നവജാത ശിശുവിനെ ഇയർഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവം: നിർണായക വിവരം പുറത്തു വന്നു; പൊലീസ് സർജൻ്റ മൊഴി രേഖപ്പെടുത്തി; മാതാപിതാക്കളെയും ദമ്പതികളെയും വീണ്ടും ചോദ്യം ചെയ്തു; അറസ്റ്റ് ഉടൻ

ബദിയടുക്ക: (www.kasargodvartha.com 07.01.2021) നവജാത ശിശുവിനെ ഇയർഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ മാതാവ് ലാബ് ടെക്നീഷ്യനായ യുവതിയാണെന്ന് നിർണായക വിവരം പുറത്ത് വന്നു. 

Kerala, News, Kasaragod, Badiyadukka, Baby, Death, Lab technician, Police, Case, Top-Headlines, Arrest, Newborn baby killed with an earphone cable; Police recorded the sergeant's statement; Parents and couple questioned again; Arrest soon.

ബദിയടുക്ക ചെടേക്കാലിലെ യുവതിയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഉറപ്പിച്ചിരിക്കുന്നത്. ലാബ് ടെക്നീഷ്യൻ കോഴ്സ് കഴിഞ്ഞ് യുവതി സമീപ പ്രദേശത്തെ ഒരു ലാബിൽ ജോലി ചെയ്തിരുന്നു. കോവിഡ് കാലത്ത് ജോലി കുറഞ്ഞതിനാലാണ് തൽകാലം പോകാതിരുന്നത്.

യുവതി ഇതുവരെ കൊലപാതകം നടത്തിയത് സമ്മതിച്ചിട്ടില്ലെങ്കിലും ചോദ്യം ചെയ്യലിൽ പലതിനും ഉത്തരമില്ലാത്തത് കൊല നടത്തിയത് യുവതി തന്നെയാണെന്ന കാര്യത്തിൽ നിർണായക വഴിത്തിരിവായിരുന്നു.

കുഞ്ഞിനെ പ്രസവിച്ച ശേഷം പൊക്കിൾകൊടി മുറിച്ച് തുണിയിൽ പൊതിഞ്ഞ് ഇയർഫോണിൻ്റെ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. യുവതിയുടെ കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ നിന്നാണ് ചോരക്കുഞ്ഞിൻ്റെ മൃതദേഹം കണ്ടെടുത്തത്. യുവതിയെ കൊലയ്ക്ക് ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും എന്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്നും മാത്രമേ ഇനി അറിയേണ്ടതുള്ളുവെന്നും അന്വേഷണ സംഘം കാസർകോട് വാർത്തയോട് വെളിപ്പെടുത്തി.

ശാസ്ത്രീയമായ അന്വേഷണത്തിൻ്റെ ഭാഗമായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലെ പൊലീസ് സർജൻ്റ മൊഴി കേസന്വേഷിക്കുന്ന ബേഡകം സി ഐ ഉത്തംദാസ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുത്താൻ യുവതിയുടെ മാതാപിതാക്കളെയും യുവതിയെയും ഭർത്താവിനെയും ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്തു.

ഈ ചോദ്യം ചെയ്യലിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. വ്യാഴാഴ്ചയും യുവതിയെ ചോദ്യം ചെയ്യും. ലാബ് ടെക്നീഷ്യൻ ആയത് കൊണ്ട് പ്രസവ ശേഷം നടത്തേണ്ട കാര്യങ്ങളെല്ലാം യുവതിക്കറിയാമെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. വനിതാ പൊലീസിൻ്റെ സഹായത്തോടെ അനുനയ നീക്കത്തിലൂടെ നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി പൊലീസിന് വേണ്ടുന്ന ചില കാര്യങ്ങളിലെങ്കിലും ഉത്തരം നൽകിയത്.

കേസിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. കൊലയ്ക്കുള്ള കാരണമാണ് പൊലീസ് പ്രധാനമായും ഇപ്പോൾ അന്വേഷിക്കുന്നത്. യുവതി ഗർഭിണിയാണെന്ന വിവരം ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും മറച്ചുവെച്ചതും പൊലീസിനെ സംശയ നിഴലിലാക്കിയിരുന്നു. ആദ്യം പ്രസവത്തിലെ കുഞ്ഞ് പിറന്ന് വെറും മാസങ്ങൾ കഴിയും മുമ്പാണ് യുവതി രണ്ടാമതും ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തത്. ഇക്കാരണം കൊണ്ടാണോ യുവതി ഗർഭിണിയാണെന്ന വിവരം മറച്ചുവെച്ചതും പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന സംശയത്തിലാണ് പൊലീസ്.

രക്ത സ്രാവമുണ്ടായതിനെ ഇക്കഴിഞ്ഞ ഡിസംബർ 16ന് രാവിലെയാണ് യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. ഡോകടർ പരിശോധന നടത്തിയപ്പോഴാണ് മണിക്കൂറുകൾക്ക് മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നു വെന്ന് വ്യക്തമായത്.

ഡോക്ടറിൽ നിന്നാണ് ഭർത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത് എന്നാണ് പറയുന്നത്. തുടർന്ന് വീട്ടിലെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ഗർഭിണിയായത് അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

പരിയാരം മെഡികൽ കോളജിലെത്തി പോസ്റ്റ്മോർടം നടത്തിയ പൊലീസ് സർജൻ്റെ മൊഴിയെടുത്തതിൽ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായിട്ടുണ്ട്. നിർണായക വിവരങ്ങൾ ലഭിച്ചതായും പ്രതിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ ഉത്തംദാസ് അറിയിച്ചു.

Keywords: Kerala, News, Kasaragod, Badiyadukka, Baby, Death, Lab technician, Police, Case, Top-Headlines, Arrest, Newborn baby killed with an earphone cable; Police recorded the sergeant's statement; Parents and couple questioned again; Arrest soon.
< !- START disable copy paste -->


Post a Comment

Previous Post Next Post