പി എസ് സി ഇന്ന് പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനായി മാറി: അഡ്വ. കെ ശ്രീകാന്ത്

പി എസ് സി ഇന്ന് പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനായി മാറി: അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 08.11.2019) സിപിഎം ഭരണത്തിലെത്തിയതോടെ പി എസ് സി  എന്നത് പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനെന്നായി മാറിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രഡിന്റ്  അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. കന്നഡ മീഡിയം വിദ്യാലയങ്ങളില്‍ കന്നഡ അറിയാത്ത അധ്യാപകരുടെ നിമയനം പിന്‍വലിക്കുക, കന്നഡ-മലയാളം പി എസ് സി  എല്‍ഡി ക്ലര്‍ക്ക് പരീക്ഷ തട്ടിപ്പ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ബിജെപി ജില്ലാ കമ്മറ്റി പിഎസ്സി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


എല്‍ഡി ക്ലര്‍ക്ക് കന്നഡ വിഭാഗത്തിലേക്ക് നടത്തിയ പരീക്ഷയ്ക്കുള്ള സെന്ററുകള്‍ കാസര്‍കോട് ജില്ലയ്ക്ക് പുറത്ത് അനുവദിച്ചത് പ്രതിഷേധാര്‍ഹമാണ്. ഇതിലൂടെ തട്ടിപ്പിന് കളമൊരുക്കുകയാണ് പി എസ് സി ചെയ്തിരിക്കുന്നത്. കന്നഡ വിഭാഗത്തിന് നടത്തിയ പരീക്ഷയില്‍ കന്നഡയെ അവഗണിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നും ആക്ഷേപം ശക്തമാണ്. വിവാദമായ പരീക്ഷ റദ്ദാക്കി പുതിയത് നടത്താന്‍ പിഎസ്സി തയ്യാറാകണം. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വര്‍ദ്ധിച്ച് വരികയാണെന്നും കന്നഡ ന്യൂനപക്ഷ വിദ്യാലയങ്ങളില്‍ മലയാളം അടിച്ചേല്‍പ്പിക്കുന്ന പ്രവണത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. പിഎസ്സി പരീക്ഷ തട്ടിപ്പ് സിബിഐയെ കൊണ്ട് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതാണ്. കമ്മീഷന്‍ പറ്റി കുട്ടിസഖാക്കളെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ തിരുകി കയറ്റി നിമയിക്കാനുള്ള ഏജന്‍സിയായി പി എസ് സി  മാറിയിരിക്കുകയാണ്. ഏകെജി സെന്ററില്‍ നിന്ന് നല്‍കുന്ന പട്ടിക അതുപോലെ അംഗീകരിക്കലാണ് സര്‍ക്കാര്‍ നിയമനങ്ങളില്‍ നടക്കുന്നതെന്നും ശ്രീകാന്ത് ആരോപിച്ചു.

യോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര ഭട്ട് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേകള, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീളാ സി നായ്ക്, സമിതി അംഗങ്ങളായ പി സുരേഷ് കുമാര്‍ ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് സവിത ടീച്ചര്‍, സെക്രട്ടറിമാരായ എം ബാലരാജ്, കുഞ്ഞികണ്ണന്‍ ബളാല്‍, എന്‍ സതീഷ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ വി മാത്യു, എസ്സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ കെ കയ്യാര്‍, ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം ഭാസ്‌കരന്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് കൂളൂര്‍ സതീഷ്ചന്ദ്ര ഭണ്ഡാരി തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാട സ്വാഗതവും, ബിജപി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി ആദര്‍ഷ് ബി എം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: news, Kerala, kasaragod, Top-Headlines, psc, Adv.Srikanth, Police, Malayalam, bjp kasargod district committy against psc