കടലിൽ കാണാതായവരെ ഇതുവരെ കണ്ടെത്താനായില്ല; പ്രാർഥനയോടെ നാട്; എംഎൽഎ മാർ സ്ഥലം സന്ദർശിച്ചു; അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ സൗകര്യമില്ലെന്ന് പരാതി
Jul 4, 2021, 18:05 IST
കാസർകോട്: (www.kasargodvartha.com 04.07.2021) മീൻപിടുത്തത്തിന് പോയ തോണി തിരമാലയിൽ പെട്ടതിനെ തുടർന്ന് കടലിൽ കാണാതായ മൂന്ന് പേർക്ക് വേണ്ടി പ്രാർഥനയോടെ നാട് കാത്തിരിക്കുകയാണ്. അഞ്ചര മണിയായിട്ടും ഇവരെ കണ്ടെത്താനായില്ല. തളങ്കര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ റെസ്ക്യൂ ബോട് ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് വേഗത കുറച്ചു. കാഞ്ഞങ്ങാട് നിന്ന് ഫിഷറീസ് ഡിപാർട്മെന്റിന്റെ ബോടും മുങ്ങൽ വിദഗ്ദരും സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നുണ്ട്.
ഞായറാഴ്ച പുലർചെയാണ് ഏഴംഗ മീൻപിടുത്ത സംഘം സഞ്ചരിച്ച ഫൈബർ തോണി ശക്തമായ തിരമാലയിൽപ്പെട്ട് തകർന്നത്. നാല് പേർ നീന്തിരക്ഷപ്പെട്ടു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കസബ കടപ്പുറത്ത് നിന്നു പോയ ശശിയുടെ മകൻ സന്ദീപ് (33), അമ്പാടിയുടെ മകൻ രതീശൻ (30), ഷൺമുഖൻ്റ മകൻ കാർത്തിക് (29) എന്നിവരെയാണ് കടലിൽ കാണാതായത്. സോമൻ്റെ മകൻ രവി (40), ലക്ഷ്മണൻ്റെ മകൻ ഷിബിൻ (30), ഭാസ്ക്കരൻ്റെ മകൻ മണികുട്ടൻ (35), വസന്തൻ്റെ മകൻ ശശി (30) എന്നിവരാണ് രക്ഷപ്പെട്ടത്. ഭാഗികമായി തകർന്ന നിലയിൽ തോണി കരയ്ക്കടിഞ്ഞിട്ടുണ്ട്.
എംഎൽഎമാരായ എൻ എ നെല്ലിക്കുന്നും അഡ്വ. സി എച് കുഞ്ഞമ്പുവും സ്ഥലം സന്ദർശിച്ച് സ്ഥിഗതികൾ വിലയിരുത്തി. ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർടി പ്രതിനിധികളും മറ്റും അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
അതേസമയം ജില്ലയിൽ മതിയായ റെസ്ക്യൂ ബോടുകൾ ഇല്ലാത്തത് ജനങ്ങൾക്കിടയിൽ കടുത്ത വിമർശനം ഉയർത്തുന്നു. കാസർകോട്ട് ആകെയുള്ള റെസ്ക്യൂ ബോട് ചെറുവത്തൂരിലാണ് ഉള്ളത്. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ റെസ്ക്യൂ ബോടുകൾ അടക്കമുള്ള സംവിധാനങ്ങൾ തളങ്കര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഇല്ലാത്തത് അപകടങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ വ്യാപ്തി വർധിപ്പിക്കാൻ ഇടയാക്കുമെന്ന പരാതി പലഘട്ടങ്ങളിലും ഉയർന്നിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് തുടർ നടപടികൾ ഉണ്ടായില്ല. കടപ്പുറത്തെ പുലിമുട്ട് നിർമാണവും അശാസ്ത്രീയമാണെന്ന ആരോപണവും വ്യാപകമാണ്.
കാണാതായവരുടെ കുടുംബങ്ങൾ അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നേവിയുടെ ബോടുകളും വൈകാതെ തന്നെ എത്തുമെന്നാണ് കരുതുന്നത്.
Keywords: Kerala, News, Kasaragod, Top-Headlines, Boat, Bike-Accident, Sea, The missing people at sea have not yet been found; People with prayer; MLAs visit place.
< !- START disable copy paste -->