Modi's Visit | വന്ദേമാതരവുമായി ഓസ്ട്രിയൻ കലാകാരന്മാർ; വിയന്നയിൽ നരേന്ദ്ര മോദിക്ക് വേറിട്ട സ്വീകരണം; പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുത്ത് ചാൻസലർ കാൾ നെഹാമർ
വിയന്ന: (KasargodVartha) റഷ്യൻ സന്ദർശനം പൂർത്തിയാക്കി വിയന്നയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വന്ദേമാതരം' ആലപിച്ച് ഊഷ്മളമായി വരവേറ്റ് ഓസ്ട്രിയൻ കലാകാരന്മാർ. സ്വീകരണത്തിന് നന്ദി പറഞ്ഞ നരേന്ദ്ര മോദി ഓസ്ട്രിയയുടെ സംഗീത സംസ്കാരത്തെ പ്രശംസിച്ചു. വിയന്നയിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രത്യേക കലാപ്രകടനങ്ങളോടെ വരവേറ്റത്.
40 വർഷത്തിന് ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ഭരണാധികാരിയെന്ന നിലയിൽ ചരിത്രപരമായ സന്ദർശനമായിരുന്നു പ്രധാനമന്ത്രി മോദിയുടേത്. ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. നെഹാമർ ഇന്ത്യൻ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച് സെൽഫി എടുത്തതും ശ്രദ്ധേയമായി.
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിയന്നയിലേക്ക് സ്വാഗതം, നിങ്ങളെ ഓസ്ട്രിയയിലേക്ക് ആദരവോടെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഓസ്ട്രിയയും ഇന്ത്യയും സുഹൃത്തുക്കളും പങ്കാളികളുമാണ്. സന്ദർശന വേളയിൽ രാഷ്ട്രീയ സാമ്പത്തിക ചർച്ചകൾക്കായി ഞാൻ കാത്തിരിക്കുകയാണ്', എന്നാണ് എക്സിൽ സെൽഫി പങ്കിട്ടുകൊണ്ട് ഓസ്ട്രിയൻ ചാൻസലർ കുറിച്ചത്.
Austria is known for its vibrant musical culture. I got a glimpse of it thanks to this amazing rendition of Vande Mataram! pic.twitter.com/XMjmQhA06R
— Narendra Modi (@narendramodi) July 10, 2024
മറുപടിയായി പ്രധാനമന്ത്രി മോദി 'ഊഷ്മളമായ സ്വാഗതത്തിന്' നന്ദി പറഞ്ഞു. ആഗോള നന്മയ്ക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി എക്‌സിൽ കുറിച്ചു. ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തത്തിലെ ഒരു സുപ്രധാന നാഴികക്കലാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഉഭയകക്ഷി പങ്കാളിത്തത്തിൻ്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കുന്നതിനുള്ള ചർച്ചകൾ നടക്കാനിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.