നീരൊഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച എഞ്ചിനീയറിംഗ് കോളജിന്റെ മതില്‍ തകര്‍ന്നു; കൃഷി നശിക്കുന്നു

ബോവിക്കാനം: (www.kasargodvartha.com 16.11.2020) നീരൊഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച മതില്‍ തകര്‍ന്നു മുകനും ബധിരനുമായ കര്‍ഷകന്റെ കൃഷി നശിക്കുന്നു. മുളിയാര്‍ മുലയടുക്കം പാറച്ചാലിലെ പി  ചന്തു നായരുടെ പച്ചക്കറി കൃഷിയാണ് നശിച്ചത്.


എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജിന്റെ മതിലാണ് തകര്‍ന്നത്. നീരൊഴുക്ക് തടസ്സപ്പെടുത്തും വിധം കെട്ടി ഉയര്‍ത്തിയ മതിലാണ് തകര്‍ന്നത്. മതില്‍ തകന്ന് 10 മീറ്ററോളം താഴ്ചയിലുള്ള ചന്തു നായരുടെ കൃഷിയിടത്തിലേക്കാണ് വീണത്. ചന്തു നായര്‍ പച്ചക്കറിയും മറ്റും കൃഷി ചെയ്താണ് ഉപജീവനം കഴിക്കുന്നത്. ചെളിയും കല്ലും കൃഷിയിടത്തില്‍ പതിച്ചതോടെ കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. 50 മീറ്ററോളം നീളത്തിലാണ് മതില്‍ തകര്‍ന്നത്. 10 വര്‍ഷം മുന്‍പാണ് കോളജ് മതില്‍ നിര്‍മ്മിച്ചത്. അടുത്ത കാലത്ത് മതിലിനോട് ചേര്‍ന്ന് നിരവധി ലോഡ് ചെമ്മണ്ണ് ഇട്ടതാണ് മതില്‍ തകരാന്‍ കാരണമായതെന്ന് പറയുന്നു. കോളജിന് സ്‌റ്റേഡിയം നിര്‍മ്മിക്കാനായി നിലം ഒരുക്കിയപ്പോള്‍ ബാക്കി വന്ന ചെമ്മണ്ണ് മതിലിനോട് ചേത്ത് ഇട്ടിരുന്നു. മഴവെളളം ഒഴുകി പോകുന്നത് ഇതോടെ തടസ്സപ്പെട്ടു.

മഴ ശക്തമാവുമ്പോള്‍ ഇത് വഴി ഒഴുകുന്ന ചാലും കരകവിഞ്ഞൊഴുകുകയാണ്. ചെളി വെള്ളവും മണ്ണും വീഴുന്നത് ചന്തു നായരുടെ കൃഷിയിടത്തിലേക്കാണ്. മാത്രവുമല്ല മൂലയടുക്കം കോളനിവാസികള്‍ക്ക് ബോവിക്കാനത്തേക്ക് പോകുന്ന വഴിയും മണ്ണിടിഞ്ഞ് വീണതോടെ തടസ്സപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന അധികൃതരുടെ നിലപാട് തിരുത്തണമെന്ന് പരിസരവാസികളായ പി കുമാരന്‍ നായര്‍, പി ഭാസ്‌കരന്‍നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Bovikanam, Kerala, News, College, Agriculture, Collapse, The wall of the College of Engineering collapsed

Post a Comment

Previous Post Next Post