പെണ്ണുകിട്ടാതെ പുരനിറഞ്ഞു നില്‍ക്കുന്നവരെ സഹായിക്കാൻ സ്ത്രീകൾ തന്നെ രംഗത്ത്; കുടുംബശ്രീയുടെ വിവാഹ ബ്യൂറോയ്ക്ക് മികച്ച പ്രതികരണം

കാഞ്ഞങ്ങാട്‌: (www.kasargodvartha.com 07.01.2021) പെണ്ണുകിട്ടാതെ പുരനിറഞ്ഞു നില്‍ക്കുന്നവരെ സഹായിക്കാൻ സ്ത്രീകൾ തന്നെ രംഗത്ത്. കുടുംബശ്രീയുടെ വിവാഹ ബ്യൂറോയ്ക്ക് മികച്ച പ്രതികരണം. ജില്ലാ അടിസ്ഥാനത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് വിവാഹ ബ്യൂറോ ആരംഭിച്ചത്.

പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം കാഞ്ഞങ്ങാട്ടുവെച്ചാണ് കഴിഞ്ഞ ദിവസം നടന്നത്. ഉചിതമായ വിവാഹ ബന്ധം ലഭിക്കാത്തതിന്റെ പേരില്‍ ജില്ലയില്‍ ആയിരക്കണക്കിനു യുവതീ- യുവാക്കളാണ്‌ വിവാഹിതരാകാതെ കഴിയുന്നത്‌. ഇത്തരക്കാരില്‍ വലിയൊരു ശതമാനവും പുരുഷന്മാരാണ്‌. പെണ്ണു കിട്ടാത്തതിനാല്‍ 50 വയസായിട്ടും കല്യാണം കഴിക്കാത്ത യുവാക്കളും സമൂഹത്തിൽ ധാരാളമുണ്ട്‌. 

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയിലെ കുടക്, പുത്തൂർ ഭാഗങ്ങളിൽ നിന്നും അടക്കം നിരവധി യുവതികളെ വിവാഹം ചെയ്‌തു കൊണ്ടുവന്നവര്‍ നിരവധിയാണ്. ഇപ്പോൾ അവിടങ്ങളിലും യുവതികള്‍ക്കു ക്ഷാമം ഉണ്ടായതോടെ നിരവധി ചെറുപ്പക്കാരുടെ വിവാഹ ജീവിതമെന്ന മോഹമാണ് ഇല്ലാതാകുന്നത്.

ഇത്തരക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇപ്പോള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവാഹ ബ്യൂറോ ആരംഭിച്ചതെന്ന് കാഞ്ഞങ്ങാട് നഗരസഭ സി ഡി എസ് ചെയർപേഴ്സൺ പ്രേമ കാസർകോട് വാർത്തയോട് പറഞ്ഞു.

Excellent response to Kudumbasree's Marriage Bureau

കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് വിവാഹ ബ്യൂറോ ആരംഭിച്ചത്. കാഞ്ഞങ്ങാട് ബ്ലോക് ഓഫീസിലാണ് വിവാഹ ബ്യൂറോ പ്രവർത്തിക്കുന്നത്. 1000 രൂപ അടച്ച്‌ സി ഡി എസ്‌ മുഖാന്തിരം പേര്‌ രജിസ്റ്റര്‍ ചെയ്യണം. ഒരു വര്‍ഷമാണ്‌ ഈ രജിസ്‌ട്രേഷന്റെ കാലാവധി. പെൺകുട്ടികൾക്ക് മൂന്ന് മാസം രജിസ്ട്രേഷൻ സൗജന്യമാണ്. വിധവകൾക്കും ട്രാൻസ്ജെൻഡറുകൾക്കും മുന്‍ഗണന ലഭിക്കും. 

നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്‌ഘാടനം ചെയ്‌തു. വെബ്‌സൈറ്റ്‌ ബ്ലോക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മണികണ്‌ഠന്‍ ഉദ്‌ഘാടനം ചെയ്‌തു. ഉദ്ഘാടനത്തിന് പിറ്റേ ദിവസം തന്നെ നിരവധി പേർ ആലോചനയുമായി സമീപിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ ഭാരവാഹികൾ പറഞ്ഞു. നിരവധി യുവാക്കൾ നേരിട്ട് ഓഫീസിലെത്തി. ആലോചനയുമായി വരുന്നവരുടെ വിവാഹ അഭ്യർത്ഥനകൾ കുടുംബശ്രീ അംഗങ്ങളുടെ വാട്സാപ് ഗ്രൂപുകളിലും നൽകും. ഓരോ പഞ്ചായത്തിലും രണ്ട് വീതം കോ-ഓഡിനേറ്റർമാരെ നിയമിച്ചിട്ടുണ്ട്. 

ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തുന്നതിന് വെബ് സൈറ്റ് രൂപകൽപന ചെയ്തിട്ടുണ്ട്.  അപേക്ഷകരുടെ വിവരങ്ങൾ ഓൺലൈനിൽ നൽകും. ഒരു വർഷം കഴിഞ്ഞാൽ രജിസ്ട്രേഷൻ പുതുക്കേണ്ടി വരും.

പനത്തടി പഞ്ചായത്തിൽ മാസങ്ങൾക്ക് മുമ്പ് കുടുംബശ്രീയുടെ കീഴിൽ ചെറിയ രീതിയിൽ വിജയകരമായി വിവാഹബ്യൂറോ തുടങ്ങിയിരുന്നു. 

തികച്ചും ഫ്രൊഫഷണൽ രീതിയിലാണ് വിവാഹബ്യൂറോ പ്രവർത്തിക്കുക. ഇതിനായി പരിശീലനവും കുടുംബശ്രീ പ്രവർത്തകർക്ക് ലഭിച്ചിരുന്നു.

Keywords: Kerala, News, Kasaragod, Kanhangad, Kudumbasree, Marriage, Online-registration, Top-Headlines, Trending, Excellent response to Kudumbasree's Marriage Bureau.
< !- START disable copy paste -->


Post a Comment

Previous Post Next Post