Join Whatsapp Group. Join now!
Aster MIMS 10/10/2023

Investigation | മുസ്ലിം ലീഗ് നേതാവിനെ പട്ടാപ്പകല്‍ മുഖംമൂടി സംഘം വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ അന്വേഷണം ഊര്‍ജിതം; 2 പേര്‍ കസ്റ്റഡിയില്‍; പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി സിദ്ദീഖ്; പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു

സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു Investigation, Complaint, കാസറഗോഡ് വാർത്തകൾ, Malayalam News, Crime
കാസര്‍കോട്: (KasargodVartha) മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് ജെനറല്‍ സെക്രടറിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കല്ലങ്കൈയിലെ സിദ്ദീഖ് ബേക്കലിനെ (52) പട്ടാപ്പകല്‍ മുഖംമൂടി സംഘം വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ അന്വേഷണം ഊര്‍ജ്ജിതമാക്കി. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കറുത്ത പാന്റും, കറുത്ത ടീഷര്‍ട്ടും, കറുത്ത മുഖംമൂടിയുമണിഞ്ഞ് ബൈകിലെത്തിയ രണ്ടംഗസംഘം കല്ലങ്കൈ സ്‌കൂളിന് സമീപം വെച്ച് സിദ്ദീഖ് ഓടിച്ചുവന്ന ബൈകിന് മുന്നില്‍ചാടി കത്തി, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് അക്രമിച്ചുവെന്നാണ് പരാതി.

Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Investigation, Complaint, Crime, Muslim League, Case, Investigation in case of attack on Muslim League leader.

കാലിനും പുറത്തും ഇരുമ്പു ദണ്ഡ് കൊണ്ടുള്ള അടിയേറ്റതായും പിന്നീട് ഇരുമ്പുദണ്ഡ് പിടിച്ചുവാങ്ങി പ്രതിരോധിച്ചതോടെ സംഘം ഓടിപ്പോവുകയും, സമീപത്ത് നിര്‍ത്തിയിട്ട ബൈകില്‍ കടന്നുകളയുകയുമായിരുന്നുവെന്ന് സിദ്ദീഖ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവസ്ഥലത്ത് നിന്ന് ഇരുമ്പുദണ്ഡ് കണ്ടെടുത്തിട്ടുണ്ട്. സംഭവദിവസം രാവിലെ 10.30ന് മൊഗ്രാല്‍പുത്തൂര്‍ അര്‍ജാലിലെ ഒരുവീട്ടില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നതായി സിദ്ദീഖ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

എംഎല്‍എ കൂടി എത്തുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് ഒന്നര മണിവരെ അവിടെ ഉണ്ടായിരുന്നതും പിന്നീട് വീട്ടിലേക്ക് തിരിച്ചുവരും വഴിയാണ് അക്രമമെന്നും അദ്ദേഹം വ്യക്തമാക്കി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായതില്‍ അടുത്തിടെ എസ്ഡിപിഐയുടെ പഞ്ചായത് മെമ്പര്‍ രാജിവെച്ചതുമായി ബന്ധപ്പെട്ടുള്ള വിരോധമാണ് ആക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സിദ്ദീഖ് പറഞ്ഞു. സിപിഎം ബിജെപി തുടങ്ങിയ പാര്‍ടികളുമായി രാഷ്ട്രീയ പരമായ എതിര്‍പ്പ് ഉണ്ടെങ്കിലും ഇവരുമായി മറ്റുതരത്തിലുള്ള വിരോധം ഒന്നും തന്നെയില്ല. എന്നാല്‍ പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകള്‍ക്കെതിരെ ആശയപരമായി സാമൂഹ്യ മാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും ശക്തമായി എതിര്‍ത്തിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ആളെ തിരിച്ചറിയാതിരിക്കാനാണ് അക്രമിസംഘം മുഖംമൂടി അണിഞ്ഞതെന്നും നാട്ടിലുള്ളവരുടെ ഒത്താശയോടെ പുറത്തുള്ളവരായിരിക്കാം അക്രമികളെന്നും സംശയിക്കുന്നു. പ്രതികള്‍ രക്ഷപ്പെട്ട സ്ഥലത്തിന് സമീപം എസ്ഡിപിഐ നേതാവിന്റെ വീടുണ്ടെന്നും ഇദ്ദേഹത്തിന്റെ വീട്ടിലെ സിസിടിവി റോഡിലേക്ക് തിരിച്ചുവെച്ചതാണെന്നും ഈ സിസിടിവി കാമറയില്‍ അക്രമികളും ബൈകും വ്യക്തമായി പതിഞ്ഞിട്ടുണ്ടാകുമെന്നാണ് മുസ്ലിം ലീഗ് നേതാക്കൾ പറയുന്നത്.

എന്നാല്‍ പൊലീസ് ഇത് പരിശോധിക്കാനെത്തിയപ്പോള്‍ രണ്ടുമൂന്നുദിവസം ഒഴിവുകഴിവു പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയും പിന്നീട് പൊലീസെത്തിയപ്പോള്‍ ബാകപില്ലെന്ന് പറഞ്ഞ് അന്വേഷണത്തില്‍ നിഷേധാത്മക സമീപനം പുലര്‍ത്തുകയായിരുന്നുവെന്നും നേതാക്കൾ ആരോപിക്കുന്നു. ഈ കാമറയില്‍ നിന്നും പരിശോധനയില്‍ പൊലീസിന് ഒന്നും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. മറ്റ് സ്ഥലങ്ങളിലെ സിസിടിവിയുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട് പ്രതികള്‍ ഹെല്‍മറ്റ് ധരിച്ചതിനാല്‍ തിരിച്ചറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

അതേസമയം, സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു. സക്രിയമായ സാമൂഹിക രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു എന്നതല്ലാതെ മറ്റൊരു തെറ്റും ചെയ്യാത്തവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് പൈശാചികതയാണ്. ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നാക്രമണമാണിത്. കാസർകോട് പോലെയുള്ള പ്രദേശത്ത് ഭീകരാന്തരീക്ഷത്തിന് വിത്തുപാകാൻ ശ്രമിക്കുന്നവരെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തണം. ഈ കേസിലെ പ്രതികളെ പിടികൂടുന്നതിൽ ഉണ്ടാകുന്ന താമസം പൊതുപ്രവർത്തകരിൽ അരക്ഷിതാബോധം ഉണ്ടാക്കും. പ്രതികളെ ഒട്ടും വൈകാതെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.


Keywords:  Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Investigation, Complaint, Crime, Muslim League, Case, Investigation in case of attack on Muslim League leader.
< !- START disable copy paste -->

Post a Comment