നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

കൂക്കാനം റഹ് മാന്‍
(ഒന്നാം ഭാഗം)

(www.kasargodvartha.com 24.05.2017) സുലൈമാന്റെ കൂക്കാനത്തെ പീടിക നാട്ടുകാരുടെ അഭയകേന്ദ്രമായിരുന്നു അന്ന്. പത്രംവായന, സിനിമാ ചര്‍ച്ച, രാഷ്ട്രീയ ചര്‍ച്ച എല്ലാം അവിടെ അരങ്ങേറും. പീടിക ചെറുതാണെങ്കിലും ചായക്കച്ചോടം., അനാദി, സ്റ്റേഷനറിക്കച്ചോടം എല്ലാമുണ്ട്. പ്രധാനകച്ചോടം ഉണ്ടവെല്ലവും, അമോണിയം സള്‍ഫേറ്റുമാണ്. കറുത്തക്കണ്ണന്‍, പന്നിപ്പാറു, കിഴക്കേപ്പുര ചെറിയമ്പു, കുറുക്കനമ്പു ഇവരൊക്കെയാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍.

വൈകുന്നേരമാകുമ്പോള്‍ ഒറ്റക്കണ്ണന്‍ദാസന്‍, ഉണ്ടത്തിമ്മന്‍, മാലിങ്കന്‍ ഇവരൊക്കെ അരിയും ഉണക്കും വാങ്ങാന്‍ വരും. കയ്യില്‍ പൈസ ഉണ്ടാവില്ല. പകരം കയ്യിലുണ്ടാവുക അവരുടെ പണിയായുധങ്ങളായ മഴു, കത്ത്യാള്‍, കുങ്കോട്ട് എന്നിവയാണ്. ഇത് പണയം വെച്ച് അരിയും സാമാനങ്ങളും വാങ്ങും. ഉപകരണത്തിന്റെ മേലെ ഒരു കടലാസില്‍ കടം വാങ്ങിയ ആളുടെ പേരും പറ്റുതുകയും എഴുതിവെയ്ക്കും.

 Article, Kookanam-Rahman, Bicycle, Paper reading, Poverty, Starvation, Tea, Story of my foot steps.

ഒരാഴ്ച അവധി പറഞ്ഞാണ് പണയം വെയ്ക്കുക. പക്ഷെ രണ്ടും മൂന്നും ആഴ്ച കഴിഞ്ഞേ അവ എടുക്കാന്‍ വരൂ. ഈ ഉപകരണങ്ങള്‍ അവരുടെ പ്രധാന ജീവിതമാര്‍ഗ്ഗമാണ്. കാട്ടില്‍ ചെന്ന് മരം മുറിച്ച് കത്തിച്ച് കരിയാക്കി ചായ കടകളിലും മറ്റും വില്‍പന നടത്തിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. ഇതിനു പുറമേ പ്രദേശത്തെ വീടുകളില്‍ ചെന്ന് ഉച്ചൂളി ശേഖരിച്ച് ചൂളയില്‍ കത്തിച്ച് കുമ്മായം ഉണ്ടാക്കുന്ന പണിയും ഇവര്‍ക്കുണ്ട്. ചത്ത കന്നുകാലികളെ ഭക്ഷണമാക്കാറുണ്ട് ഇവര്‍.

അധ്വാനിച്ച് കിട്ടിയ പണം മുഴുവനും ആദ്യം സൂചിപ്പിച്ച വീടുകളില്‍ ചെന്ന് റാക്ക് അകത്താക്കും. എന്നും അവരുടെ കുടിലുകളില്‍ പട്ടിണി തന്നെ. എല്ലുന്തി തൊലി ചുളിഞ്ഞ് പാറിപറന്ന ചെമ്പിച്ച തലമുടിയുമായി എത്യോപിയയില്‍ ഇന്ന് കാണുന്ന കുഞ്ഞുങ്ങളെപ്പോലുള്ള രൂപഭാവമുള്ളവരായിരുന്നു അവരുടെ കുട്ടികള്‍.

ദാരിദ്ര്യം നാടിന്റെ മുഖമുദ്രയാണെങ്കിലും അവിടെ ജീവിച്ചു വന്നവര്‍ മനുഷ്യപറ്റുള്ളവരായിരുന്നു. സ്‌നേഹസമ്പന്നരായിരുന്നു. മുട്ടോളമെത്തുന്ന പരുക്കന്‍ തോര്‍ത്തും തൊപ്പിപ്പാളയും അരയിലൊരു പിച്ചാത്തിയും, ചെവിയില്‍ ബീഡികുറ്റിയും തിരുകി നടക്കുന്ന അവരുടെ മനസ്സ് നിഷ്‌കളങ്കമായിരുന്നു.

സുലൈമാനിച്ചയാണ് കൂക്കാനത്തെ ആദ്യ സൈക്കിളുകാരന്‍. പഴയ സൈക്കിള്‍ ചെറിയ വിലയ്ക്ക് ടൗണില്‍ നിന്ന് വാങ്ങിയതാണ്. സൈക്കിളുമായി ഇടവഴിയിലൂടെയും, കണ്ടത്തിന്റെ വരമ്പിലൂടെയും അഭ്യാസിയെപ്പോലെ സൈക്കിളോടിച്ചു പോകുന്നത് നാട്ടുകാര്‍ക്കത്ഭുതമായിരുന്നു. സുലൈമാനിച്ച കരിവെള്ളൂരില്‍ നിന്ന് വെള്ളൂക്കാരന്റെ പീടിയേന്ന് സാമാനങ്ങള്‍ വാങ്ങി സൈക്കിളില്‍ വെച്ചാണ് പീടികയിലേക്ക് കൊണ്ടുവരാറ്.

സുലൈമാനിച്ച എന്നെയും സൈക്കിള്‍ പഠിപ്പിച്ചു. പഠിപ്പിക്കാന്‍ ഏര്‍പ്പാടാക്കിയത് മാടക്കാല്‍ ചെറ്യമ്പൂ ഏട്ടനെയാണ്. പരിശീലന സ്ഥലം വിശാലമായ പലിയേരി കൊവ്വല്‍ ആയിരുന്നു. ചെറ്യമ്പ്വേട്ടന്‍ എന്നെ പിടിച്ച് സൈക്കിളില്‍ കയറ്റിയിരുത്തും, പിന്നെ ഉരുട്ടിക്കൊണ്ടുപോവും. സൈക്കിള്‍ ചെയിനിനടിയിലുള്ള പല്‍ചക്രത്തില്‍ കെണിഞ്ഞ് കാലിന്റെ മടമ്പ് മുറിഞ്ഞ് രക്തം ഒഴുകുകയാണ്. ഞാന്‍ വേദന മൂലം നിലവിളിച്ചു. ആദ്യത്തെ പഠനപരിശ്രമം പരാജയപ്പെട്ടു. ധര്‍മ്മാശുപത്രിയില്‍ അഡ്മിറ്റ്‌ചെയ്ത് ഒരാഴ്ച അവിടെ കിടക്കേണ്ടിവന്നു. പിന്നീടും ശ്രമം ഉപേക്ഷിച്ചില്ല. നല്ല സൈക്കിളോട്ടക്കാരനായി ഞാനും മാറി.

അന്ന് ഹൈസ്‌കൂള്‍ പഠനകാലത്ത് സൈക്കിളുള്ള ഏകവ്യക്തി ഞാനായിരുന്നു. എന്ത് ഗമയായിരുന്നെന്നോ സൈക്കിളില്‍ പോകാനും, വരാനും. പക്ഷെ തിരിച്ചുവരുമ്പോള്‍ ഒരു ബാധ്യതയുണ്ട് വെള്ളൂക്കാരന്റെ കടയില്‍ നിന്ന് പീടികയിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങി പിന്‍സീറ്റില്‍ വെച്ച് കൊണ്ടുവരാനുള്ള ചുമതല എനിക്കായിരുന്നു. സൈക്കിള്‍ യാത്ര ഹരമാവാന്‍
കാരണം എന്റെ ക്ലാസില്‍ പഠിക്കുന്ന ലക്ഷ്മിയും, കമലാക്ഷിയും, മീനാക്ഷിയും ഒക്കെ എന്നെ അദ്ഭുതാദരങ്ങളോടെയാണ് നോക്കുക. അതുകൊണ്ട് ക്ലാസിലെ ഹീറോ ആയിരുന്നു ഞാന്‍.

ഇതൊക്കെയാണെങ്കിലും അതിരാവിലെ എഴുന്നേറ്റുള്ള എന്റെ പണി അറിഞ്ഞാല്‍ അവരൊക്കെ എന്നെ കൊച്ചാക്കിക്കളയും. രാവിലെ എഴുന്നേറ്റ് വലിയ മണ്‍പാനിയില്‍ കിണറില്‍ നിന്ന് വെള്ളം കോരിനിറച്ച് തലയില്‍ വെച്ച് 10 മിനിട്ടോളം നടന്ന് പീടികയിലെത്തിക്കണം. മുറ്റവും ഇറയവും അടിച്ച് വൃത്തിയാക്കണം. പീടികമുറിക്ക് മരപ്പലക ഉപയോഗിച്ച് നിര്‍മ്മിച്ച നിരപ്പലകയാണ്. അത് ഓരോന്നും എടുത്തുമാറ്റണം. ചായ ഉണ്ടാക്കാനുള്ള പാത്രവും, ഗ്ലാസും വെണ്ണീറിട്ട് തുടച്ച് വൃത്തിയാക്കി വെയ്ക്കണം.

വെള്ളം തിളപ്പിച്ച് ചായ റെഡിയാവുമ്പോഴേക്കും ഉമ്മാമ വീട്ടില്‍ നിന്ന് വെള്ള കപ്പപ്പൊടി കൊണ്ടുണ്ടാക്കിയ അടയുമായി കടയിലെത്തും. പുഴുങ്ങിയ പറങ്കിക്കിഴങ്ങുമുണ്ടാവും. ആ സമയമാവുമ്പോഴേക്കും കോളനിയില്‍ നിന്ന് ആളുകള്‍ (ചെരുപ്പുകുത്തികള്‍) പീടികക്കളത്തിലെത്തി നിരന്നിരിക്കും. അവര്‍ക്കിഷ്ടമാണ് വില കുറഞ്ഞ അടയും പറങ്കിക്കിഴങ്ങും ചായയും. അവരുടെ ബ്രെയ്ക്ക്ഫാസ്റ്റാണത്. അതും കഴിച്ചാണ് കാട്ടിലേക്ക് മരക്കരി ഉണ്ടാക്കാനുള്ള യാത്ര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Bicycle, Paper reading, Poverty, Starvation, Tea, Story of my foot steps.