കാറ്റഗറി നമ്പർ 260/2020 പ്രകാരമാണ് 2021 ഡിസംബർ 16ന് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഈ ലിസ്റ്റിൽ എസ് ടി വിഭാഗത്തിൽ ഒന്നാം റാങ്ക് നിത്യയ്ക്കും രണ്ടാം റാങ്ക് മിദുലയ്ക്കുമായിരുന്നു. റൊടേഷൻ പ്രകാരം അഡ്വൈസ് ലഭിക്കേണ്ടത് ഇവർക്കായിരുന്നുവെങ്കിലും റാങ്ക് ലിസ്റ്റിൽ നിന്ന് 2022 ജനുവരി 20ന് എസ് സി വിഭാഗത്തിൽ പെട്ട രണ്ട് ഉദ്യോഗാർഥികൾക്കാണ് അഡ്വൈസ് കിട്ടി നിയമനം ലഭിച്ചത്. 2022 ഫെബ്രുവരി എട്ടിന് ഇവർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതേ റാങ്ക് ലിസ്റ്റിലെ എസ് സി വിഭാഗത്തിൽ ഒന്നും രണ്ടും റാങ്ക് നേടിയവരാണ് ഇവർ.
2022 ഡിസംബർ 22ന് ഇതേ റാങ്ക് ലിസ്റ്റിൽ നിന്നും എസ് ടി വിഭാഗത്തിൽ പെട്ട നിത്യയ്ക്കും മിദുലയ്ക്കും പി എസ് സി അഡ്വൈസ് അയച്ചതോടെയാണ് പി എസ് സിക്കും ആരോഗ്യവകുപ്പിനും സാങ്കേതിക പിഴവ് സംഭവിച്ചതാണെന്ന വിവരം പുറത്തുവന്നത്. നിയമനം ലഭിക്കാതെ വന്നതോടെ ഡിഎംഒ ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് ഈ റാങ്ക് ലിസ്റ്റിൽ നിന്നും നടന്ന ആദ്യ നിയമനത്തിൽ പി എസ് സിക്ക് തെറ്റ് പറ്റിയതാണെന്നും എസ് സി വിഭാഗത്തിൽ പെട്ടവർക്കാണ് നിയമനം ലഭിച്ചതെന്നും അത് എസ് ടി വിഭാഗത്തിൽ പെട്ടവർക്കാണ് നൽകേണ്ടതായിരുന്നുവെന്നും വ്യക്തമായത്.
ആദ്യ നിയമനത്തിൽ ജോലിയിൽ പ്രവേശിച്ച ഉദ്യോഗാർഥികൾക്ക് പിരിച്ചുവിടൽ കത്ത് നൽകിയെങ്കിലും അവർ ഇതുമായി കോടതിയിൽ ചെന്ന് പിരിച്ചുവിടലിനെതിരെ സ്റ്റേ വാങ്ങുകയും ചെയ്തു. തങ്ങളുടെ നിയമനം രണ്ട് മാസത്തിനകം ഉണ്ടാകുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച് വിടുകയാണ് അധികൃതർ ചെയ്തതെന്ന് നിത്യയും മിദുലയും പറഞ്ഞു. അഡ്വൈസ് കിട്ടി മൂന്ന് മാസത്തിനകം നിയമനം നൽകേണ്ടതാണെങ്കിലും അത് കിട്ടാതെ വന്നതോടെ ആദിവാസി ക്ഷേമ സമിതി സെക്രടറി അശോകൻ കുന്നൂച്ചി, പ്രസിഡന്റ് സി കുഞ്ഞിക്കണ്ണൻ, പരപ്പ ബ്ലോക് പഞ്ചായത് മെമ്പർ എംബി രാജേഷ് എന്നിവർ പി എസ് സിയെയും ബന്ധപ്പെട്ട അധികാരികളെയും സമീപിച്ചെങ്കിലും മോശമായ പ്രതികരണമാണ് ഉണ്ടായതെന്ന് ക്ഷേമസമിതി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പി എസ് സിയിൽ നിന്ന് അഡ്വൈസ് കിട്ടിയാൽ മൂന്ന് മാസത്തിനകം നിയമനം ഉറപ്പാക്കണമെന്ന നിയമം നിലവിൽ ഉള്ളപ്പോഴാണ് പി എസ് സി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ തങ്ങൾക്ക് ദുരനുഭവം ഉണ്ടായതെന്നും പെൺകുട്ടികൾ പറഞ്ഞു. പിഎസ്എസി ചെയർമാനും ആരോഗ്യവകുപ്പിനും പട്ടിക വിഭാഗ മന്ത്രിക്കും എസ് സി/എസ് ടി കമീഷണർക്കും മനുഷ്യാവകാശ കമീഷനും അടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. പുതിയ പോസ്റ്റ് സൃഷ്ടിച്ച് തങ്ങളുടെ നിയമനം ഉറപ്പാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. സാങ്കേതികപിഴവ് കാരണം നേരത്തെ ജോലിക്ക് കയറിയ രണ്ടുപേരുടെ ജോലി ഇല്ലാതാക്കണമെന്ന് തങ്ങൾക്ക് ആഗ്രഹമില്ല. അധികൃതരുടെ അലംഭാവം മൂലം തങ്ങൾക്ക് ഒരുവർഷത്തെ സർവീസ് കാലവധിയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു.