വീട്ടില്‍ വളര്‍ത്തിയ എമുവിനെ തട്ടിയെടുത്ത് കറിവെച്ച് മദ്യത്തിനൊപ്പം വിളമ്പി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

രാവണേശ്വരം: (www.kasargodvartha.com 12.10.2019) വീട്ടില്‍ വളര്‍ത്തിയിരുന്ന എമു പക്ഷിയെ തട്ടിയെടുത്ത് കറിയാക്കി മദ്യത്തിനോടൊപ്പം വിളമ്പിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുക്കൂട് ജി എല്‍ പി സ്‌കൂള്‍ പരിസരത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന അഞ്ചു വര്‍ഷം പ്രായമുള്ള രണ്ട് എമുപക്ഷികളില്‍ ഒന്നിനെ തട്ടിയെടുത്ത് കറിയാക്കി മദ്യത്തിനൊപ്പം വിളമ്പിയ സംഭവത്തെക്കുറിച്ചാണ് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചത്.അഞ്ചു വര്‍ഷം മുമ്പ് മുഹമ്മദ്കുഞ്ഞി കാസര്‍കോട് നിന്നും 35,000 രൂപ വില കൊടുത്ത് വാങ്ങിയ രണ്ട് എമു പക്ഷികളില്‍ ഒന്നിനെയാണ് കൊന്ന് കറിവെച്ചത്. ആണും പെണ്ണുമായി രണ്ട് എമുവാണ് മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്നത്. മുഹമ്മദ്കുഞ്ഞിയും കുടുംബവും ഈ രണ്ട് എമുവിനെയും ഓമനിച്ചാണ് വളര്‍ത്തിയിരുന്നത്. ഇടയ്ക്കിടെ ഇവ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങുമെങ്കിലും എമു മുഹമ്മദ് കുഞ്ഞിയുടേതാണെന്നറിഞ്ഞ് നാട്ടുകാര്‍ വിവരമറിയിക്കും. പിന്നീട് ഇവര്‍ വാഹനവുമായി ചെന്ന് എമുവിനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യും. മുഹമ്മദ്കുഞ്ഞിയുടെ മകന്‍ സെയ്ദിന്റെ പ്രിയപ്പെട്ട കൂട്ടുകാരാണ് ഈ രണ്ട് എമുപക്ഷികളും. കഴിഞ്ഞ നാലു ദിവസം മുമ്പാണ് രണ്ട് എമുവിനെയും കാണാതായത്. എന്നാല്‍ അലഞ്ഞുതിരിഞ്ഞ് രാവണേശ്വരത്തെത്തിയ എമുപക്ഷികളെ നാട്ടുകാര്‍ കെട്ടിയിട്ട് വീട്ടുകാരെ വിവരമറിയിച്ചു.

എന്നാല്‍ ഇതില്‍ പെണ്‍പക്ഷിയെ ചിലര്‍ കെട്ടിയിട്ട സ്ഥലത്തു നിന്നും അഴിച്ചുകൊണ്ടുപോയി. എമു മുഹമ്മദ്കുഞ്ഞിയുടേതാണെന്നും കൊണ്ടുപോകരുതെന്നും നാട്ടുകാര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. പിന്നീട് ഒന്നിനെ വീട്ടുകാര്‍ തിരികെ കൊണ്ടുപോയെങ്കിലും പെണ്‍പക്ഷിയെക്കുറിച്ച് ഏറെ അന്വേഷണം നടത്തിയിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടയിലാണ് രാവണേശ്വരത്തുകാരായ ഏതാനുംപേര്‍ എമുവിനെ അറുത്ത് കറിവെച്ച ശേഷം മദ്യത്തോടൊപ്പം സേവിച്ചതായി വിവരം ലഭിച്ചത്. തുടര്‍ന്ന് മുഹമ്മദ്കുഞ്ഞിയുടെ ബന്ധുവായ മുക്കൂടിലെ ജാഫര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ജാഫറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് എസ്ഐ മുകുന്ദന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുട്ടയിട്ടുകൊണ്ടിരിക്കുന്ന എമുവിനെയാണ് തട്ടിക്കൊണ്ടുപോയി കറിവെച്ചത്. ഏറെ ഔഷധമൂല്യമുള്ള എമു മുട്ടക്ക് 1,000 രൂപയോളം വിലയുണ്ട്. എമുവിന്റെ ഇറച്ചിക്ക് കിലോവിന് 1,000 രൂപയോളവും തൂകലിന് 4,000ത്തോളം രൂപയും സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന എമു എണ്ണക്ക് ലിറ്ററിന് 4,000 ത്തോളം രൂപയും വില വരും. എമുവിന്റെ ചര്‍മ്മത്തില്‍ നിന്നും അഞ്ച് മുതല്‍ ആറ് ലിറ്റര്‍ വരെ എണ്ണ ലഭിക്കാറുണ്ട്. ഇത്രയും വിലപിടിപ്പുള്ള പക്ഷിയെയാണ് തട്ടിക്കൊണ്ടുപോയി മദ്യത്തിനൊപ്പം ടച്ചിംഗ്സിനായി ഉപയോഗിച്ചത്.

എമുവിനെ തട്ടിക്കൊണ്ടുപോയി കറിവെച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതോടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ ചില ഭരണകക്ഷി നേതാക്കള്‍ പോലീസില്‍ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നേതാക്കളില്‍ ചിലര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിലപിടിപ്പുള്ള എമു പക്ഷിയെ തട്ടിക്കൊണ്ടുപോയി കൊന്നു കറിവെച്ചവരെ രക്ഷപ്പെടുത്താന്‍ ചില നേതാക്കള്‍ രംഗത്ത് വന്നത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Police, case, Ravaneshwaram, Killed, Alcohol, Emu, Police station, Police investigation started on Emu killed case
Previous Post Next Post