ആകാശ് തില്ലങ്കേരിയടക്കമുള്ള സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലാക്കിയതോടെയാണ് സിപിഎം പ്രവർത്തകരായ പ്രതികളെ അതീവ സുരക്ഷ സെലിലേക്ക് മാറ്റി കർശന നിയന്ത്രണങ്ങൾ ഏർപെടുത്തിയത്. പെരിയ കേസിൽ പ്രതികളെ വീഡിയോ കോൺഫറൻസ് മുഖേനയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോടതി നടപടികളിൽ ഹാജരാക്കുന്നത്.
നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന പ്രതികൾക്ക് സുഖചികിത്സയും, സുഖവാസവും ലഭിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് സിബിഐ കോടതിയുടെ നിർദേശപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഒന്നാം പ്രതി പീതാംബരനടക്കമുള്ള പ്രതികൾ നാല് വർഷത്തിലേറെയായി ജയിലിലാണ്.
ഒന്നാം പ്രതിക്ക് സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ ആയൂർവേദ ആശുപത്രിയിൽ ഒരു മാസത്തോളം ജയിലധികൃതരുടെയും സിപിഎം നേതാക്കളുടെയും ഒത്താശയോടെ സുഖചികിത്സ നൽകിയെന്ന ആരോപണത്തെ തുടർന്നാണ് പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ആകാശ് തില്ലങ്കേരിയടക്കമുള്ള സിപിഎം പ്രവർത്തകർ വിയ്യൂർ സെൻട്രൽ ജയിലിലായതോടെ പ്രതികളുടെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുളവായതിനെ തുടർന്നാണ് 11 പ്രതികളേയും നാല് വീതം സിസിടിവി ക്യാമറകളുള്ള അതീവ സുരക്ഷാ മുറിയിലേക്ക് മാറ്റിയത്.
കോടതിയിൽ ജാമ്യത്തിലിറങ്ങിയ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡൻ്റ് കെ മണികണ്ഠനടക്കം ഏഴ് പ്രതികൾ കോടതിയിൽ വിചാരണക്ക് ഹാജരായി വരുന്നുണ്ട്. കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളെയും സഹോദരിമാരെയും കോടതി ഇതിനകം വിസ്തരിച്ചു കഴിഞ്ഞു. മറ്റു സാക്ഷികളുടെ വിസ്താരം സിബിഐ കോടതിയിൽ പുരോഗമിക്കുകയാണ്.
Keywords: Kasaragod, Kerala, Periya, Transfer, Accused, Murder, Case, Central Jail, Youth-congress, CBI, Court, CPM, Arrest, Treatment, Complaint, MLA, Top-Headlines, DGP orders transfer of first 11 accused in Periya double murder case to high security cell of Viyyur Central Jail.