city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് സദസ്യരെ കയ്യിലെടുത്ത് ബ്രെറ്റ് ലീ; തന്റെ സ്വപ്നം എല്ലാ നവജാതശിശുക്കളുടെയും ശ്രവണശേഷി പരിശോധനയെന്ന് താരം

തിരുവനന്തപുരം: (www.kasargodvartha.com 26.11.2018) കേരളത്തിലെ ഓരോ നവജാതശിശുവിന്റെയും ശ്രവണശേഷി പരിശോധിക്കുകയെന്നത് തന്റെ സ്വപ്നമാണെന്ന് ഗ്ലോബല്‍ ഹിയറിങ് അംബാസഡറായ പ്രശസ്ത ക്രിക്കറ്റ് താരം ബ്രെറ്റ് ലീ പറഞ്ഞു. ശ്രവണവൈകല്യം മുന്‍കൂട്ടി കണ്ടെത്തി ഇടപെടലുകള്‍ നടത്തേണ്ടതും ബോധവല്‍ക്കരണം വ്യാപിപ്പിക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സാര്‍വ്വത്രികമായി നവജാത ശിശുക്കളില്‍ ശ്രവണശേഷി പരിശോധന (യുഎന്‍എച്ച്എസ്) നടത്തേണ്ടതിന്റെ ആവശ്യകത പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പ്രചാരണാര്‍ത്ഥം നാഷണല്‍ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവജാതശിശുക്കളിലെ ശ്രവണശേഷി പരിശോധന ഓസ്‌ട്രേലിയയില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളവും ആ തലത്തിലേക്ക് ഉയര്‍ന്നുവരികയാണ്. ഇതിനായി സ്വകാര്യമേഖലയുടെ പങ്കാളിത്തം ആവശ്യമാണ്. കോക്ലിയര്‍ പോലുള്ള ശ്രവണ സഹായികള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ  സാധാരണക്കാര്‍ക്കും മിതമായ നിരക്കില്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ അഞ്ചുവയസുകാരനായ മകന്, തലയ്‌ക്കേറ്റ ക്ഷതത്താല്‍ ശ്രവണശേഷി നഷ്ടപ്പെട്ടപ്പോഴാണ് കോക്ലിയറിനെക്കുറിച്ച് അറിയുന്നത്. എന്നാല്‍ സ്വാഭാവികമായി ആ നാഡി ശരിയാകുകയും വൈകല്യം മാറുകയും ചെയ്തു. ഈ സംഭവമാണ് കുഞ്ഞുങ്ങളുടെ ശ്രവണവൈകല്യ നിവാരണത്തിനായി പ്രവര്‍ത്തിക്കാന്‍ തനിക്ക് പ്രചോദനമേകിയതെന്നും വിദ്യാര്‍ത്ഥികളോട് സംവദിക്കവേ മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് സദസ്യരെ കയ്യിലെടുത്ത ബ്രെറ്റ് ലീ വ്യക്തമാക്കി.

കുഞ്ഞുങ്ങളിലെ ശ്രവണവൈകല്യം മുന്‍കൂട്ടി കണ്ടെത്തുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് വിതരണത്തിലും സ്‌കൂള്‍ പ്രവേശനത്തിലും നവജാതശിശുക്കളുടെ ശ്രവണ ശേഷി പരിശോധന നിര്‍ബന്ധമാക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാരുമായി സഹകരിച്ച് കേരളാ സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. ഇതിനായി സ്വകാര്യ മേഖലയില്‍ നിന്നുള്ള പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നതായി  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ കൂടിയായ അദ്ദേഹം വ്യക്തമാക്കി.

നവജാതശിശുക്കളില്‍ പരിശോധന നടത്തുന്നത് വളരെ ചെറുപ്രായത്തില്‍ തന്നെ കേള്‍വി പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സഹായകരമാകുമെന്ന് നിഷ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ജി സതീഷ് കുമാര്‍ പറഞ്ഞു. കുഞ്ഞുങ്ങളിലെ ഇത്തരം പ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ ഗൗരവമായി കാണണം. മൂന്നു വയസ്സിനുള്ളില്‍ വൈകല്യം കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിലൂടെ വൈകല്യങ്ങളുടെ പ്രത്യാഘാതം ഒരു പരിധിവരെ മറികടക്കുന്നതിനും സംസാര ഭാഷ സ്വായത്തമാക്കുന്നതിനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ശ്രവണവൈകല്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതില്‍ നിഷിനുള്ള പങ്ക് എന്ന വിഷയത്തെ അധികരിച്ച് എഎസ്എല്‍പി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ജീനാ മേരി ജോയ് സംസാരിച്ചു. ഹിയറിംഗ് ഇംപ്ലാന്റ് നിര്‍മ്മാണ കമ്പനിയായ കോക്ലിയാര്‍, നിഷ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ നിഷ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ ജി സതീഷ് കുമാര്‍ നിഷിന്റെ ഉപഹാരം ബ്രെറ്റ് ലീക്കു കൈമാറി. ബ്രെറ്റ് ലീയും നിഷിനുള്ള ഉപഹാരം കെ ജി സതീഷ് കുമാറിന് നല്‍കി. രാവിലെ ബ്രെറ്റ് ലീ നിഷ് പരിസരത്ത് സ്പീക്കിംഗ് ട്രീ എന്ന പേരില്‍ ഒരു വൃക്ഷത്തൈയും നട്ടു.

നവജാത ശിശുക്കളില്‍ കേള്‍വി പരിശോധന വ്യാപകമാക്കണമെന്ന ആവശ്യമുന്നയിച്ച് ബ്രെറ്റ് ലീ ഇന്ത്യയിലുടനീളം പര്യടനം നടത്തുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തില്‍ 466 ദശലക്ഷത്തിലേറെ പേര്‍ക്ക് ശ്രവണ വൈകല്യം ഉണ്ട്. ഇതില്‍ 34 ദശലക്ഷം പേര്‍ കുട്ടികളാണ്. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും ശ്രവണ സഹായികള്‍ ഉപയോഗിക്കണമെന്നുമുള്ള മുദ്രാവാക്യവാണ് ലോകം കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ ബ്രെറ്റ് ലീ ഉന്നയിക്കുന്നത്. കേരളത്തില്‍ ഈ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേയും ബ്രെറ്റ് ലീ പ്രശംസിച്ചു.
മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് സദസ്യരെ കയ്യിലെടുത്ത് ബ്രെറ്റ് ലീ; തന്റെ സ്വപ്നം എല്ലാ നവജാതശിശുക്കളുടെയും ശ്രവണശേഷി പരിശോധനയെന്ന് താരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Top-Headlines, Thiruvananthapuram, Sports, Mandatory newborn hearing screening in Kerala my dream: Brett Lee 
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia