Achievement | എൻ എ സുലൈമാൻ പുരസ്‌കാരം ആസിം വെളിമണ്ണക്ക്; പരിമിതികളെ തോൽപ്പിച്ച് ഉയരങ്ങൾ കീഴടക്കിയ പ്രതിഭ
● പ്രഥമ പുരസ്‌കാരം ഇന്ത്യന്‍ വനിതാടീമില്‍ ആദ്യത്തെ മലയാളിയായി ഇടം നേടിയ മിന്നു മണിക്കാണ് നല്‍കിയത്.
● കേരള സംസ്ഥാന, ദേശീയ പാരാലിംപിക്സിൽ നിരവധി സ്വര്‍ണ്ണം നേടിയത്.
കാസർകോട്: (KasargodVartha) ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡണ്ടും വിവിധ സപോർട്‌സ് കൗൺസിലുകളുടെ സംസ്ഥാന പ്രതിനിധിയും വ്യാപാരിയുമായിരുന്ന എൻ എ സുലൈമാന്റെ സ്മരണാര്‍ത്ഥം എൻ എ സുലൈമാൻ ഫൗണ്ടേഷൻ നൽകിവരുന്ന അവാര്‍ഡിന് വൈകല്യങ്ങളെയെല്ലാം മറികടന്ന് ലോകത്തിന് തന്നെ വിസ്മയമായിത്തീര്‍ന്ന മുഹമ്മദ് ആസിം വെളിമണ്ണയെ തിരഞ്ഞെടുത്തു. പ്രഥമ പുരസ്‌കാരം ഇന്ത്യന്‍ വനിതാടീമില്‍ ആദ്യത്തെ മലയാളിയായി ഇടം നേടിയ മിന്നു മണിക്കാണ് നല്‍കിയത്.
പരിമിതികളിലും അതിജീവനം ജീവിതത്തിന്റെ ഭാഗമാണെന്ന് തെളിയിച്ച്, നീന്തലറിയാത്തതിന്റെ പേരില്‍ ആരും മുങ്ങി മരിക്കരുത് എന്ന സന്ദേശം പകര്‍ന്ന് നിറഞ്ഞൊഴുകുന്ന ആലുവ പെരിയാര്‍ ഒരു മണിക്കൂര്‍ ഒരു മിനിറ്റ് കൊണ്ട് 800 മീറ്ററിലധികം നീന്തിക്കയറി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയനിലും ഇടം കണ്ടെത്തിയ മിടുക്കനാണ് കോഴിക്കോട് വെളിമണ്ണ സ്വദേശിയായ ആസിം.
കേരള സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌ക്കാരവും യൂണിസെഫിന്റെ ചൈല്‍ഡ് അച്ചീവര്‍ അവാര്‍ഡും ബംഗളൂരു ആസ്ഥാനമായുള്ള കലാം ഫൗണ്ടേഷന്‍ ഇന്‍സ്‌പെയറിങ് ഇന്ത്യന്‍ അവാര്‍ഡും നേടിയിട്ടുണ്ട്. സംസ്ഥാന, ദേശീയ പാരാലിംപിക്സില്‍ വിവിധ ഇനങ്ങളില്‍ സ്വര്‍ണം വാരിക്കൂട്ടിയ അസീം 26 സംസ്ഥാനങ്ങളില്‍ നിന്നുള്ള 500ലധികം പാരാ സ്വിമ്മേഴ്‌സില്‍ നിന്ന് ജൂറിമാര്‍ തിരഞ്ഞെടുത്ത ബെസ്റ്റ് സ്വിമ്മേര്‍സ് അവാര്‍ഡ് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു.
ഖത്തര്‍ ലോക കപ്പ് ഫുട്‌ബോളില്‍ ലയണല്‍ മെസ്സി, എംബാപ്പെ, ജെറൂഡ് തുടങ്ങിയവര്‍ക്കൊപ്പം ചിലവഴിക്കാനുള്ള അപൂര്‍വാവസരവും 90 ശതമാനം അംഗപരിമിതനായ അസീമിനെ തേടിയെത്തിയിരുന്നു. ഈ മാസം ഏഴിന് ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് എൻ എ സുലൈമാൻ ഫൗണ്ടേഷൻ ട്രസ്റ്റീസായ സുനൈസ് അബ്ദുല്ല, അബൂബക്കര്‍ സുഫാസ് എന്നിവര്‍ അറിയിച്ചു.
#AsimVelimanna, #NASulaimanAward, #SwimmingRecords, #Inspiration, #ParaAthlete, #DisabilityChampion