city-gold-ad-for-blogger
Aster MIMS 10/10/2023

പി മുഹമ്മദ്കുഞ്ഞി മാഷ് യഥാര്‍ത്ഥ ലീഗ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച പ്രഭാഷകന്‍

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 12.04.2019) അത്യുത്തര കേരളത്തിന്റെ പ്രഗത്ഭനായ മുസ്ലിം ലീഗ് നേതാക്കളിലൊരാളെയാണ് നഷ്ടമായതെന്ന്, ഇക്കഴിഞ്ഞ ആഴ്ച വിട പറഞ്ഞ പി. മുഹമ്മദ്കുഞ്ഞി മാഷിനെ കുറിച്ച് നിസംശയം പറയാം. കാസര്‍കോടിന്റെ ഒരു കാലഘട്ട ലീഗിന്റെ യുവ പ്രാസംഗീകരുടെ നിരയില്‍ പ്രഥമ പരിഗണനീയനായിരുന്നു അദ്ദേഹം. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഉത്തര മേഖലകളില്‍ യോഗം ആരംഭിക്കാന്‍ മുഹമ്മദ്കുഞ്ഞി മാഷെ കാത്തിരുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ ഓര്‍മ്മ വരുന്നു. പക്ഷെ മാഷ് വെറും പ്രാസംഗികള്‍ മാത്രമായിരുന്നില്ല. മാഷുമായുള്ള സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ എന്നെ കൂട്ടിക്കൊണ്ട് പോകുന്നത് എഴുപതുകളുടെ രണ്ടാം പകുതിയിലേക്കാണ്. കൃത്യമായി പറഞ്ഞാല്‍, അടിയന്തിരാവസ്ഥാനന്തര കാലഘട്ടത്തിലേക്ക്.  ലീഗ് പിളര്‍ന്ന് അന്ന് പരസ്പരം വിളിച്ചിരുന്ന പോലെ, കോയാ ലീഗും കേയീ ലീഗുമായി പിരിഞ്ഞപ്പോള്‍, യാദൃച്ഛീകമായി അണികളെല്ലാം കോയാ ലീഗിലും നേതാക്കളെല്ലാം കേയീ ലിഗിലും ആയിപ്പോയിരുന്നു. രണ്ട് കൂട്ടരും പാര്‍ട്ടി വളര്‍ത്താന്‍ വേണ്ടി കാസര്‍കോടിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും, പാര്‍ട്ടി അണികള്‍ ഒരു കിടമാത്സര്യത്തോടെ നാടും നഗരവും ഉഴുതു മറിക്കുന്ന ഒരു കാലം കൂടിയായിരുന്നു. അത്. അന്ന് മുഹമ്മദ്കുഞ്ഞി മാഷിനെ പോലുള്ളവര്‍ അവിശ്രാന്തം ഓടിച്ചാടി പാര്‍ട്ടി വളര്‍ത്തുകയായിരുന്നു.

ആ സന്ദര്‍ഭത്തെ സംബന്ധിച്ചിടത്തോളം, കാസര്‍കോടിന്റെ വടക്ക് ഭാഗത്ത് അണികളെ പിടിച്ചു നിര്‍ത്താന്‍ ഒരു പടയോട്ടം തന്നെ നടത്തേണ്ടി വന്നിരുന്നു. കാസര്‍കോട് ലീഗിന്റെ തലപ്പത്ത് കെ.എസ്. സുലൈമാന്‍ ഹാജിയും ടി.എ. ഇബ്രാഹിം സാഹിബും മാത്രമെ എടുത്തു പറയത്തക്ക നേതാക്കളായി ഉണ്ടായിരുന്നുള്ളൂ. അടിയന്തിരാവസ്ഥ കഴിഞ്ഞ തിരഞ്ഞെടുപ്പിനുള്ള  ആരവവും മറു വശത്തുണ്ടായിരുന്നു. ജില്ലയുടെ മുക്കിലും മൂലയിലും പ്രാദേശിക യോഗങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. അന്നിയാള്‍ എയര്‍ലൈന്‍സ് കെട്ടിടത്തില്‍ താലൂക്ക് ലീഗ് ഓഫീസില്‍ ഓഫീസ് സെക്രട്ടറിയും, പിന്നീട് ചന്ദ്രികാ ലേഖകനും ആയിരിക്കെ.. പ്രാദേശിക തലം തൊട്ട് എല്ലാവരും പ്രാസംഗികരുടെ ലീസ്റ്റുമായെത്തും. അവയിലെല്ലാം പി. മുഹമ്മദ്കുഞ്ഞി മാഷുടെ പേര് ഉറപ്പായും ഉണ്ടാവും. ഒരു പരിധി വരെ ഈ ജില്ലയുടെ പ്രാസംഗികരുടെ അഭാവം നികത്തിയ നാട്ടുകാരില്‍ ഒരാളാണ് പി. മുഹമ്മദ്കുഞ്ഞി മാഷ്. കോഴിക്കോട്ടെ ജഅ്ഫര്‍ അത്തോളി, റഹീം മേച്ചേരി നാട്ടില്‍ നിന്ന് ബി. ഉമ്മര്‍ സാഹബ്, എന്‍ അബ്ദുല്ലാ സാഹബ് തുടങ്ങിയവരും ലിസ്റ്റിലുണ്ടാവും. ഇവരിലാരെങ്കിലും ഒന്ന് രണ്ട് പേരെ കിട്ടിയില്ലെന്നുണ്ടെങ്കില്‍ അവിടെ മീറ്റിംഗ് നടക്കില്ലെന്നവര്‍, അണികള്‍ കരുതിയിരുന്ന കാലം.

ഈയടുത്താണ് ഒരു സന്ധ്യക്ക് കാസര്‍കോട് മണ്ഡലം ഓഫീസിനടത്ത് ഫിര്‍ദൗസ് റോഡ് പള്ളിയില്‍ വെച്ചു മാഷെ കണ്ടത്. അടുത്തെന്ന് വെച്ചാല്‍ എത്ര നാളുകള്‍ കടന്നു പോയി എന്ന് തിട്ടപ്പെടുത്താനാവുന്നില്ല. അത് ഇന്നത്തെ സമയത്തിന്റെ മരണപ്പാച്ചില്‍ കാരണമാവാം. പ്രായം എഴുപത് തരണം ചെയ്തിരുന്നെങ്കിലും, മുടി നരച്ചതൊഴിച്ച്, ശാരീരിക പ്രകൃതിയിലും അതിലും മേലെ ഒരു നാല് പതിറ്റാണ്ടിലധികം കെടാതെ സൂക്ഷിച്ച ഒരു ഊര്‍ജ്ജത്തിലും, അപ്പോഴും ചെറുപ്പം തോന്നിച്ചിരുന്നു. പതിവ് പോലെ സലാം പറഞ്ഞ് എന്തെ മമ്മദുഞ്ഞീ എന്ന് ചോദിക്കുകയും, ചിരിച്ച് മാഷെ സുഖം.? എന്നങ്ങോട്ടും. ങ്ഹാ.. എന്ന പറഞ്ഞ് മാഷ് പള്ളിയുടെ നട കയറിപ്പോയ ദൃശ്യം ഇപ്പഴും മനസില്‍ പതിഞ്ഞിരിപ്പുണ്ട്. ഒരുപക്ഷെ അവസാനത്തെ കാഴ്ചയായിരിക്കണ അത്. ഒരു വയ്യായ്ക മാഷിന്റെ ചലനത്തില്‍ ശ്രദ്ധിച്ചിരുന്നു. ങ്ഹാ.. വയസായില്ലെ.. എന്ന് സ്വയം സമാധാനിക്കുകയും ചെയ്തു.

അത്യുത്തര കേരളത്തിന്റെ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം മാഷിന്റെ വിയോഗം ഒരു നഷ്ടം തന്നെയാണ്. നിഷ്പക്ഷമതികള്‍ക്ക്, മുഹമ്മദ്കുഞ്ഞി മാഷുടെ വിയോഗം ഒരു വിശാല സൗഹൃദം സൂക്ഷിച്ച വ്യക്തിത്വത്തിന്റെ നഷ്ടമാണ്. ലീഗില്‍ പാരമ്പര്യം സൂക്ഷിച്ച, ഇസ്ലാം വിഭാവനം ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തനത്തിലധിഷ്ടിതമായ രാഷ്ട്രീയം സംരക്ഷിച്ച, സ്ഥാനമാനങ്ങള്‍ക്കും, അതുവഴി അധികാരവും പണവും വെട്ടിപ്പിടിക്കുന്നതിന്റെ തിരക്കില്‍ മതിമറന്നവര്‍ക്കും ഒരപവാദമായിരുന്നു മുഹമ്മദ്കുഞ്ഞി മാഷെന്ന് നിസ്തര്‍ക്കം പറയാം. പിന്നെയും, വര്‍ത്തമാനകാല  ഭൗതീകതയിലൂന്നിയ രാഷ്ട്രീയ സ്വാഭാവം വൈകിയെങ്കിലും എടുത്തണിഞ്ഞ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇത്ര കാലം എങ്ങനെ പിടിച്ചു നിന്നു എന്നത് പലരുടെയും നെറ്റി ചുളിപ്പിക്കുന്നുണ്ടാവുമെങ്കിലും, എന്നെ അതമ്പരപ്പിക്കുന്നില്ല. കാരണം അത് മാഷിന്റെ ലീഗിനോടുണ്ടായിരുന്ന അസാധാരണ പ്രതിബദ്ധത തന്നെ.

പി മുഹമ്മദ്കുഞ്ഞി മാഷ് യഥാര്‍ത്ഥ ലീഗ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച പ്രഭാഷകന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Article, Remembrance, A.S Mohammed Kunhi, Remembrance of P Mohammed Kunhi
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL