത്തിലെ ചില റോഡുകൾ വൺവേ ആക്കി മാറ്റിയാൽ ഗതാഗത തടസത്തിന് അൽപം ആശ്വാസമാകുമെന്നും റെഗുലേറ്റർ കമിറ്റി വിലയിരുത്തി.

Keywords: News, Top-Headlines,News-Malayalam ,kasaragod,Kasaragod-News, Kerala, Traffic, Municipal Chairman, Malayalam News,  Traffic reforms will be implemented in Kasaragod city


Post a Comment