വികസനം പറഞ്ഞ് വോട്ട് ചോദിക്കാന്‍ കഴിയാത്തവര്‍ വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നു: കെ സി വേണുഗോപാല്‍

മഞ്ചേശ്വരം: (www.kasargodvartha.com 12.10.2019) മഞ്ചേശ്വരത്ത് വികസനം പറഞ്ഞ് വോട്ട് ചോദിക്കാന്‍ കഴിയാത്തവര്‍ വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍. പൈവളിഗയിലെ പെര്‍മുദെയില്‍ യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ബി ജെ പി രാജ്യത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. സാമ്പത്തിക കെട്ടുറപ്പ് പാടേ തകര്‍ന്നു. വ്യവസായ മേഖല തകര്‍ന്നു. ഓട്ടോമൊബൈല്‍ രംഗത്ത് 3 .5 ലക്ഷം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ചെറുകിട വ്യവസായം തകര്‍ന്നു. രാജ്യം പ്രതിസന്ധിയിലാകുമ്പോള്‍ കപട രാജ്യസ്‌നേഹം വിളമ്പി വീഴ്ചകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍.

കേരളത്തില്‍ ഇടത് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായി മാറി. കാസര്‍കോട്ടെ ദേശീയപാതയുടെ തകര്‍ച്ചയുടെ ക്രെഡിറ്റ് ബി ജെ പിക്കും സി പി എമ്മിനും വീതിച്ചെടുക്കാമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഓഡിറ്റിങ്ങില്ലാത്ത കിഫ്ബി പദ്ധതികള്‍ അഴിമതി നടത്താന്‍ വേണ്ടിയാണ്. കപട കമ്യൂണിസ്റ്റുകളായി കേരളത്തിലെ സി പി എം അധപതിച്ചു.

മഞ്ചേശ്വരത്ത് യു ഡി എഫ് വന്‍ വിജയം നേടുമെന്നും, ചെര്‍ക്കളവും പി ബി അബ്ദുറസാഖും നടപ്പിലാക്കിയ വികസനത്തുടര്‍ച്ചക്ക് യു ഡി എഫിനെ വിജയിപ്പിക്കാന്‍ ജനങ്ങള്‍ തയാറെടുത്തതായും അദ്ദേഹം പറഞ്ഞു.

മഞ്ചുനാഥ ഷെട്ടി അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം കെ രാഘവന്‍ എം പി, മുന്‍ മന്ത്രിമാരായ രാമനാഥ റൈ, വിനയകുമാര്‍ സൊര്‍ക്കെ, യു ടി ഖാദര്‍, പി സി വിഷ്ണുനാഥ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, ഹക്കീം കുന്നില്‍, കെ പി കുഞ്ഞിക്കണ്ണന്‍, സി കെ ശ്രീധരന്‍, പി കെ ഫൈസല്‍, ജെ എസ് സോമശേഖരന്‍, കല്ലട്ര മാഹിന്‍ ഹാജി, എ ഗോവിന്ദന്‍ നായര്‍, ബാലകൃഷ്ണന്‍ പെരിയ, സാജിദ് മവ്വല്‍, ഹര്‍ഷാദ് വോര്‍ക്കാടി, നോയല്‍ ടോമിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, news, kasaragod, by-election, Manjeshwaram, Congress, Trending, UDF convention conducted at permude
Previous Post Next Post