ഹണിട്രാപ്; സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട കാസർകോട് സ്വദേശിയെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; യുവതിയടക്കം 2 പേർ അറസ്റ്റിൽ
Jan 20, 2022, 11:37 IST
കോഴിക്കോട്: (www.kasargodvartha.com 20.01.2022) സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട കാസർകോട് സ്വദേശിയെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപിൽ കുടുക്കി പണവും മൊബൈൽ ഫോണും തട്ടിയെടുത്തെന്ന പരാതിയിൽ യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ ഫൈജാസ് ഉസ്മാൻ (30), വയനാട് ജില്ലയിലെ ശബാന (21) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേര്‍ കൂടി ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ യുവതിയുടെ പന്തീരാങ്കാവ് ബൈപാസിലുള്ള ഫ്‌ലാറ്റിലേക്ക് കാസര്‍കോട് സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തുകയും മുറിയില്‍ പ്രവേശിച്ച ഉടന്‍ ഭര്‍ത്താവെന്നവകാശപ്പെട്ട് ഒരാള്‍ എത്തുകയും ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ആയിരുന്നുവെന്ന് യുവാവ് പരാതിപ്പെട്ടു. മറ്റ് മൂന്ന് പേർ കൂടി ഇയാൾക്കൊപ്പം ഒപ്പമുണ്ടായിരുന്നതായും കൈവശമുണ്ടായിരുന്ന 8500 രൂപയും മൊബൈല്‍ഫോണും 1500 രൂപ ഗൂഗിള്‍പേ വഴിയും തട്ടിയെടുത്തെന്നും യുവാവിന്റെ പരാതിയിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഫ്‌ലാറ്റിലെത്തി ഫൈജാസിനെയും ശബാനയേയും പിടികൂടുകയായിരുന്നു. ഇവർക്കെതിരെ ഐപിസി 384 ഉൾപെടെ വിവിധ വകുപ്പുകൾ ചുമത്തി. ഒളിവിലുള്ള മറ്റ് മൂന്ന് പേർക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Keywords: Honeytrap case; 2 arrested, Kerala, Kozhikode, News,Top-Headlines, Social-Media, Kasaragod, Cash, Woman, Complaint, Video, Arrest, Man, Police-station.
< !- START disable copy paste -->