city-gold-ad-for-blogger
Aster MIMS 10/10/2023

Memories | ചെര്‍ക്കളം അബ്ദുല്ല; കേരള രാഷ്ട്രീയത്തില്‍ തിളങ്ങിയ വ്യക്തിത്വം

ഇബ്രാഹിം ചെർക്കള

(www.kasargodvartha.com) കേരള രാഷ്ട്രീയത്തിന്റെ പല ചരിത്ര ദിശകളിലും തിളങ്ങി നിന്ന രാഷ്ട്രീയ ജീവിതമാണ് ചെര്‍ക്കളം അബ്ദുല്ല എന്ന കര്‍മ്മ യോഗിയുടേത്. വടക്കിന്റെ മണ്ണില്‍ ഹരിത രാഷ്ട്രീയത്തിന്റെ കുതിപ്പിന് ആക്കം കൂട്ടുന്നതില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് ചെര്‍ക്കളം. ബുദ്ധിയും, പരിശ്രമവും, കൃത്യനിഷ്ഠയും അതിലെല്ലാമുപരി ശുഭാപ്തി വിശ്വാസവും കൊണ്ട് ജീവിത വിജയം നേടിയ വ്യക്തിത്വം. നന്നേ ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. എംഎസ്എഫില്‍ കൂടി ആരംഭിച്ച വിദ്യാര്‍ത്ഥി രാഷ്ട്രീയം. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പതറാത്ത മനക്കരുത്ത്. ഇതിലൂടെയാണ് ചെര്‍ക്കളം എന്ന ഗ്രാമത്തില്‍ നിന്നും കേരള ഭരണത്തിന്റെ മന്ത്രി പദത്തില്‍ വരെ എത്തി, നാടിനും ജനങ്ങള്‍ക്കും വേണ്ടി മരണം വരെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ആര്‍ജ്ജിച്ചത്.
                              
Memories | ചെര്‍ക്കളം അബ്ദുല്ല; കേരള രാഷ്ട്രീയത്തില്‍ തിളങ്ങിയ വ്യക്തിത്വം

ജോലികള്‍ക്കിടയിലും രാഷ്ട്രീയ യോഗങ്ങള്‍ക്ക് ഓടി എത്തി നേതാക്കളുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കൗതുകത്തോടെ സൂഷ്മതയോടെ നിരീക്ഷിച്ചു. കുട്ടിക്കാലത്ത് രാഷ്ട്രീയ യോഗങ്ങളുടെ പ്രചരണം സൈക്കിളില്‍ മൈക്ക് കെട്ടി ഒറ്റയ്ക്ക് നടത്തിയ മുഹൂര്‍ത്തങ്ങള്‍ വരെ ഉണ്ട്. ബോവിക്കാനത്തെ ഒരു റേഷന്‍ കടയില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു യോഗത്തിന്റെ പ്രചരണ വാഹനത്തില്‍ യാത്ര ചെയ്തു. ചെര്‍ക്കളയില്‍ സൈക്കിള്‍ ഷോപ്പ് നടത്തുന്ന ബാപ്പ ബാരിക്കാടന്‍ മുഹമ്മദ് ഹാജിയുടെ കണ്ണില്‍പ്പെടാതെ ശ്രദ്ധിച്ച് മുന്നോട്ടുനീങ്ങവെ വാഹനത്തിന് മുന്നില്‍ അതാ ബാപ്പ നില്‍ക്കുന്നു. ജീപ്പ് നിര്‍ത്തി. ദേഷ്യത്തോടെ ബാപ്പ 'എന്താ നീ പ്രസംഗിച്ച് മന്ത്രിയാകാന്‍ പോകുന്നോ?' നിശ്ശബ്ദനായി നിന്ന ചെര്‍ക്കളം അബ്ദുല്ലയുടെ മനസ്സില്‍ ആ വാക്കുകള്‍ ശരിക്കും തറച്ചു.

എടനീരിലും, കാസര്‍കോട് ബിഇഎം ഹൈസ്‌കൂളിലും കന്നടയിലായിരുന്നു വിദ്യാഭ്യാസം. കാലങ്ങളിലൂടെ, പഠിച്ച് പല ഭാഷകളിലും നല്ല പരിജ്ഞാനം നേടി. നാടിന്റെ പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ എന്നും ഒരു സഹായിയായി. 1958 ല്‍ മഹാനായ ഖായിദുല്‍ഖൗമ് ബാഫഖി തങ്ങളുടെയും, സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെയും സാന്നിധ്യത്തില്‍ ചെര്‍ക്കള ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നിലവില്‍ വന്നു. മാസ്തിക്കുണ്ട് ഹുസൈനാര്‍ കുഞ്ഞി ഹാജി പ്രസിഡന്റും, ചെര്‍ക്കളം അബ്ദുല്ല ജനറല്‍ സെക്രട്ടറിയായും തുടക്കം കുറിച്ച ഹരിത രാഷ്ട്രീയത്തിന്റെ ജൈത്രയാത്ര. അവികസിതമായ നാടിന്റെ, അസംഘടിതരായ ജനശക്തിയെ അവകാശങ്ങളുടെയും ആദര്‍ശത്തിന്റെയും പേരില്‍ മുന്നോട്ട് നയിക്കാന്‍ നേതൃത്വം നല്‍കി. എന്തിനേയും നേരിടാനുള്ള മനോധൈര്യവും കൃത്യമായ ലക്ഷ്യബോധവും ഏത് പ്രതിസന്ധികളെയും മറികടക്കാന്‍ പ്രാപ്തിയേകി. അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കാസര്‍കോട് ജില്ലാ ലീഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എംഎല്‍എ, നിയമസഭാ പാര്‍ട്ടി സെക്രട്ടറി, മന്ത്രി എന്നീ നിലകളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ ചെര്‍ക്കളം അബ്ദുല്ല സാഹിബിന് സാധിച്ചു.

1980 മുതല്‍ ചെര്‍ക്കളം തെരഞ്ഞെടുപ്പ് മത്സരത്തിന്റെ ഗോദയില്‍ ഇറങ്ങി. മഞ്ചേശ്വരം നിയോജക മണ്ഡലം; ഏറെ പ്രത്യേകതകളുള്ള മണ്ണ്. ചരിത്രം നിരവധിക്കാലം വഴിമാറി നടന്ന ഭൂമിക. കര്‍ണ്ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിന്റെ വടക്കേയറ്റത്ത് നില്‍ക്കുന്ന ഈ മണ്ഡലത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. കേരളപ്പിറവി വരെ തെക്കന്‍ കര്‍ണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന മഞ്ചേശ്വരം, തുളുനാടന്‍ സംസ്‌കാരത്തിന്റെ വൈവിധ്യങ്ങള്‍ അലിഞ്ഞു കിടക്കുന്ന മേഖലയാണ്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ താമസിക്കുന്നതും ഇവിടെയാണ്. കന്നട, മലയാളം ഭാഷകള്‍ക്ക് പുറമെ തുളുവും, ഉറുദുവും, കൊങ്കിണിയും, മറാത്തിയും, തമിഴും കൈകോര്‍ത്ത് കിടക്കുന്ന ഭാഷാസംഗമഭൂമി. 1956 മുതല്‍ ഈ മണ്ഡലം കേരളത്തിന്റെ ഭാഗമായി മാറിയെങ്കിലും ജനങ്ങളുടെ കണ്ണ് എന്നും വടക്കുനോക്കി യന്ത്രത്തിന്റെ കാന്തസൂചി പോലെയായിരുന്നു. വികസനം വഴിമുട്ടി നിന്ന ഒരു മണ്ഡലത്തിന്റെ എല്ലാ പരാധീനതകളും മഞ്ചേശ്വരത്തിനുണ്ടായിരുന്നു.

1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച എം ഉമേഷ് റാവു എതിരില്ലാതെ് തെരഞ്ഞെടുക്കപ്പെട്ടു. 1960 ലും 1965 ലും കര്‍ണ്ണാടക സമിതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മഹാബല ഭണ്ഡാരിയും 1970 ലും 1977 ലും സിപിഐ യിലെ രാമപ്പ മാസ്റ്ററും, 1980 ലും 1982 ലും സിപിഐ യിലെ തന്നെ ഡോ. എ സുബ്ബറാവുവും തെരഞ്ഞെടുക്കപ്പെട്ടു. 1982 ല്‍ വിജയിച്ച ഡോ. സുബ്ബറാവു നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായി. എല്ലാം രംഗത്തും അവികസിതമായിരുന്ന ഈ മണ്ഡലത്തില്‍ മൂന്നു പതിറ്റാണ്ടുകാലം എംഎല്‍എ മാര്‍ മാറിമാറി വന്നെങ്കിലും പുരോഗതിയുടെ വെളിച്ചം വേണ്ടത്ര തെളിഞ്ഞില്ല.

1987 ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മാറ്റത്തിന്റെ കൊടുംങ്കാറ്റ് ആഞ്ഞ് വീശി. ഒരു നിയോഗം പോലെ യുഡിഎഫ് കന്നിയങ്കത്തില്‍ തെരഞ്ഞെടുത്ത ചെര്‍ക്കളം അബ്ദുല്ല ബിജെപിയിലെ ശങ്കര്‍ ആള്‍വയേയും, സിറ്റിംഗ് എംഎല്‍എ യും മന്ത്രിയുമായ സുബ്ബറാവുവിനെ 19924 വോട്ടോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു. ശങ്കര ആള്‍വയായിരുന്നു 27107 വോട്ടോടെ രണ്ടാം സ്ഥാനത്ത്. ചെര്‍ക്കളം അബ്ദുല്ല 33853 വോട്ടോടെ വിജയിയായി. അത് പുതിയൊരു രാഷ്ട്രീയ ചരിത്രത്തിന് തുടക്കം കുറിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ ഹൃദയസ്പന്ദനം തൊട്ടറിഞ്ഞ ചെര്‍ക്കളം അബ്ദുല്ല ഒരു കൊടുംങ്കാറ്റിന്റെ വേഗതയില്‍ മഞ്ചേശ്വരത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വികസനത്തിന്റെ പ്രകാശം തെളിയിച്ച പൊതുപ്രവര്‍ത്തകനാണ്. ഒരുഭാഗത്ത് നൂറ്റാണ്ട് പുറകില്‍ കിടക്കുന്ന കടലോര മേഖല, മറുഭാഗത്ത് കാടും പടലവും പിടിച്ചു കിടക്കുന്ന, റോഡുകളും പാലങ്ങളും ഇല്ലാത്ത, വൈദ്യുതിയെത്താത്ത, കുടിവെള്ളത്തിന് നട്ടംതിരിയുന്ന, ചെറിയ രോഗങ്ങള്‍ക്ക് പോലും വൈദ്യസഹായമെത്താത്ത, അക്ഷര വെളിച്ചത്തിന് വിദ്യാലയങ്ങളില്ലാത്ത നിരവധി ഗ്രാമങ്ങള്‍. 1991 ആയപ്പോഴേക്കും മഞ്ചേശ്വരം മണ്ഡലത്തിന്റെ മുഖച്ഛായ പതുക്കെ പതുക്കെ മാറിത്തുടങ്ങി. ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് മോചനമായി. റോഡും, പാലവും, വെളിച്ചവും കടന്നു വന്നു.

1991 ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം പിടിച്ചെടുക്കാനും ചെര്‍ക്കളത്തിന്റെ ആധിപത്യം തകര്‍ക്കാനും കേരളത്തില്‍ പുതിയ രാഷ്ട്രീയ ചരിത്രം സൃഷ്ടിക്കാനും ബിജെപി എല്ലാ അടവുകളുമായി അവരുടെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയും ഉന്നത നേതാവുമായ കെജി മാരാരെയും, മണ്ഡലം തിരിച്ച് പിടിക്കാന്‍ സിപിഐ ബിഎം രാമയ്യ ഷെട്ടിയെയും ഗോദയില്‍ ഇറക്കി. കേരളത്തിന്റെ, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ആകാംക്ഷയുടെ കണ്ണുകള്‍ ഇവിടേക്ക് തിരിഞ്ഞു. മഞ്ചേശ്വരം മണ്ഡലം ദര്‍ശിച്ച തീപാറുന്ന ത്രികോണ മത്സരം. പ്രധാന നേതാക്കള്‍ പലരും മണ്ഡലത്തില്‍ തമ്പടിച്ചു. കെ ജി മാരാരുടെ വിജയത്തിനുവേണ്ടി പണവും സ്വാധീനവും അതുപോലെ ജാതി-മത-ഭാഷ തുരുപ്പ് ചീട്ടുകള്‍ പലതും ശക്തമായി പ്രചരണത്തിന് വന്നു. പ്രമുഖ പത്രമാധ്യമങ്ങള്‍ എല്ലാം തന്നെ മത്സരഫലം ബിജെപിക്ക് അനുകൂലമാകുമെന്നും കേരളത്തിലെ ആദ്യത്തെ ബിജെപി നിയമസഭാഗംമായി കെജി മാരാര്‍ എത്തുമെന്നും പ്രവചനം നടത്തി.

വോട്ട് കണക്കുകള്‍ കൂട്ടിയും കുറച്ചും സാഹചര്യങ്ങള്‍ വിലയിരുത്തിയും പത്രതാളുകള്‍ നിറച്ചു. എന്നാല്‍ ജനമനസ്സുകളില്‍ വികസന നായകന്‍ ചെര്‍ക്കളം അബ്ദുല്ലയുടെ നാമം ഉറച്ചു പോയിരുന്നു. എല്ലാ വിലയിരുത്തലുകളെയും തള്ളിക്കൊണ്ട് ജനശക്തിയുടെ പിന്തുണ ചെര്‍ക്കളത്തിന്. അങ്ങനെ ഭൂരിപക്ഷത്തോടെ ചെര്‍ക്കളം അബ്ദുല്ല വിജയം നേടി. 1996 ലും 2001 ലും വിജയം ചെര്‍ക്കളത്തിന്റെ കൂടെയായിരുന്നു. ജന്മനാടിനെപോലെ തന്നെ തന്നില്‍ വിശ്വാസമര്‍പ്പിച്ച് എംഎല്‍എയും, മന്ത്രിയുമാക്കിയ ജനങ്ങളോട് എന്നും നീതി പുലര്‍ത്താന്‍ ചെര്‍ക്കളം അബ്ദുല്ല എന്ന ജനസേവകന് കഴിഞ്ഞു.

അതിര്‍ത്തി ജില്ലയായ മഞ്ചേശ്വരത്തിന്റെ വികസനം കേരള സര്‍ക്കാര്‍ അവഗണിച്ച കാലത്ത് അത് നേടിയെടുക്കാന്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിച്ച് പോയ മുന്‍ പ്രതിനിധികള്‍ ഒന്നും ചെയ്തില്ല. അവര്‍ കര്‍ണ്ണാടക ഭാഷയോടും സംസ്‌കാരത്തോടും അമിതമായ ആഭിമുഖ്യം കാണിച്ചിരുന്നു. 1957 മുതല്‍ 1987 വരെ നിയമസഭയില്‍ കര്‍ണ്ണാടക സമിതികളും, സിപിഐ അംഗങ്ങളും എംഎല്‍എയായും മന്ത്രിയായും എത്തിയെങ്കിലും നാടിന്റെ ആവശ്യങ്ങള്‍ അവതരിപ്പിച്ച് പിടിച്ചു വാങ്ങുന്നതില്‍ വിജയം കണ്ടിരുന്നില്ല. 1987 ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ മാറി ചിന്തിച്ച് തുടങ്ങി. ചെര്‍ക്കളം ഓരോ മേഖലയുടെയും പ്രശ്‌നങ്ങള്‍ പ്രത്യേകം പഠിച്ച് നിയമസഭയില്‍ അവതരിപ്പിച്ചും, ചോദിച്ചും നേടാന്‍ പറ്റാത്ത കാര്യങ്ങളില്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയും ആവശ്യങ്ങള്‍ നേടിയെടുത്തു. പല സ്ഥാപനങ്ങളും മണ്ഡലത്തിലുണ്ടായിരുന്നില്ല. ഉള്ളവയില്‍ തന്നെ ഉദ്യോഗസ്ഥന്മാരുടെ അപര്യാപ്തതയും. അത് പരിഹരിക്കാന്‍ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും, ഉദ്യോഗസ്ഥന്മാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് വരുത്താനും ചെര്‍ക്കളത്തിന് സാധിച്ചു. അക്ഷര വെളിച്ചം കടന്നുചെല്ലാത്ത കോളനികളിലും, ന്യൂനപക്ഷ കേന്ദ്രങ്ങളിലും, കടലോര മേഖലയിലും, സ്‌കൂളുകളും അംഗണ്‍വാടികളും തുടങ്ങി. വ്യാവസായിക-കാര്‍ഷിക രംഗങ്ങളുടെ പുരോഗതിക്ക് വേണ്ടി നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. അതുവരെ വാഗ്ദാനങ്ങള്‍ കേട്ട് മടുത്ത പാവപ്പെട്ട മനുഷ്യര്‍ക്ക് മുന്നില്‍ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും പിടിച്ച് നിര്‍ബന്ധിച്ച് ധാരാളം പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ചെര്‍ക്കളത്തിന് വേഗത്തില്‍ സാധിച്ചു.

മഞ്ചേശ്വരം മണ്ഡലത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ളം തന്നെയായിരുന്നു, ഇതിന് പരിഹാരം കാണാന്‍ വന്‍ പദ്ധതികള്‍ക്ക് തന്നെ തുടക്കം കുറിച്ചു. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് രാജീവ്ഗാന്ധി ടെക്‌നോളജി മിഷന്റെ 400 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് രൂപകല്‍പ്പന നടത്തി. ഓരോ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഫണ്ടുകള്‍ അനുവദിച്ച് പ്രവര്‍ത്തനം തുടങ്ങി. അതുപോലെ ചില സ്ഥലങ്ങളില്‍ മിനി വാട്ടര്‍ സപ്ലൈ സ്‌കീമുകളും, ബോര്‍വെല്ലുകളും അനുവദിച്ചു.

വിദ്യാനഗര്‍-മുഡിപ്പു റോഡിലെ അംഗടിമുഗര്‍ പാലം, കട്ടദമനെ പാലം, കഡൂര്‍ പാലം എന്നിവ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ചെര്‍ക്കളം വലിയ ശ്രദ്ധ ചെലുത്തി. മുഗു-പൊന്നങ്കള ഉറൂമി പഡാലടുക്ക റോഡ്, പുത്തിഗെ-മുഗു ബാങ്ക് മുണ്ട്യത്തടുക്ക റോഡ്, കുഞ്ചത്തൂര്‍-ദൈഗോളി റോഡ് എന്നീ റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുക വഴി മണ്ഡലത്തിലെ ഒറ്റപ്പെട്ടുപോയിരുന്ന ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കപ്പെട്ടതിനാല്‍ ബസ് യാത്രകള്‍ തടസ്സം കൂടാതെ മുന്നോട്ട് പോയി. വൈദ്യുതി കടന്നു ചെല്ലാത്ത എല്ലാ ഗ്രാമങ്ങളിലും നിര്‍ബന്ധ വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കി വെളിച്ചം നല്‍കി. അതുപോലെ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഒന്നും തന്നെ നിലവില്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ടെലികമ്മ്യൂണിക്കേഷന്‍ ബന്ധം സ്ഥാപിച്ചു. മണ്ഡലത്തിലെ എല്ലാ ടെലിഫോണ്‍ എക്‌സ്‌ചേയ്ഞ്ചുകളിലും ഒഎഫ്സി യാക്കി. അപേക്ഷകള്‍ നല്‍കി വര്‍ഷങ്ങളായി കാത്തിരുന്നവര്‍ക്ക് ഉടനെ തന്നെ ടെലിഫോണ്‍ സൗകര്യങ്ങള്‍ എത്തിക്കുന്നതിന് പെര്‍മുദെ-ഷേണി എന്നിവിടങ്ങളില്‍ പുതിയ ടെലിഫോണ്‍ എക്‌സ്‌ചേയ്ഞ്ചുകള്‍ക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചു.

എല്ലാ രംഗത്തുമെന്നപോലെ തന്നെ വിദ്യാഭ്യാസ രംഗത്തെ നില ഏറ്റവും ശോചനീയമായിരുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ വിദ്യാ വെളിച്ചം പടര്‍ത്തുന്നതില്‍ ചെര്‍ക്കളം അബ്ദുല്ല പല പ്രദേശങ്ങളിലും പുതിയ സ്‌കൂള്‍ അനുവദിച്ചു. കുമ്പള-പൈവളിഗെ നഗര്‍, കാട്ടുകുക്കെ, പഡ്രെ എന്നിവിടങ്ങളില്‍ പ്ലസ് ടു കോഴ്‌സിന് അനുമതിനേടി. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ സെന്റര്‍ തുടങ്ങാന്‍ ആവശ്യമായ 10 ഏക്കര്‍ സ്ഥലം അനുവദിച്ചു കിട്ടിയത് വിദ്യാഭ്യാസ രംഗത്ത് പുതിയ ഉണര്‍വ്വ് പകര്‍ന്നു.

മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി, കേരളാ ബോര്‍ഡ് അംഗം, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, ബാക്ക്‌വേഡ് സൊസൈറ്റി ഏകോപന സമിതി ജില്ലാ ചെയര്‍മാന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍കൊണ്ട് രാഷ്ട്രീയ ജീവിതം അടയാളപ്പെടുത്തി.

1987 ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ മാറ്റത്തിന്റെ പടപ്പാടുമായി എംഎല്‍എയായി എത്തിയ ചെര്‍ക്കളം അബ്ദുല്ല സാഹിബ് 2001 ലെ വിജയത്തില്‍ മന്ത്രിപദത്തില്‍ എത്തി. ഒരു മണ്ഡലത്തില്‍ മാത്രമല്ല കേരളത്തിന്റെ മൊത്തം വികസനത്തിന്റെ പ്രധാന വകുപ്പാണ് ലഭിച്ചത്. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇടപെടുന്ന തദ്ദേശ സ്വയം ഭരണം. ശക്തമായ ജനാധിപത്യ അടിത്തറയില്‍ പടുത്തുയര്‍ത്തിയ ത്രിതല പഞ്ചായത്ത് സംവിധാനം നിലനില്‍ക്കുന്ന ഒരു സംസ്ഥാനമെന്ന നിലയ്ക്ക് ഏറെ ഉയര്‍ന്ന ഉത്തരവാദിത്തമാണ് ഈ വകുപ്പിന്റെത്. നവകേരളം കെട്ടിപ്പടുക്കാന്‍ വികസന രംഗത്ത് വിപ്ലവകരമായ പുരോഗതിയെന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രയാണത്തിന് ചുക്കാന്‍ പിടിക്കുന്ന ബാധ്യത തദ്ദേശ സ്വയം ഭരണ വകുപ്പിനാണെന്നതും പ്രധാനമാണ്.

കാലാകാലങ്ങളിലൂടെ നടപ്പില്‍ വരുത്തുന്ന പദ്ധതികളുടെ തുടര്‍ പ്രക്രിയകള്‍ക്ക് ദീര്‍ഘ വീക്ഷണവും ശ്രദ്ധയും ഏറെ വേണം. പതിനഞ്ച് വര്‍ഷത്തെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള അനുഭവ സമ്പത്തും അതുപോലെ സഹപ്രവര്‍ത്തകരുടെ അകമൊഴിഞ്ഞ സഹകരണവും വ്യക്തി സ്വാധീനവും ചെറിയ കാലയളവില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചെര്‍ക്കളം അബ്ദുല്ല എന്ന മന്ത്രിക്ക് കഴിഞ്ഞു. ഉദ്യോഗസ്ഥന്മാരുടെ ആത്മാര്‍ത്ഥ സഹകരണത്തോടെ ഓരോ പദ്ധതികളും നടപ്പില്‍ വരുത്തുന്നതിന് വേഗത കൂട്ടി. നഗര വികസനം സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍, നഗര സൗകര്യവല്‍ക്കരണം എന്നിവയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള പരിപാടികള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. ടൂറിസം, വിദേശ നിക്ഷേപം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗങ്ങളിലെ കുതിച്ചു കയറ്റത്തിന് പുതുവഴികള്‍ തുറക്കപ്പെട്ടു.

സമൂഹ പങ്കാളിത്തത്തോടെയുള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടി എന്ന നിലക്ക് ശ്രദ്ധേയമായ ഒരു നൂതനാശയത്തിന്റെ പ്രയോഗവല്‍കരണമാണ് കുടുംബശ്രീ. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ സംഘടിതവും വ്യവസ്ഥാപിതവുമായ കൂട്ടായ്മയിലൂടെ ദാരിദ്ര്യത്തിന്റെ എല്ലാ പ്രകടിത രൂപങ്ങളെയും നേരിടാന്‍ ശ്രമിക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കി വരികയാണ്. പത്ത് ലക്ഷത്തില്‍പരം ദരിദ്ര വനിതകളും അവരുടെ കുടുംബങ്ങളും ഇതിനകം തന്നെ തങ്ങളുടെ മോചന മാര്‍ഗ്ഗമായി കണ്ടെത്തിയ കുടുംബശ്രീയെ കൂടുതല്‍ ശക്തിപ്പെടുത്താനും അതിന്റെ പുതിയ സാധ്യതകള്‍ കണ്ടെത്തി സ്ത്രീജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ മാര്‍ഗ്ഗങ്ങളും അതുപോലെ സ്ത്രീജനങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ച് കൂടുതല്‍ വേഗതയില്‍ കൂടുതല്‍ മേഖലകളില്‍ ഇതിന്റെ സേവനം പടര്‍ത്തുവാനും മന്ത്രി എന്ന നിലയില്‍ പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്തി പിന്നോക്ക ജില്ലകളായ കാസര്‍കോടും വയനാട്ടിലും എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ നടപ്പിലാക്കാന്‍ ഉത്തരമേഖല ഓഫീസ് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ചു.

തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴില്‍ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) വികേന്ദ്രികൃത ആസൂത്രണ പ്രക്രിയയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിലും പഠനങ്ങളിലും അന്താരാഷ്ട്ര പ്രശസ്തി നേടിയ സ്ഥാപനമാണ്. ഈ രംഗത്ത് ഇന്ത്യയിലെ മികച്ച പരിശീലന കേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ആറ് സ്ഥാപനങ്ങളില്‍ ഒന്നാണ് 'കില'. വിദേശ രാഷ്ട്രങ്ങളില്‍ നിന്നുപോലും പരിശീലനത്തിനായി ധാരാളം പേര്‍ കില സന്ദര്‍ശിക്കുന്നു. ഇവിടത്തെ വിവിധ വികസന പദ്ധതികള്‍ക്ക് വിദേശ സഹായം ലഭിക്കുന്നു. കിലയെ ഒരു സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ആക്കി മാറ്റുക, അധികാര വികേന്ദ്രീകരണത്തോടെ ഉണ്ടായ വര്‍ദ്ധിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ശേഷിയുണ്ടാക്കുക ഇതിനായി ഭാവനാപൂര്‍ണ്ണമായ നൂതന പദ്ധതികള്‍ക്ക് രൂപം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക് എത്തുവാന്‍ ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ ചെര്‍ക്കളം അബ്ദുല്ലയുടെ ഭരണകാലത്ത് നടന്നു. തെരഞ്ഞെടുക്കപ്പെട്ട 26 നഗരസഭകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്താനുള്ള പദ്ധതിക്ക് വേണ്ടി ഇന്‍ഫോര്‍മേഷന്‍ കേരള മിഷനെ ഇതിനുള്ള നോഡല്‍ ഏജന്‍സിയായി നിയോഗിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓഫീസ്, ഫിനാന്‍സ്, പൊതുമരാമത്ത്, നികുതി പിരിവ് മേഖലകളിലെ ഭരണശേഷി വര്‍ദ്ധിപ്പിച്ച് ആസൂത്രിതമായ ഒരു മാനേജ്‌മെന്റ് സിസ്റ്റം രൂപപ്പെടുത്തുന്നതിനുള്ള നടപടികള്‍, അടിസ്ഥാന സൗകര്യ വികസന സെല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ സംയോജിച്ചുകൊണ്ട് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണങ്ങള്‍ക്ക് തുടക്കം കുറിച്ചു.

1947 ല്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സഹോദരന്‍ അയ്യപ്പന്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചതും 1994 ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ രൂപം നല്‍കിയതുമായ പദ്ധതിയാണ് 'ഗോശ്രീ'. കൊച്ചി നഗരത്തിന്റെ അയല്‍ ദ്വീപുകളായ ബോള്‍ഗാട്ടി, വല്ലാര്‍പ്പാടം, വൈപ്പിന്‍ എന്നീ ദ്വീപുകളെ ബന്ധിപ്പിക്കുന്നതും ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി 'ഗോശ്രീ' പദ്ധതിയിലുള്‍പ്പെടുന്ന മൂന്ന് പാലങ്ങള്‍ക്കുള്ള അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് 'ഗോശ്രീ' വികസന അതോറിറ്റിയെ പുനഃസംഘടിപ്പിച്ച് പദ്ധതിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുക മാത്രമല്ല ഗോശ്രീ പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണി തുടക്കം കുറിച്ചു.

ചെര്‍ക്കളം അബ്ദുല്ല മന്ത്രിയായ കാലയളവില്‍ നടപ്പില്‍ വരുത്തിയ മറ്റൊരു പ്രധാന പദ്ധതിയാണ് ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്ന അനാരോഗ്യ കേന്ദ്രങ്ങള്‍ എന്ന വിശേഷണത്തില്‍ നിന്നും കേരളത്തിലെ നഗരങ്ങളെ മോചിപ്പിച്ച് അവയെ സാമ്പത്തിക വളര്‍ച്ചയുടെ സിരാകേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് ഇത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ശാസ്ത്രീയമായ പദ്ധതികള്‍ ദീര്‍ഘ വീക്ഷണത്തോടെ ആവിഷ്‌കരിച്ചുകൊണ്ടല്ലാതെ പൊതുജന ആരോഗ്യരംഗത്ത് കടമ നിര്‍വ്വഹിക്കുവാന്‍ നഗരസഭകളെ സജ്ജമാക്കാനാവില്ല. ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് അര്‍ഹമായ മുന്‍ഗണന കൊടുത്തുകൊണ്ട് രണ്ട് കോര്‍പ്പറേഷനുകളിലും ആറ് നഗരസഭകളിലും ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്ക് പ്രാരംഭം കുറിച്ചു. അതുപോലെ തെരഞ്ഞെടുത്ത ചില പഞ്ചായത്തുകളിലും ഖരമാലിന്യ സംസ്‌കരണം നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. ഭരണവും സാങ്കേതികവുമായ മാര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു.

ചെറിയ സമയത്തില്‍ കൂടുതല്‍ പ്രവര്‍ത്തനം എന്ന ചെര്‍ക്കളം അബ്ദുല്ല ശൈലി കേരള ഭരണത്തില്‍ തന്നെ പുതിയ അധ്യായമായി തീര്‍ന്നു. മുന്‍കാലങ്ങളില്‍ തുടക്കം കുറിച്ചതും മാറ്റിവെക്കപ്പെട്ടതും പാതിവഴിയില്‍ മുടങ്ങിയതുമായ പല പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കാനുള്ള ചെര്‍ക്കളത്തിന്റെ ശ്രമം വിജയിച്ചു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൃത്യനിഷ്ഠയും ദീര്‍ഘ വീക്ഷണവും കൊണ്ട് നേട്ടങ്ങള്‍ കൊയ്ത അനുഭവ പാഠങ്ങള്‍ ഭരണ രംഗത്ത് പ്രായോഗികമാക്കുന്നതിന് എളുപ്പത്തില്‍ സാധിച്ചു. ഓരോ വകുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ വരുമ്പോള്‍ സഹപ്രവര്‍ത്തകരായ മന്ത്രിമാരോടും അതുപോലെ വകുപ്പ്തല ഉദ്യോഗസ്ഥന്മാരോടും ഇടപെടുന്ന നയ ചാതുര്യം കൊണ്ട് എവിടെയും കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ തടസ്സങ്ങള്‍ ഉണ്ടായില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവരില്‍ നിന്ന് തന്നെ കേട്ട് പഠിച്ച് അവരില്‍ ഒരാളായി പ്രവര്‍ത്തിക്കുന്ന രീതിയുടെ വിജയമായിരുന്നു ചെര്‍ക്കളം അബ്ദുല്ല എന്ന മന്ത്രിയുടെ തന്ത്രം.

കാസര്‍കോട് നഗരം വളര്‍ന്നുവന്ന കാലത്ത് ടൗണില്‍ ഒരു ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയ ജനസേവനം, ഘട്ടങ്ങളായി വളര്‍ന്ന്, സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ചെര്‍ക്കളം അബ്ദുല്ലയുടെ നാമം കുറിക്കപ്പെട്ടു. നേതാവും, എംഎല്‍എയും ഒന്നും അല്ലാത്ത സമയത്ത് പ്രശ്‌നങ്ങളുമായി മുന്നില്‍ എത്തുന്നവരെ നിരാശപ്പെടുത്തിയില്ല. സര്‍ക്കാര്‍ ഓഫീസുകാര്യമായാലും പോലീസ് കേസ്സാണെങ്കിലും തേടി എത്തുന്നവര്‍ക്ക് ധൈര്യം പകര്‍ന്ന് കൂടെ നിന്ന് ചെര്‍ക്കളം സ്വന്തം നാട്ടിലെ ജനങ്ങളുടെ ഓരോ കാര്യങ്ങളിലും ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നടത്തി. വികസനങ്ങളുടെയെല്ലാം പിന്നില്‍ ചാലക ശക്തിയായി ഉറച്ച് നിന്ന് മഞ്ചേശ്വരം മണ്ഡലത്തിന്റെ എംഎല്‍എ ആയിരുന്ന കാലത്തും ചെര്‍ക്കളയിലെയും കാസര്‍കോട് ജില്ലയുടെ വികസന പ്രക്രിയകളിലും എന്നും മുന്നില്‍ നിന്നു.

നാടിന്റെ വിദ്യാഭ്യാസകാര്യത്തിന് വലിയ പരിഗണന നല്‍കി ചെര്‍ക്കള ഹൈസ്‌കൂള്‍ എന്ന ആശയം ഉയര്‍ന്നു വന്നപ്പോള്‍, ഹൈവേക്ക് അരികില്‍ തന്നെയുള്ള സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയ്യേറ്റത്തിന് ശ്രമങ്ങള്‍ നടത്തുമ്പോള്‍ നിയമപരമായ വഴികളില്‍ കൂടി ആ സ്ഥലം ചെര്‍ക്കള ഹൈസ്‌കൂളിന് വേണ്ടി അനുവദിക്കുകയും ഉടനെ സ്‌കൂള്‍ പാസാക്കി എടുക്കുകയും ചെയ്തു. ആദ്യത്തെ കെട്ടിടം പണിയാന്‍ നാട്ടുകാരുടെ മുന്നില്‍ സാമ്പത്തിക സഹായം തേടി രാപ്പകല്‍ ഇല്ലാതെ നടന്നു. വേഗതയില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ക്ലാസ്സുകള്‍ ആരംഭിക്കാന്‍ വഴിയൊരുക്കി. ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യം നേടി എടുക്കാനും ചെര്‍ക്കളം അബ്ദുല്ല തന്റെ രാഷ്ട്രീയ സ്വാധീനവും വ്യക്തിസ്വാധീനവും പ്രയോജനപ്പെടുത്തി, അതും നേടികൊടുത്തു.

കര്‍ണ്ണാടകയിലേക്കും കേരളത്തിന്റെ തെക്കന്‍ ഭാഗത്തേക്കും കടന്നുപോകുന്ന പ്രധാന ജംഗ്ഷനായ ചെര്‍ക്കളയില്‍ യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കാന്‍ ഒരു സൗകര്യവുമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം എന്നും മനസ്സില്‍ കൊണ്ടു നടന്നു. അതിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ മന്ത്രിപദവും കിട്ടി. സ്വകാര്യ പങ്കാളിത്തത്തോടെ (ബിഒടി) അടിസ്ഥാനത്തില്‍ ചെര്‍ക്കളയില്‍ മനോഹരമായ ബസ് സ്റ്റാന്റ് നിര്‍മ്മിച്ച് ജനങ്ങളുടെ ചിരകാല അഭിലാഷം നിറവേറ്റപ്പെട്ടു.

ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി പൊതുജന സേവന രംഗത്ത് സ്വന്തം പാത സ്വീകരിച്ച നേതാവാണ് ചെര്‍ക്കളം അബ്ദുല്ല. സ്വന്തം പാര്‍ട്ടിയുടെ, സമുദായത്തിന്റെ ഉന്നതിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോഴും മനുഷ്യപക്ഷത്ത് നിന്ന് കാര്യങ്ങള്‍ നോക്കി കാണാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാ ജനവിഭാഗങ്ങളുടെയും നേതാവായി സേവനം നടത്താന്‍ കഴിഞ്ഞു. അതിര്‍ത്തിയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ കര്‍ണ്ണാടക സര്‍ക്കാറിന്റെ സഹായ സഹകരണങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞത് ചെര്‍ക്കളം അബ്ദുല്ലയുടെ ബുദ്ധിപരമായ നീക്കങ്ങളിലൂടെയാണ്.

ആരുടെ മുന്നിലും ഓച്ചാനിച്ചു നില്‍ക്കുന്ന പ്രകൃതമല്ല. താന്‍ ഇരിക്കുന്ന സ്ഥാനങ്ങളുടെ മഹത്വം എന്നും അറിഞ്ഞ് പ്രവര്‍ത്തിച്ചു. ഉന്നതതല യോഗങ്ങളില്‍ പോലും ശരിയല്ലായെന്ന് തോന്നുന്ന കാര്യങ്ങള്‍ കണ്ടാല്‍ എത്ര ഉയര്‍ന്ന വ്യക്തിയോടാണെങ്കിലും തുറന്നു പറയാനുള്ള കാര്യം അപ്പോള്‍ തന്നെ തുറന്നു പറയും. അനീതിയാണെന്ന് തോന്നിയാല്‍ അതിന്റെ നീതി നടപ്പില്‍ വരുത്താന്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കും. സ്‌നേഹവും ആത്മാര്‍ത്ഥതയും നിറഞ്ഞ സ്വഭാവം കൊണ്ട് ഉദ്യോഗസ്ഥന്മാരുടെ മനസ്സില്‍ നല്ല സ്ഥാനം നേടാന്‍ ചെര്‍ക്കളം അബ്ദുല്ലയ്ക്ക് കഴിഞ്ഞു. അദ്ദേഹം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ അധികം ഉദ്യോഗസ്ഥന്മാരും തയ്യാറാകുന്നത് നീതിയുടെ പാതയില്‍ കൂടി സഞ്ചരിക്കുന്നത് കൊണ്ട് കൂടിയാണ്. കൃത്യനിഷ്ഠയും ഏത് കാര്യവും ആരുടെയും മുന്നില്‍ തുറന്നു പറയാനുള്ള കഴിവും ചെര്‍ക്കളത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. പാര്‍ട്ടി കാര്യങ്ങളായാലും വ്യക്തിപരമായ കാര്യങ്ങളായാലും ഉറച്ച നിലപാട് എടുക്കാന്‍ ലാഭനഷ്ടങ്ങള്‍ നോക്കില്ല.

ഓരോ പ്രവര്‍ത്തനത്തിലും ലക്ഷ്യവും ബോധവും ഉണ്ടാകും. വിശ്രമം എന്നത് ഒരിക്കലും ചെര്‍ക്കളത്തിന്റെ രീതിയല്ല. വെറുതെ ഇരുന്ന് സമയം കളയാന്‍ ജീവിതത്തില്‍ സമയം ഇല്ലായെന്ന ശൈലിയാണ്. പൊതുജീവിതത്തിന്റെ വിലപ്പെട്ട സമയം നാടിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കരുത്. തിളക്കമാര്‍ന്ന പ്രവര്‍ത്തനവും ആത്മാര്‍ത്ഥതയും കൊണ്ട് സമൂഹത്തില്‍ സ്വീകാര്യത നേടി എടുക്കണം എന്നതാണ് ചെര്‍ക്കളത്തിന്റെ ജീവിതം പഠിപ്പിക്കുന്നത്. വളര്‍ന്നുവരുന്ന തലമുറക്ക് ജനസേവന രംഗത്ത് വലിയ പാഠങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് ചെര്‍ക്കളം അബ്ദുല്ല ലോകത്തോട് വിട പറഞ്ഞത്. സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് എന്നപോലെ തന്നെ സാമുദായിക രംഗത്തും സംഘടനാ രംഗത്തും അതുപോലെ നാട്ടിലെ മഹല്ല് ജമാഅത്തിലും സമുദായത്തിന്റെ ഉന്നമനത്തിന് നേതൃത്വം നല്‍കി. ചെര്‍ക്കളം ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. പല സ്ഥാപനങ്ങളുടെയും ഭാരവാഹിയായി മുന്നില്‍ ഉണ്ടായിരുന്നു.

ബാപ്പയുടെ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തന വഴിയില്‍ മക്കളും ജനസേവനത്തിന്റെ പാതയില്‍ സഞ്ചരിച്ചു. ഭാര്യ ആയിഷ ചെര്‍ക്കളം 2005 മതുല്‍ 2010 വരെ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. മകള്‍ മുംതാസ് സമീറ അബ്ദുല്‍ മജീദ് 2010 ല്‍ മഞ്ചേശ്വരം ബ്ലോക്ക് ഡിവിഷനില്‍ നിന്നും മത്സരിച്ചു ജയിച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും, 2015 ല്‍ ജില്ലാ പഞ്ചായത്ത് സിവില്‍ സ്റ്റേഷനില്‍ നിന്നും ജില്ലാ പഞ്ചായത്ത് മെമ്പറായും 2020 ല്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് മെമ്പറായും തെരഞ്ഞെടുക്കപ്പെട്ടു. നാടിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങളില്‍ വ്യക്തതയോടെ ഇടപെടുന്ന മുംതാസ് സമീറ ജനങ്ങളുടെ ഇഷ്ടപ്പെട്ട ജനസേവകയാണ്. നാസര്‍ ചെര്‍ക്കളം എംഎസ്എഫിലും തുടര്‍ന്നു കുറെ കാലം മസ്‌ക്കറ്റ് കെഎംസിസിയുടെ സജീവ പ്രവര്‍ത്തക സാരഥിയായി പ്രവര്‍ത്തിച്ചു. കാസര്‍കോടിന്റെ ഏറ്റവും പ്രധാന പ്രശ്‌നമായ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസ് ആശുപത്രി കാസര്‍കോട് സ്ഥാപിക്കണമെന്ന ആവശ്യമായി സമരം സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മയുടെ നേതൃനിരയില്‍ സംഘാടകനായി പ്രവര്‍ത്തിക്കുന്നു. അഹമ്മദ് കബീര്‍ എംഎസ്എഫ് യൂത്ത് ലീഗ് സംഘടന പ്രവര്‍ത്തനങ്ങള്‍ എന്നപോലെ തന്നെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തും സജീവമാണ്.

സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് തിളക്കമാര്‍ന്ന ജീവിതം കാഴ്ചവെച്ച് 2018 ജൂലായ് 27 ന് വിട പറഞ്ഞ ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ സ്മരണ നിലനിര്‍ത്താന്‍ നാസര്‍ ചെര്‍ക്കളം പ്രസിഡന്റും ബി അഷ്‌റഫ് ജനറല്‍ സെക്രട്ടറിയായി ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ അജ്‌വ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ടിവിറ്റീസ് എന്ന സംഘടന രൂപീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വര്‍ഷം തോറും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മഹനീയ വ്യക്തിത്വങ്ങള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ നിര്‍ദ്ധനരായവരുടെ ഉന്നമനത്തിന് വേണ്ടി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുകയെന്നതും സംഘടനയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

Keywords:  Kerala, Article, Cherkalam Abdulla, Remembrance, Remembering, Politics, Kasaragod, Muslim-league, MSF, People, Education, Memories of Cherkalam Abadulla.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL