Accolade | നിയാസ് അഹ്‌മദിനെ കാസർകോട് വരവേറ്റത് ആവേശത്തോടെ; അഭിമാന താരത്തിന് ഉജ്വല സ്വീകരണം
● റെയിൽവേ സ്റ്റേഷനിൽ സ്വീകരണത്തിൽ നിരവധി പേർ പങ്കെടുത്തു.
● കായികമേളയിൽ സബ് ജൂനിയർ 100 മീറ്ററിൽ സ്വർണം നേടി
● അംഗടിമൊഗർ ഗവ. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്
കാസർകോട്: (KasargodVartha) സംസ്ഥാന സ്കൂൾ കായികമേളയിൽ ഗ്ലാമർ ഇനങ്ങളിൽ ഒന്നായ സബ് ജൂനിയർ 100 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണം നേടി ജില്ലയ്ക്ക് അഭിമാനമായി മാറിയ അംഗഡിമൊഗർ ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി നിയാസ് അഹ്‌മദിന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഉജ്വല സ്വീകരണം.
എൻഎ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, മഞ്ചേശ്വരം ബ്ലോക് പഞ്ചായത് പ്രസിഡന്റ് പി സമീന ടീച്ചർ, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൽവ, എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
പുത്തിഗെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അബ്ദുൽ മജീദ്, എം അനിത, കാസർകോട് നഗര സഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹീർ ആസിഫ്, സ്കൂൾ പി ടി എ പ്രസിഡന്റ് പി ബി മുഹമ്മദ്, വൈസ് പ്രസിഡന്റ് ബി സി നസീർ, സ്കൂൾ പ്രിൻസിപ്പൽ എസ് രാജലക്ഷ്മി, എച്ച് എം ജിഎസ് വത്സല കുമാരി എന്നിവരും സംബന്ധിച്ചു.
പുത്തിഗെ പഞ്ചായത്തിലെ വിവിധ ക്ലബ് അംഗങ്ങൾ, നാട്ടുകാർ, നിയാസ് അഹ്‌മദിന്റെ കുടുംബാംഗങ്ങൾ, സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു. കുമ്പള ബെക്കാംവളപ്പിലെ അബ്ദുൽ ഹമീദ്-നസീമ ദമ്പതികളുടെ മകനാണ് നിയാസ് അഹ്‌മദ്. ജന്മനാ കാഴ്ചപരിമിതിയുള്ള നിയാസ്, പരിമിതികളെ കാറ്റിൽ പറത്തിയാണ് ഉജ്വല നേട്ടം കൈവരിച്ചത്.
#NiyasAhmed #Kasaragod #KeralaSports #inspiration #visuallyimpaired #achievement #schoolsports