city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ എ സുലൈമാന്‍ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്

കാസര്‍കോട്: (www.kasargodvartha.com 17/02/2016) സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എന്‍ എ സുലൈമാനെ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. കോട്ടയത്ത് മുന്നണി, രാഷ്ട്രീയതലങ്ങളിലായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ പുനസംഘടനാനടപടികള്‍ പൂര്‍ത്തിയായത്. കായികസംഘടനാഭാരവാഹികള്‍, മുന്‍കാലകായികതാരങ്ങള്‍, കായികാധ്യാപകര്‍ എന്നിവരില്‍ നിന്നും തിരഞ്ഞെടുത്ത 14 പേരെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ പ്രസിഡന്ററായി സര്‍ക്കാര്‍ നാമനിര്‍ദേശം നല്‍കുകയായിരുന്നു. ഇതില്‍ എന്‍ എ സുലൈമാനെ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.

1984 മുതല്‍ എന്‍ എ സുലൈമാന്‍ കായികസംഘടനകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. മൂന്നുതവണ ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയായ സുലൈമാന്‍ നിലവില്‍ നെറ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാനവൈസ് പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്, ജില്ലാ ടേബില്‍ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍, ദേശീയകായികവേദി ജില്ലാപ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

കഴിഞ്ഞ 35-ാമത് നാഷണല്‍ ഗെയിംസിന്റെ വെന്യൂ ഓപ്പറേഷന്‍ മാനേജറായിരുന്നു. കാസര്‍കോട് മുന്‍സിപ്പല്‍ സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാക്കുന്നതിനായി 1978ല്‍ ആക്ഷന്‍കമ്മിറ്റി കണ്‍വീനറായിരുന്ന സുലൈമാന്റെ നേതൃത്വത്തില്‍ നഗരസഭാകൗണ്‍സില്‍ ഹാളില്‍ 500ല്‍പ്പരം കായികതാരങ്ങളെ അണിനിരത്തി പ്രതീകാത്മക കായികപരിപാടികള്‍ സംഘടിപ്പിച്ച് പ്രതിഷേധമറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍സിപ്പല്‍ സ്‌റ്റേഡിയം നിര്‍മ്മാണത്തിനുള്ള നടപടികള്‍ കാസര്‍കോട് നഗരസഭ ആരംഭിച്ചത്. സുലൈമാന്‍ ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായിരുന്ന കാലത്താണ് വിദ്യാനഗറില്‍ കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സ്ഥാപിച്ചത്. തുടക്കത്തില്‍ അദ്ദേഹം ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു.

കാലാവധി പൂര്‍ത്തിയായി ഒന്നരവര്‍ഷത്തിന് ശേഷമാണ് ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ പുതിയ സമിതി വരുന്നത്. 400 മീറ്ററിലെ മുന്‍ രാജ്യാന്തരതാരം സി ഹരിദാസിനെ പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായി നാമനിര്‍ദ്ദേശം ചെയ്യും. മുന്‍ ബാഡ്മിന്റന്‍ താരം ഡോ. കെ കുഞ്ഞാലി കോഴിക്കോട്ടും മുന്‍സംസ്ഥാന ഫുട്‌ബോള്‍ താരം കെ രാമഭദ്രന്‍ കൊല്ലത്തും കൗണ്‍സില്‍ പ്രസിഡണ്ടാകും. ജിംനാസ്റ്റിക് അസോസിയേഷന്റെ പ്രതിനിധി വിന്‍സന്റ് കാട്ടൂക്കാരനെ തൃശൂരും ഫെന്‍സിംഗ് അസോസിയേഷന്‍ സംസ്ഥാനഭാരവാഹി ജോഷി പള്ളനെ എറണാകുളത്തും ഭാരവാഹിയാക്കും.

കഴിഞ്ഞ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായ കെ എസ് ബാബു വയനാട്ടില്‍ കൗണ്‍സില്‍ പ്രസിഡണ്ടാകും. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലെ മുന്‍ കായികാധ്യാപകന്‍ സണ്ണി വി സഖറിയയാണ് കോട്ടയം കൗണ്‍സിലിന്റെ ഭാരവാഹി. വെട്ടുകാട് വിജയന്‍ (തിരുവനന്തപുരം), സലിം പി ചാക്കോ (പത്തനം തിട്ട), എന്‍ രവീന്ദ്രന്‍ (ഇടുക്കി), സന്തോഷ് ജോസഫ് (ആലപ്പുഴ), പി ഷംസുദ്ദീന്‍ (മലപ്പുറം), പി ഷാഹിന്‍ (കണ്ണൂര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.
എന്‍ എ സുലൈമാന്‍ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്

Keywords: Kasaragod, Kerala, Sports, NA Sulaiman, Sports Council President, NA Sulaiman appointed as President of district Sports Council

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia