Join Whatsapp Group. Join now!
Aster MIMS 10/10/2023

Swimming | കാസർകോടിന്റെ കായിക മേഖലയ്ക്ക് പുതിയ കരുത്ത്; അക്വാടിക് അകാഡമിയും നീന്തൽ കുളവും നാടിന് സമർപിച്ചു; ഒരുക്കിയിരിക്കുന്നത് 6 ട്രാകുകൾ; പൊതുജനങ്ങള്‍ക്ക് പുതുവർഷം മുതൽ ഉപയോഗിക്കാം

നിർമാണം എച് എ എലിന്റെ സഹായത്തോടെ Swimming Pool, Malayalam News, കാസറഗോഡ് വാർത്തകൾ, Sports
കാസർകോട്: (KasargodVartha) ജില്ലാ ഭരണകൂടവും കാസർകോട് നഗരസഭയും ജില്ലാ സ്പോർട്സ് കൗൺസിലും ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ) സാമൂഹിക സുസ്ഥിരത ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജില്ലാ അക്വാട്ടിക് സ്പോർട്സ് അക്കാദമിയും നീന്തൽ കുളവും നാടിന് സമർപ്പിച്ചു. കാസർകോട് നഗരസഭാ ഭരണ സമിതിയുടെ മൂന്നാം വാർഷിക ദിനത്തിലാണ് വാർഷിക സമ്മാനമായി ജില്ലാ അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സും നീന്തൽ കുളവും നാടിന് സമർപ്പിച്ചത്. 1.72 കോടി രൂപ ചിലവില്‍ വിദ്യാനഗറിൽ നഗരസഭ സ്റ്റേഡിയത്തിനു സമീപം നഗരസഭയുടെ സ്ഥലത്ത് ജില്ലാ നിർമിതി കേന്ദ്രമാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
ജില്ലാ അക്വാറ്റിക് സ്പോർട്സ് അക്കാദമിയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ

നടന്ന ചടങ്ങിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് സി.ഇ.ഒ സജൽ പ്രകാശ് അക്കാദമിയുടെയും നീന്തൽ കുളത്തിന്റെയും താക്കോൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്‌മാന് കൈമാറി. കാസര്‍കോടിന്റെ കായിക മേഖലയ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് സജല്‍ പ്രകാശ് പറഞ്ഞു.

  

ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും ഈ പദ്ധതിയുമായി നഗരസഭയെ സമീപിച്ചപ്പോൾ വലിയ രീതിയിലുള്ള സ്ഥല സൗകര്യം നഗരസഭയ്ക്ക് ഇല്ലാതിരുന്നിട്ടു പോലും നഗരസഭാ സ്റ്റേഡിയത്തിനടുത്ത് പ്രത്യേക സ്ഥലം കണ്ടെത്തി ഈ പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ട് വരികയായിരുന്നു. കാസർകോടിന്റെ പൊതുവായ കാര്യമായി കണ്ടും നീന്തൽ എല്ലാവരും പഠിച്ചിരിക്കേണ്ട കാര്യമായതിനാലും പ്രളയം പോലുള്ള സമയങ്ങളിൽ കേരളത്തിലെ രക്ഷാദൗത്യത്തിന്റെ മുൻ നിരയിൽ നിന്ന മത്സ്യ തൊഴിലാളികളുൾപ്പടെയുള്ളവരുടെയൊക്കെ ത്യാഗസന്നദ്ധതയൊക്കെ മനസ്സിലാക്കിയുമാണ് ഈ പദ്ധതിയുമായി സഹകരിച്ചു മുന്നോട്ട് പോകാൻ നഗരസഭ തീരുമാനം എടുത്തത്.


നേരത്തെ തന്നെ എല്ലാ വാർഷിക പദ്ധതിയിലും നീന്തൽ പരിശീലനം നഗരസഭ ഉൾപ്പെടുത്തിയിരുന്നു. അതിന്റെ തുടർച്ചയെന്നോണം ഈ നീന്തൽ കുളത്തിന്റെ സേവനം കൃത്യമായി ഉപയോഗിക്കപ്പെടുത്തി പുതിയ പദ്ധതികൾ നടപ്പിലാക്കാനാണ് നഗരസഭയുടെ തീരുമാനം. ചടങ്ങിൽ മുഖ്യാതിഥിയായ കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീറിന്റെ സന്ദേശം വേദിയിൽ വായിച്ചു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആർ, കൗൺസിലർമാർ സംബന്ധിച്ചു.


സേവനം പുതുവര്‍ഷത്തില്‍


നിര്‍മ്മാണം പൂര്‍ത്തിയായ നീന്തല്‍ കുളം പുതുവര്‍ഷത്തില്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കും. 25 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ആഴവുമുള്ള നീന്തല്‍ കുളത്തില്‍ ആറ് ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് ഓഫീസ് മുറി സ്ത്രീകള്‍ക്കും പുഷന്‍മാര്‍ക്കും പ്രത്യേകം വസ്ത്രം മാറാനുള്ള സൗകര്യവും ശുചിമുറികളും ഉണ്ട്. വനിതാ പുരുഷ പരിശീലകരുടെ സേവനം ലഭിക്കും. ബി.പി.എല്‍ വിഭാഗത്തില്‍ പെട്ട 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് ചെറിയ ഫീസ് ഈടാക്കിയും സേവനം നല്‍കും.

Keywords:News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Swimming Pool, Malayalam News, Sports, Aquatic Academy and Swimming Pool inaugurated

Post a Comment