Achievement | മൊഗ്രാൽ മണ്ണിൽ നിന്നും റഷ്യൻ മൈതാനത്തേക്ക്; ഫുട്‍ബോളിൽ ഉയരങ്ങൾ കീഴടക്കി ഡോ. ഷനിൻ കാഫിലാസ്
● റഷ്യയിൽ മെഡിക്കൽ കോഴ്സ് പൂർത്തിയാക്കി.
● റഷ്യൻ അമാറിസ് ടീമിന്റെ കാപ്റ്റനാണ് ഷനിൻ.
● കിർഗിസ്ഥാനിൽ സ്ട്രോങ് ഇലവൻ ടീമിൽ ഇടം നേടി.
മൊഗ്രാൽ: (KasargodVartha) കാൽപന്തുകളി ജീവിതത്തിൽ അലിഞ്ഞുചേർന്നവരാണ് മൊഗ്രാൽക്കാർ. ലോകത്തെവിടെയായാലും ഫുട്ബോളിനോടുള്ള കമ്പം അവർ പുറത്തെടുക്കും. കാൽ തരിപ്പ് തീരണമെങ്കിൽ മൊഗ്രാലുകാർക്ക് പന്ത് തട്ടിയിട്ട് തന്നെ ആവണം. റഷ്യയുടെ വിശാലമായ പച്ചപ്പുകളിൽ നിന്നും, കിർഗിസ്ഥാന്റെ മനോഹരമായ പർവതനിരകളിൽ നിന്നും, മൊഗ്രാലിലെ ഒരു യുവാവ് തന്റെ ഫുട്‍ബോൾ പ്രതിഭയാൽ പുതിയ ചരിത്രം രചിച്ചുകൊണ്ടിരിക്കുന്നു.
ഡോ. ഷനിൻ കാഫിലാസ് ആണ് മൊഗ്രാലിന്റെ പെരുമ റഷ്യയിലും പകരുന്നത്. റഷ്യയിൽ വച്ച് മെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയ ഷനിൻ, ഇപ്പോൾ റഷ്യൻ അമാറിസ് ടീമിന്റെ കാപ്റ്റനാണ്. ഡോക്ടറായതിനൊപ്പം തന്നെ, ഒരു മികച്ച ഫുട്ബോൾ താരം കൂടിയാണ് അദ്ദേഹം. കിട്ടുന്ന സമയം മുഴുവൻ കാൽപന്ത് കളിക്കായി മാറ്റിവച്ച ഷനിൻ, സ്ട്രോങ് ഇലവൻ ടീമിലും ഇടം നേടി.
കിർഗിസ്ഥാനിൽ നടക്കുന്ന ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ സ്ട്രോങ് ഇലവൻ പാകിസ്ഥാൻ സ്പോൺസർ ടീം ഏറ്റവും കൂടുതൽ പ്രതിഫലത്തോടെ ലേലം വിളിച്ചെടുത്തത് ഷനിൻ കാഫിലാസിനെയായിരുന്നു. മികച്ച സ്ട്രൈക്കറായ ഷനിലിലൂടെ മൊഗ്രാലിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മാറി. 22-ാം വയസിൽ തന്നെ മെഡിസിൻ ഡിഗ്രി നേടിയതും, ഫുട്ബോളിൽ മികച്ച കളിക്കാരനായതും ഷനിനെ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി.
മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിൽ നിന്നും തുടങ്ങിയ ഫുട്ബോൾ ജീവിതം, ഇന്ന് ഈ യുവ പ്രതിഭയെ ഒരു അന്തർദേശീയ താരമാക്കി മാറ്റിയിരിക്കുന്നു. പ്രവാസ ലോകത്ത് ജീവകാരുണ്യ മേഖലയിൽ തിളങ്ങി നിൽക്കുന്ന സൗദി അറേബ്യ ജിദ്ദയിലെ യുവ വ്യവസായി എംജി ലത്തീഫ് കാഫിലാസ് - 'മലബാർ അടുക്കള'യുടെ ജിദ്ദയിലെ നെടുംതൂണായി പ്രവർത്തിച്ചുവരുന്ന ഖുബ്റ ദമ്പതികളുടെ മകനാണ് ഡോ. ഷനിൻ. മാതാപിതാക്കൾ വിവിധ മേഖലകളിൽ നേടിയ വിജയങ്ങളെപ്പോലെ, ഷനിൻ കാൽപന്തുകളിയിലൂടെ ഉന്നതങ്ങൾ കീഴടക്കാൻ ശ്രമിക്കുകയാണ്, ഒപ്പം ഉറച്ച പിന്തുണയുമായി ഫുട്‍ബോൾ ഗ്രാമവും ഒപ്പമുണ്ട്.
#ShaninKafilas, #MogralFootball, #KeralaTalent, #FootballStar, #SportsAndMedicine, #Inspiration