City Gold
news portal
» » » » » » » » പുണ്യ ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തി; സ്വാഗതം ഈദുല്‍ ഫിത്വര്‍

സലാം കന്യപ്പാടി

(www.kasargodvartha.com 23.05.2020) വിശ്വാസി സമൂഹത്തിനും മനുഷ്യരാശിക്കും ഭൂലോകത്തിന് തന്നെയും അനുഗ്രഹങ്ങൾ ഏറെ വർഷിച്ച് മണ്ണും വിണ്ണും പുളകമണിഞ്ഞ പുണ്യ ദിനരാത്രങ്ങൾക്ക് പരിസമാപ്‌തി കുറിച്ച് ഈദുൽ ഫിതറിന്റെ ചന്ദ്രക്കല മാനത്തു ദൃശ്യമായിരിക്കുന്നു. പാപപങ്കിലമായ ഹൃദയങ്ങളെ വ്രതശുദ്ധിയിൽ സ്ഫുടം ചെയ്‌തെടുത്ത് സൃഷ്ടാവിൻറെ ഔന്നിത്യങ്ങളെ വാഴ്ത്തി പരംപുരാനിൽ വിശ്വാസമർപ്പിച്ച് വിശ്വാസി സമൂഹം ഇബാദത്തുകളിലും ദാനധർമ്മങ്ങളിലുമായി സ്വന്തം ശരീരത്തെ തഖ്‌വ കൊണ്ടും തന്റെ സമ്പത്തിനെ ദാനർമ്മങ്ങളും സകാതുകളും കൊണ്ട് ശുദ്ധീകരിച്ച് പാപക്കറകൾ കഴുകി കളഞ്ഞു. ഇന്നിതാ പുതിയ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ശവ്വാലിന്റെ പൊൻപുലരി വിശ്വാസികൾക്ക് സന്തോഷിക്കാനുള്ളതാണ്. സൃഷ്ടാവായ തമ്പുരാന്റെ കല്പന കൂടിയാണത്.തന്റെ കല്പനകളെ ശിരസാ വഹിച്ച് ഒരു മാസം പകൽ മുഴുവനും അന്നപാനീയങ്ങൾ വെടിഞ്ഞു പ്രാർത്ഥനകളിൽ മുഴുകി മനസ്സിനെയും ശരീരത്തെയും ഹറാമുകളിൽ നിന്നും പിന്തിരിപ്പിച്ചു തിന്മകൾ വെടിഞ്ഞു നന്മകൾ അധികരിപ്പിച്ച വിശ്വാസികൾക്ക് ദയാലുവായ അല്ലാഹുവിന്റെ വലിയൊരു സമ്മാനം. റമദാനിന്റെ പവിത്രമായ മുഴുവൻ രാപ്പലുകളിലും നരകമോചനം നൽകിയ എണ്ണത്തിന് തുല്യമായതോ അതിന്റെ പതിന്മടങ്ങുകളോ എണ്ണം ഈ രാത്രിയിൽ മാത്രം നരകമോചനം നൽകുന്ന കാരുണ്യവാൻ, അവന്റെ അടിയറുകളോടുള്ള ഈ സ്നേഹവായ്പിന് മുമ്പിൽ തന്റെ ജീവിതകാലം മുഴുവനും സാഷ്ടാംഗം വീണ് ശുക്റോതിയാലും മതിയാവുകയില്ല.

ജീവിതത്തിൽ ആദ്യമായി പള്ളികളടഞ്ഞു കിടന്ന ഒരു റമദാനായിരുന്നു ഈ കോവിഡ് കാലം. അധാർമിക വഴിയിൽ സഞ്ചരിക്കുന്ന മനുഷ്യ കുലത്തിന് സൃഷ്ടാവായ തമ്പുരാൻ നൽകുന്ന ചെറിയൊരു ഷോക്ക് ട്രീറ്റ്മെന്റ് ആവാം ഒരു പക്ഷെ ഇത്തരം പരീക്ഷണങ്ങൾ. അള്ളാഹു അഹ്‌ലം... ! കാണാനാകാത്ത വൈറസുകളിൽ ലോകം വിറച്ചു. ഭൂമിയിലെ ഏറ്റവും വലിയ ശക്തിരാജ്യങ്ങളാണെന്ന് അഹങ്കരിച്ചു നടന്നവർ, തങ്ങളറിയാതെ ഒരു ഈച്ച പോലും ഇവിടെ പറക്കില്ല എന്നു വീമ്പു പറഞ്ഞവർ, ഒരു വിരൽ തുമ്പൊന്ന് ചലിപ്പിച്ചാൽ ലോകത്തെ തരിപ്പണമാക്കാമെന്ന് വ്യാമോഹിച്ചവർ ഒക്കെയും ഈ വൈറസ് വ്യാപനത്തിന് മുമ്പിൽ അടിയറവ് പറഞ്ഞു. ആവോളം സമ്പത്തു കുന്നു കൂട്ടി വെച്ച് അതിന് മുകളിൽ അടയിരുന്നവർ പോലും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കൈ നീട്ടിയ നാളുകൾ.....

പടച്ച റബ്ബ് ഓർമിപ്പിക്കുകയാണ് പലതും... മുൻകാല സമൂഹങ്ങൾക്ക് താക്കീത് നൽകിയത്, പ്രളയങ്ങളായും പേമാരികളായും, കൊടുങ്കാറ്റുകളായും സുനാമി തിരമാലകളായും, അഗ്നിപർവ്വത വിസ്ഫോടങ്ങളായും കാലങ്ങൾ ഇടവിട്ടുള്ള ചില താക്കീതുകൾ...  ആനപ്പടയുമായി കബാലയം പൊളിക്കാൻ വന്ന അബ്രഹത്തിനെയും കൂട്ടരെയും നശിപ്പിക്കാൻ നിസ്സാരൻമാരായ ചെറിയൊരു കൂട്ടം വെട്ടുകിളികൾ മതിയായെങ്കിൽ, അള്ളാഹുവിന് ഒന്നും ഒരു തടസ്സവും ഇല്ല.

മുഹ്മിനേ നമുക്ക് മടങ്ങാം. ഇന്നലെകളിൽ നാം അറിഞ്ഞും അറിയാതെയും ഒരുപാടൊരുപാട് തെറ്റുകൾ ചെയ്തു. ദയാലുവായ റബ്ബ് അതൊക്കെയും മാപ്പാക്കി തരും. ഇനിയങ്ങോട്ട് ഒരു തെറ്റിലേക്കും ഞാനില്ല എന്നും പരമാവധി സൂക്ഷ്മതയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുമെന്നും ഈ പുണ്യ ദിനത്തിൽ പ്രതിജ്ഞയെടുക്കാം. അതാവട്ടെ ഈ കോവിഡ് പഠിപ്പിച്ച കാലത്തെ ഈദ് സന്ദേശവും. കുല്ലു ആം വ അംതും ബി ഖൈർ

Keywords: Eid-al-Fitr-2020, Article, Trending, Top-Headlines, Eid, Celebration, Salam Kanyapady, Welcome Eid-al-Fitr

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date