മുസ്ലിം ലീഗ് മുന്‍സിപ്പല്‍ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വിഭാഗീയത രൂക്ഷം; പ്രമുഖര്‍ കമ്മിറ്റിയില്‍ നിന്നും പുറത്ത്

ചേരങ്കൈയില്‍ കമ്മിറ്റി രൂപീകരിക്കാന്‍ കഴിഞ്ഞില്ല, ചേരങ്കൈ വെസ്റ്റില്‍ ക്വാറം തികഞ്ഞില്ല

കാസര്‍കോട്: (www.kasargodvartha.com 31/10/2016) മുസ്ലിം ലീഗ് മുന്‍സിപ്പല്‍ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വിഭാഗീയത രൂക്ഷം. പലയിടത്തും പാര്‍ട്ടിയുടെ മാര്‍ഗ നിര്‍ദേശം മറികടന്ന് വോട്ടെടുപ്പ് നടന്നു. മുന്‍സിപ്പാലിറ്റിയിലെ പ്രമുഖര്‍ വാര്‍ഡ് കമ്മിറ്റിയില്‍നിന്നും പുറത്തായി. 34ാം വാര്‍ഡ് കമ്മിറ്റിയില്‍ ഒരു വിഭാഗം ആധിപത്യം സ്ഥാപിച്ചതായും പഴയ മുസ്ലിം ലീഗിന്റെ നേതാക്കളെയെല്ലാം ഒഴിവാക്കിയതായും പരാതിയുണ്ട്.

ഒന്നാം വാര്‍ഡായ ചേരങ്കൈയില്‍ വിഭാഗീയത കാരണം വാര്‍ഡ് കമ്മിറ്റി രൂപീകരിക്കാന്‍പോലും കഴിയാതെ ഓഫീസിന് പൂട്ടിയിടേണ്ടിവന്ന സാഹചര്യംവും ഉണ്ടായിരുന്നു. ഇവിടെ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ തട്ടകമായ 34ാം വാര്‍ഡില്‍ നിലവിലുള്ള മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ഖാദര്‍ ബങ്കരയെ വാര്‍ഡ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പെടുത്തുകപോലുംചെയ്യാതെ മാറ്റിനിര്‍ത്തി.

ഈവാര്‍ഡില്‍ നേരത്തെ മുസ്ലിം ലീഗിന് വേണ്ടി ശക്തമായ പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു ഖാദര്‍ ബങ്കര. അതുകൊണ്ടാണ പുതുതായി പാര്‍ട്ടിയില്‍ കടന്നു വന്നവര്‍ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റിയെ ഹൈജാക്ക് ചെയ്്ത് ഖാദര്‍ ബങ്കരയെ വാര്‍ഡ് കമ്മിറ്റിയില്‍നിന്നും ഒഴിവാക്കിയതെന്നാണ് ആരോപണം. എന്‍ എ നെല്ലിക്കുന്ന് നിയമസഭയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് പോയ സമയത്തായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.

35ാം വാര്‍ഡായ പള്ളത്ത്  നിലവിലെ സെക്രട്ടറിയായിരുന്ന ബി എ ലത്തീഫിനെ മുന്‍സിപ്പല്‍ കമ്മിറ്റിയിലേക്കോ വാര്‍ഡ് കമ്മിറ്റിയിലേക്കോ എടുക്കാതെ ഒഴിവാക്കി.  അതേസമയം വാര്‍ഡ് കമ്മിറ്റിയില്‍ പങ്കെടുക്കാത്ത ആളെ മുന്‍സിപ്പല്‍ കൗണ്‍സിലറാക്കിയത് വിവാദമായിട്ടുണ്ട്. യോഗംകഴിഞ്ഞശേഷമാണ് ഇയാള്‍ ഇവിടെയെത്തിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. രണ്ടാം വാര്‍ഡായ ചേരങ്കൈ വെസ്റ്റില്‍ ക്വാറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പില്‍ 99 ശതമാനവും സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കണമെന്നാണ് നിര്‍ദേശം. ഒഴിവാക്കാന്‍ പറ്റാത്ത ഘട്ടം വന്നാല്‍ മാത്രമേ തെരെഞ്ഞെടുപ്പ് പാടുളളുവെന്നാണ് പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. പാനല്‍ ഒരുതരത്തിലും അനുവദിക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. തെരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ യോഗത്തിലെ ഒരോരുത്തരും അവരവര്‍ക്ക് താല്‍പര്യമുള്ള നേതാക്കളുടെ പേര് എഴുതി നല്‍കണം. തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ മൂന്ന് പേരടങ്ങുന്ന റിട്ടേണിംഗ് ഓഫീസര്‍മാരേയാണ് ഓരോ വാര്‍ഡിലേക്കും നിയോഗിച്ചത്.

തെരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ മത്സരിക്കുന്നവര്‍ സ്വയം പേര് എഴുതി നല്‍കണം. നിര്‍ദേശമോ പിന്‍താങ്ങലോ ഒന്നും അനുവദിക്കില്ല. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും കഴിഞ്ഞാല്‍ ട്രഷറര്‍, രണ്ട് വൈസ് പ്രസിഡന്റുമാര്‍, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍ എന്നിങ്ങനെ അഞ്ച് സ്ഥാനങ്ങളിലേക്ക് ഒരുവോട്ട് മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളു. ഇങ്ങനെ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മൂന്ന് വോട്ടും രണ്ട് വോട്ടും കിട്ടിയവര്‍ പോലും ഭാരവാഹികളായിട്ടുണ്ട്. അംഗങ്ങളെല്ലാം ട്രഷറര്‍ സ്ഥാനത്തേക്ക് വോട്ടിട്ടപ്പോഴാണ് വൈസ് പ്രസിഡണ്ട് ജോ. സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടും മൂന്നും വോട്ട് കിട്ടിയവര്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.

തെരുവത്ത്, ഖാസിലൈന്‍, ബാങ്കോട് എന്നിവിടങ്ങളില്‍ സമവായത്തിലൂടെയായിരുന്നു ഭാരവാഹികളെ നിശ്ചയിച്ചത്. കൊല്ലമ്പാടി 15-ാം വാര്‍ഡ് മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ഇതിന്റെ പേരില്‍ 30 ഓളം പ്രവര്‍ത്തകര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ സംഭവവുമുണ്ടായിരുന്നു.
Kasaragod, Muslim League,  N.A.Nellikunnu, Ward committee, Muncipal councillor, Office, Cherangai, Vote, Election, Controversy on formation of new IUML ward committee.

Keywords: Kasaragod, Muslim League,  N.A.Nellikunnu, Ward committee, Muncipal councillor, Office, Cherangai, Vote, Election, Controversy on formation of new IUML ward committee.
Previous Post Next Post