കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപോയില്‍ നിന്ന് മംഗ്‌ളൂറിലേക്ക് തിരിക്കുന്ന ബസുകള്‍ കറന്തക്കാട് വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് മംഗ്‌ളൂറിലേക്ക് പോകാറാണ് പതിവ്. എന്നാല്‍ ചില കെഎസ്ആര്‍ടിസി ബസുകള്‍ ഓള്‍ഡ് പ്രസ് ക്ലബ് ട്രാഫിക് ജന്‍ക്ഷന്‍ വഴി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നുണ്ട്. മറ്റു ചില ബസുകളാകട്ടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ കറന്തക്കാട് വഴി നേരെ മംഗ്‌ളൂറിലേക്ക് തിരിക്കുന്നു. ഇതുകാരണം ബസുകള്‍ ഒന്നിച്ചുള്ള ഓട്ടത്തിന് കാരണമാവുന്നുവെന്നാണ് ആക്ഷേപം.
ഇങ്ങനെ ഒന്നിച്ചു വരുന്ന ബസുകള്‍ കുമ്പളയിലെ ഇടുങ്ങിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത് വലിയ തോതില്‍ ഗതാഗത സ്തംഭനത്തിനും കാരണമാവുന്നുണ്ട്. ഒന്നിന് പിറകെ ഒന്നായി ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന ബസുകള്‍ മുന്‍പിലുള്ള ബസുകളോട് സ്റ്റാന്‍ഡ് വിടാന്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കുന്നത് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയാസവും ഉണ്ടാക്കുന്നുവെന്നും പരാതിയുണ്ട്. ഇങ്ങനെ ഹോണ്‍ മുഴക്കുന്നതിനെ ചോദ്യം ചെയ്തതാണ് തിങ്കളാഴ്ച കുമ്പള ബസ് സ്റ്റാന്‍ഡില്‍ അല്‍പനേരം ബസ് ജീവനക്കാരും, യാത്രക്കാരനും വാകേറ്റത്തിനും കയ്യാങ്കളിക്കും വഴിവെച്ചത്.
ബസ് ജീവനക്കാരാണ് ആദ്യം മര്‍ദിച്ചതെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍ ഹോണ്‍ മുഴക്കിയ ഡ്രൈവറെ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന യുവാവ് മര്‍ദിക്കുകയായിരുന്നുവെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ജീവനക്കാര്‍ ബസ് സര്‍വീസ് അവസാനിപ്പിച്ച് യുവാവിനെതിരെ കുമ്പള പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ സമയക്രമം പാലിച്ച് സര്‍വീസ് നടത്തിയാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് യാത്രക്കാരും ടൗണിലെ വ്യാപാരികളും പറയുന്നു. സമയക്രമം തെറ്റിച്ച് ഒന്നിച്ച് ബസുകള്‍ ഓടുന്നത് കാരണം പിന്നീട് 15 മിനിറ്റ് ഓളം ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്നും യാത്രക്കാരും പരാതിപ്പെടുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് പരിഹാര നടപടികള്‍ ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Keywords: News, Malayalam-News, Top-Headlines, Kumbla-News, Kerala News, Kasaragod News, KSRTC News, Allegation that Karnataka RTC buses do not follow schedule.