കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് പോകുന്നു; കര്‍ശന നടപടിക്കൊരുങ്ങി ട്രാഫിക് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 11.10.2019) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് പോകുന്നത് നാട്ടുകാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ദുരിതമാകുന്നു. സംഭവത്തില്‍ കര്‍ശന നടപടിക്കൊരുങ്ങിയിരിക്കുകയാണ് ട്രാഫിക് പോലീസ്. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും തെരുവത്തുമായാണ് ദീര്‍ഘദൂര യാത്രക്കെത്തുന്ന യാത്രക്കാര്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത് പോകുന്നത്. ഇവിടെ നാട്ടുകാരും ട്രാഫിക് പോലീസും ഇടപെട്ട് പാര്‍ക്കിംഗ് നിരോധിച്ചതായി ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനടിയില്‍ തന്നെ കാര്‍ പാര്‍ക്ക് ചെയ്താണ് പോകുന്നത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളുടെ നീണ്ടനിര തന്നെ കാണാം.

തെരുവത്ത് റോഡരികിലും മറ്റും കാര്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം നിരവധി ആവശ്യങ്ങള്‍ക്കായെത്തുന്ന നാട്ടുകാര്‍ക്ക് വന്‍ ദുരിതമായി തീരുന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ പള്ളിയിലേക്കെത്തുന്ന നാട്ടുകാര്‍ക്ക് ഇതുമൂലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണുണ്ടാകുന്നത്. റെയില്‍വേ സ്റ്റേഷനില്‍ പേ പാര്‍ക്കിംഗ് സംവിധാനമുണ്ടെങ്കിലും പണം കൊടുക്കേണ്ടിവരുന്നതിനാല്‍ അതുപയോഗിക്കാതെ റോഡരികില്‍ തന്നെ കാര്‍ പാര്‍ക്ക് ചെയ്ത് പോവുകയാണ് ട്രെയിന്‍ യാത്രക്കാര്‍ ചെയ്യുന്നത്. സംഭവംസംബന്ധിച്ച് നാട്ടുകാര്‍ ട്രാഫിക് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് ഫൈന്‍ ഈടാക്കി വരുന്നതായും കാസര്‍കോട് ട്രാഫിക് എസ് ഐ രഘൂത്തമന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തുടര്‍ന്നും കര്‍ശന നടപടിയുണ്ടാകുമെന്നും അനധികൃതമായി കാര്‍ പാര്‍ക്ക് ചെയ്യുന്നവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്ത് പിഴയീടാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും എസ് ഐ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Railway station, Illegal parking in Kasaragod Railway Station road
  < !- START disable copy paste -->
Previous Post Next Post