Argentina | 'ഖത്വറിന്റെ മണ്ണിൽ മെസി കപ് ഉയർത്തും'; അർജന്റീനയുടെ സ്വപ്‌ന വിജയം ആഘോഷമാക്കി ഫാൻസ്; അർധരാത്രിയിൽ തെരുവിലിറങ്ങി ആവേശം
Dec 14, 2022, 15:48 IST
/ അശ്റഫ് സീനത്ത്
കാസർകോട്: (www.kasargodvartha.com) ഫുട്‍ബോൾ ലോകകപിൽ അര്‍ജന്‍റീനയുടെ ഫൈനലിലേക്കുള്ള വിജയം ആഘോഷമാക്കി ഫാൻസ്. ലയണൽ മെസിയുടെ മാന്ത്രിക പ്രകടനവും സഹതാരങ്ങൾ മൈതാനത്ത് നിറഞ്ഞാടുകയും ചെയ്തതോടെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്രൊയേഷ്യയെ നീലപ്പട തോൽപിച്ചത്. ലോകകപ് മത്സരങ്ങൾ തത്സമയം കാണുന്നതിനായി കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ നഗരസഭയുമായി ചേർന്ന് പുലിക്കുന്ന് സന്ധ്യരാഗം ഓഡിറ്റോറിയത്തില്‍ ഒരുക്കിയ കൂറ്റൻ സ്‌ക്രീനിന് മുന്നിൽ അർധരാത്രിയിൽ നൂറുകണക്കിന് ഫുട്‍ബോൾ പ്രേമികളാണ് ഒഴുകിയെത്തിയത്.
34-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് മെസി ടീമിനെ 1-0ന് മുന്നിലെത്തിച്ചിയപ്പോൾ ആവേശം വാനോളം ഉയർന്നു. 39-ാം മിനിറ്റിലും 69-ാം മിനിറ്റിലും അല്‍വാരസിന്റെ മനോഹരമായി ഗോളുകൾ കൂടി പിറന്നതോടെ അർജന്റീനിയൻ ആരാധകർ വിജയാഘോഷം തുടങ്ങിയിരുന്നു. അവസാന വിസിൽ മുഴങ്ങിയതോടെ ആർപ്പു വിളികളും മുദ്രവാക്യങ്ങളുമായാണ് നഗരത്തിലൂടെ ഫുട്‍ബോൾ പ്രേമികൾ കടന്നുപോയത്. അർധരാത്രിയിൽ മെസിക്കും കൂട്ടർക്കും അഭിവാദ്യങ്ങളുമായി ചെറുപ്രകടനവും നടന്നു. പ്രവാസ ലോകത്തടക്കം ലോകമെമ്പാടും ആരാധകർ ഫൈനൽ പ്രവേശനം ആഘോഷമാക്കി.
1978ലെയും 1986ലെയും വിജയങ്ങൾക്ക് ശേഷം അർജന്റീന മൂന്നാം ലോക കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ്. 2014ൽ ജർമനിയോട് 1-0ന് തോറ്റതിന്റെ പ്രതികാരവും തീർക്കാനുണ്ട്. ഒരുപക്ഷെ മെസിയുടെ അവസാന ലോകകപ് ആയിരിക്കാമിത്. അതിനാൽ ഇത്തവണ ഇതിഹാസ താരം ഖത്വറിൽ കപ് ഉയർത്തുമെന്ന് തന്നെയാണ് ഫാൻസ് പറയുന്നത്. ഇനി അർജന്റീനയ്ക്കും കിരീടത്തിനും ഇടയിൽ ഒരു മത്സരം മാത്രം.
Keywords: Fans celebrated Argentina's victory, Kerala,Kasaragod,News,Top-Headlines,FIFA-World-Cup-2022,Football, Gulf.