city-gold-ad-for-blogger
Aster MIMS 10/10/2023

Festival | ഭരണി: പുകള്‍പ്പെറ്റ ദേവന്മാര്‍ 'ദണ്ഡന്റെയും കണ്ഠകര്‍ണന്റെയും' ആഘോഷപ്പെരുമദിനം

എഴുത്തുപുര 

-പ്രതിഭാരാജന്‍

(www.kasargodvartha.com) മിന്നുകയും, പിന്നെ അണയുകയും ചെയ്യുന്ന മുല്ലമൊട്ടുകള്‍ തുന്നിച്ചേര്‍ത്ത ദീപ പൂമാല. പള്ളിക്കര മുതല്‍ കീക്കാനം വരെ, ബേക്കല്‍, ഉദുമ, ചെമ്മനാട്....തുടങ്ങി പ്രകൃതിയുടെ നാടന്‍ പെണ്‍കൊടികളായ ഗ്രാമങ്ങള്‍ ഒന്നടങ്കം തലയില്‍ മുല്ലപ്പൂ ചൂടിനില്‍ക്കുന്ന ഉത്സവം. ഉത്സവത്തിനെത്തുന്ന അയല്‍ നാടുകളെ കാന്തനെ കാത്തിരിക്കുന്ന കാമിനിയെന്നപോലെ ഗ്രാമം സ്വീകരിക്കുന്നു. കൈകൂപ്പി വരവേല്‍ക്കുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തിലെ സന്ധ്യകള്‍ നിത്യവും നെയ്ത് ഉടുക്കാറുള്ള പട്ടുടുപ്പ്. അതിനെ വെല്ലുന്ന ചിത്രപ്പണികളോടെ ക്ഷേത്രാങ്കണം.
      
Festival | ഭരണി: പുകള്‍പ്പെറ്റ ദേവന്മാര്‍ 'ദണ്ഡന്റെയും കണ്ഠകര്‍ണന്റെയും' ആഘോഷപ്പെരുമദിനം

ഉച്ച ഊണിന് പഞ്ഞമില്ലാതെ, സാധുക്കളെ ഊട്ടി സംതൃപ്തിയടയുന്ന ശാസ്താ ക്ഷേത്രം കിഴക്കേ കവാടത്തിനു മുന്നില്‍, കുളിരുമായെത്തി താരാട്ടു മൂളി പള്ളിയുറക്കുന്ന കടല്‍നാദം പിറകില്‍. തെക്ക് നാടിന്റെ ഗൃഹനാഥന്‍. സര്‍വ്വ ശ്രേയസിന്റേയും, സര്‍വ്വ നാശത്തിന്റെയും കണക്കെഴുതി തിട്ടപ്പെടുത്തുന്ന കച്ചേരിപ്പടി. ദക്ഷിണ കാശിയിലെ ത്രയംബകേശന്‍. യന്ത്രമന്ത്രതന്ത്രാദി ശാസത്രങ്ങളുടെ, മന്ത്രോച്ഛാരണങ്ങള്‍ മൂളിപ്പാടുന്ന ലഹരി നുകര്‍ന്നുറങ്ങുന്ന ഉദയമംഗലത്തെ മഹാവിഷ്ണു ക്ഷേത്രം തെക്കും ഭാഗത്ത്. സാധാരണ ക്ഷേത്രങ്ങളില്‍ മദ്യം. ഇവിടെ മദ്യമല്ല, അല്ലേയല്ല, ചെന്തെങ്ങ് ചുരത്തുന്ന അമൃത് -ഇളനീരമൃത് - കൊണ്ടാണ് കലശം. നാവില്‍ വിദ്യ വിളയിക്കുന്ന അംബിക, കോരിവാരിത്തരുന്ന ലക്ഷ്മി, സര്‍വ്വ അഹങ്കാരത്തേയും ശമിപ്പിക്കാനായി കാളിയായി അവതരിച്ച ശ്രീപാര്‍വ്വതി .

പലവിധ ദേവതമാര്‍ സമ്മേളിക്കുമ്പോള്‍ രൂപപ്പെടുന്ന അത്യുത്സാഹത്തിന്റെ ശക്തി, മഹാശക്തി. സാങ്കല്‍പ്പികമാണെങ്കില്‍ പോലും അതു മനസു കീഴടക്കുമ്പോള്‍ പ്രതിഫലിക്കുക നൂറിരട്ടി പെരുകിയായിരിക്കും. അതാണ് ഭരണി മഹോത്സവപ്പെരുമ. ആ ശക്തി വിശേഷം ജനങ്ങളിലേക്ക് പകര്‍ന്നു കിട്ടുമ്പോള്‍ അവര്‍ ആടുന്നു, പാടുന്നു, സ്വയം മതിമറന്ന് ഏതോ ലോകത്തിലേക്ക് പറന്നുയരുന്നു. രാവു പകലായി മാറുന്നു.

ക്ഷേത്രത്തിനു ചുറ്റും കാഴ്ചച്ചന്തകള്‍, മധുരം നുണയുന്ന മിഠായിക്കടകള്‍, പഞ്ചവാദ്യവുമായി കളിപ്പാട്ടങ്ങളുടെ നീണ്ട ശൃംഖല. വളകളും പൊട്ടുകളും വില്‍ക്കുന്ന ചന്ത തമ്പുരുമീട്ടുന്ന തെരുവ്. പത്തരഗ്രാമമെന്ന പഴയ സമ്പ്രദായത്തിലെ ജനം ദണ്ഡനേയും കണ്ഠാകര്‍ണനേയും വണങ്ങാനെത്തുന്ന ശുഭ ദിനം കൂടിയാണ് ഭരണി. ആയിരം തിരിയിട്ട പൊന്‍ ദീപം കണ്ടു തൊഴുതു മടങ്ങാന്‍ മുത്തശിമാരുടേത് അടക്കം നീണ്ട ക്യൂ. സര്‍വ സാന്നിദ്ധ്യങ്ങളായ ദണ്ഡന്‍-കണ്ഠാകര്‍ണ്ണന്‍, മൂത്ത ഭഗവതി, ഇളയ ഭഗവതി ഇവര്‍ക്കുള്ള ആരാധനയുടെ സമ്മിശ്ര മൂര്‍ത്തീ ഭാവമാണ് ഭരണി മഹോത്സവവും, അതില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്ന മിത്തും.
         
Festival | ഭരണി: പുകള്‍പ്പെറ്റ ദേവന്മാര്‍ 'ദണ്ഡന്റെയും കണ്ഠകര്‍ണന്റെയും' ആഘോഷപ്പെരുമദിനം

സര്‍വ ജന-മത-ജാതി സമുദായങ്ങളുടേയും ഉത്സാഹത്തിന്റെ ഉല്‍സവം. ജില്ലയുടെ വാര്‍ഷികോത്സവം.
ഉത്സവങ്ങളുടെ ജനറല്‍ ബോഡി. അതാണ് ഭരണി മഹോത്സവം. ഐതീഹ്യങ്ങള്‍ പലതുണ്ട്, പലര്‍ക്കും പറയാന്‍. പാലക്കുന്ന് ക്ഷേത്ര വിശ്വാസപരിസരങ്ങളിലെ പ്രഥമഗണനീയം എന്നു കരുതാവുന്ന മിത്ത് ദാരിക വധവുമായി ബന്ധപ്പെട്ടാണ്. ദാരികന്‍ നാടു മുടിക്കുന്നു. മനുഷ്യരെ കിട്ടിയാല്‍ ചവച്ചരച്ചു തിന്നുന്നു.
മുപ്പത്തു മുക്കോടി ജനങ്ങള്‍, മനുഷ്യകുഞ്ഞുങ്ങള്‍ നിരാലംബലരായി നിലവിളിക്കുന്നു. ഇതു കേട്ടു സഹിക്കവയ്യാതെ രൂപപ്പെട്ട അമ്മദൈവങ്ങളുടെ 'ത്രീമൂര്‍ത്തി സംഘമാണ് (ഇന്ദ്രസ്‌കന്ദയമധര്‍മ്മ ദേവന്മാരുടെയും പുത്രിമാരെന്ന വാദവും നിലനില്‍ക്കുന്നുണ്ട്) ദാരികനെ വധിക്കാന്‍ ഭൂമിയിലോട്ട് ഇറങ്ങിപ്പുറപ്പെട്ടത്.

യുദ്ധം, കഠോര യുദ്ധം. ആഴ്ചകളോളം നീണ്ടുനിന്ന യുദ്ധം. ഒടുവില്‍ മഹേശ്വരിയുടെ ത്രീശൂലം ദാരികന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ദാരികന്‍ അട്ടഹസിച്ചു. തന്റെ ശരീരത്തില്‍ നിന്നും ഇറ്റിറ്റു വീഴുന്ന ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരം അസുരന്മാര്‍ പുനര്‍ജനിച്ചു കൊണ്ടിരുന്ന കാഴ്ചയാണ് ദേവതമാര്‍ കണ്ടത്. രാക്ഷസപ്പട സമുദ്രം പോലെ തിരതല്ലി വരുന്നു. പരീക്ഷണീതരായ ദേവിമാര്‍ വിവശരായി. തോല്‍വിയായിരിക്കുമോ വിധി എന്നവര്‍ സംശയിച്ചു. യുദ്ധ സഹജമായ ക്ഷീണം കൊണ്ട് മനസു പതറിയ മഹേശ്വരി മനസില്‍ ധ്യാനിച്ചു. ഈ അവസ്ഥയെ നേരിടാന്‍ കരുത്തരായ യോദ്ധാക്കള്‍ വേണമായിരുന്നു, മനസില്‍ ആഗ്രഹിച്ചു.

ആ ആഗ്രഹങ്ങളിള്‍ നിന്നുമാണ് ദണ്ഡനും കണ്ഠാകര്‍ണനും പിറവി കൊള്ളുന്നത്. ദണ്ഡനും, കണ്ഠാകര്‍ണനും യുദ്ധമുഖത്തെത്തി. ദാരികന്റെ കഴുത്തില്‍ നിന്നുമൊലിക്കുന്ന രക്തത്തുളളികള്‍ ഓരോന്നായി നക്കിത്തുടക്കപ്പെട്ടു. പാത്രത്തില്‍ ശേഖരിച്ച് സേവിച്ചു. മഹാസാഗരമായിരുന്ന രാക്ഷസപ്പട അരുവിയായി മെലിഞ്ഞു തുടങ്ങി. ഒടുവില്‍ ദാരികന് യോദ്ധാക്കളെ സൃഷ്ടിക്കാന്‍ കഴിയാത്ത സാഹചര്യം ഉറപ്പായപ്പോള്‍ ജീവന്‍ വെടിയുകയും ചെയ്തു. യുദ്ധം ജയിച്ചു. ദേവതാത്രയങ്ങളെ വരവേല്‍ക്കാന്‍ ജനം സാഗരം പോലെ തിരയിളകി വന്നു. ആര്‍ത്തുല്ലസിച്ചു. കിട്ടുന്നിടത്തെല്ലാം പന്തം കത്തിച്ച് പ്രകാശം പരത്തി. നാടാകെ ചിരാതുകള്‍ മിന്നി.

നാടാകെ ഉത്സവം, ഭൂമിയുടെ സാര്‍വത്രിക വിജയത്തിന്റെ വന്‍ഭേരി. ഭരണി മഹോത്സവം ഉത്സവങ്ങളുടെ ഉത്സവമെന്ന് വിശേഷിപ്പിക്കുന്നതിനു കാരണമതാണ്. രാക്ഷസരില്‍ നിന്നും മനുഷ്യക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ ദേവിമാരെ സഹായിച്ച് പ്രപഞ്ച പുനസൃഷ്ടിക്ക് സാധ്യമാക്കിയതില്‍ മുഖ്യപങ്കു വഹിച്ച ദണ്ഡനേയും കണ്ഠാകര്‍ണനേയും പൂര്‍വ്വികന്മാര്‍ ഏറ്റെടുത്തു. പാലക്കുന്നില്‍ പ്രതിഷ്ഠിച്ചു. പരിപൂര്‍ണ തേജസ്സോടെ, ആചാരങ്ങളോടെ, പ്രബഞ്ച രക്ഷകരാണെന്ന ഐതീഹ്യ മൊഴിയോടെ പരിപാലിച്ചു. ത്രൈവ ശക്തിയായ ദേവിയോടൊപ്പം ചേര്‍ത്തു വെച്ച് പൂജിച്ചു.

ഇപ്പോഴും അതാവര്‍ത്തിക്കുന്നു. ഇളയഭഗവതിയുടേയും മൂത്ത ഭഗവതിയുടേയും തിടമ്പിനോടൊപ്പം ചേര്‍ത്തു വെച്ച് ആരതി ഉഴിയുന്നു. ദാരികനെ വധിച്ച ആഹ്ലാദത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ ആയിരം തിരി കത്തിച്ച് ദേവതമാരോടൊപ്പം ദണ്ഡനേയും കണ്ഠാകര്‍ണനേയും ഐതീഹ്യപ്പെരുമയോടെ തൊഴുന്നു, തൃപ്പാദങ്ങളില്‍ നമസ്‌ക്കരിക്കുന്നു. ക്ഷേത്രചുറ്റമ്പലത്തിനു വലം വെക്കുന്നു. ഇങ്ങനെയൊക്കെയാണ് ആരാധനയുടെ മിത്ത് എന്ന വിശ്വസിക്കുന്നവരാണ് അധികം പേരും. വിശ്വാസം നിര്‍ബന്ധമായും സത്യമായിക്കൊള്ളണം എന്നില്ലല്ലോ. വിശ്വാസം ഒരിക്കലും സത്യമേ അല്ല.

ഐതീഹ്യമായതിനാല്‍ ഏത്രയോ വ്യഖ്യാനങ്ങളുമാവാമല്ലോ. അരി, കരി, മഞ്ഞള്‍ തുടങ്ങിയ ധ്യാനപ്പൊടികള്‍ കൊണ്ട് നിര്‍മ്മിതമായ കളം ക്ഷേത്ര തിരുമുറ്റത്ത് വരച്ചുണ്ടാക്കും. സ്ഥാനികരില്‍ പ്രധാനിയായി കളക്കാരന്‍ എന്ന തസ്തിക തന്നെയുണ്ട്. തിരുസന്നിധിയിലിരിക്കുന്ന ദേവിമാരിതു കാണും. അവരില്‍ ദാരികവധം ഓര്‍മ്മ വരും. കലിയിളകും. അത് വെളിച്ചപ്പാടായി മാറും. നെറ്റിപ്പട്ടം കെട്ടിയ, കെട്ടിച്ചുറ്റിയ, പട്ടുടുത്ത സ്വര്‍ണവിഭൂഷിതരായ ദേവിമാരുടെ പ്രതിരൂപം ഒരു രാത്രി കൊണ്ടു വരച്ചു തീര്‍ത്ത കളം നൃത്തം ചെയ്തു മായ്ക്കും. യുദ്ധക്കളത്തിലെ ദാരികാ വധത്തിന്റെ പ്രത്യക്ഷ ചിത്രീകരണമാണത്. അതൊരു അത്യപൂര്‍വ കാഴ്ചയാണ്.

Keywords:  Article, Temple Fest, Temple, Festival, Celebration, Religion, Mahothsavam, Kasaragod, Kerala, Pratibharajan, Bharani Mahotsavam, About Bharani Mahotsavam.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL