city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ ഫുട്‌ബോള്‍ മത്സരങ്ങളില്‍ വിസിലടിക്കാന്‍ ഇനി കാസര്‍കോട്ടെ ഇര്‍ഷാദുമുണ്ടാകും

(www.kasargodvartha.com 05/01/2016)  ഒട്ടേറെ ദേശീയ ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്ത ജില്ലയില്‍ നിന്നും ഇതാദ്യമായി ദേശീയ ഫുട്‌ബോള്‍ മത്സരങ്ങളില്‍ വിസിലടിക്കാന്‍ ഒരു കാസര്‍കോട്ടുകാരനും. ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളില്‍ റഫറിയാകാനുള്ള യോഗ്യത നേടിയിരിക്കുകയാണ് ഉദുമ പടിഞ്ഞാര്‍ കാപ്പിലിലെ മുഹമ്മദാലി - മറിയുമ്മ ദമ്പതികളുടെ മകന്‍ ബി.കോം വിദ്യാര്‍ത്ഥിയായ ഇര്‍ഷാദ്.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 12 മുതല്‍ 15 വരെ സംഘടിപ്പിച്ച 'പ്രൊജക്ട് ഫ്യൂച്ചര്‍ ഇന്ത്യ 2016' യൂത്ത് റഫറീസ് ക്യാമ്പില്‍ കേരളത്തില്‍ നിന്നും ഒരേയൊരു യുവ ഫുട്‌ബോള്‍ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഹ് മദ് ഇര്‍ഷാദിന് ഈ ഭാഗ്യത്തിന് വഴിയൊരുങ്ങിയത്. 2014 ലാണ് റഫറിയായി തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ ഇര്‍ഷാദ് എഴുതിയത്.

ഭാവിയില്‍ ഇന്ത്യയിലും വിദേശത്തും വെച്ച് നടക്കുന്ന റഫറീസ് ക്യാമ്പില്‍ പങ്കെടുക്കാനും വിവിധ ടൂര്‍ണമെന്റുകളില്‍ ഒഫീഷ്യേറ്റ് ചെയ്യാനുമുള്ള അവസരവും ഇനി ഇര്‍ഷാദിനെ തേടിയെത്തും. ഇപ്പോള്‍ കെഎഫ്എയുടെ കാറ്റഗറി 4 റഫറിയായ ഇര്‍ഷാദ്, റഫറീസ് ഇന്‍സ്ട്രക്ടറ്ററായ എ.കെ മാമുക്കോയയുടെയും, കേരളത്തിലെ മറ്റൊരു സീനിയര്‍ റഫറിയും, റഫറീസ് അസോസിയേഷന്‍ സെക്രട്ടറിയുമായ ബാലന്‍ നമ്പ്യാരുടെയും ശിക്ഷണത്തിലാണ് ഇപ്പോള്‍ ദേശീയ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 25 പേരാണ് പിഎഫ്‌ഐയുടെ യൂത്ത് റഫറി ടെസ്റ്റില്‍ പങ്കെടുത്തത്. ഇതില്‍ ഇര്‍ഷാദ് അടക്കം 12 പേരാണ് സെലക്ട് ചെയ്യപ്പെട്ടത്.

ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി മത്സരങ്ങള്‍ കളിച്ചും, നിയന്ത്രിച്ചും പരിചയ സമ്പന്നനാണ് ഇര്‍ഷാദ്. കാസര്‍കോട് അണ്ടര്‍ 17 ജൂനിയര്‍ ടീമിന് വേണ്ടി നേരത്തെ ഇര്‍ഷാദ് കളിച്ചിരുന്നു. ഉദുമയിലെ റീമര്‍ പടിഞ്ഞാര്‍, നാഷണല്‍ മില്ലത്ത്, ദീനാര്‍ കാപ്പില്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഇര്‍ഷാദ് ജഴ്‌സിയണിഞ്ഞിട്ടുണ്ട്.

വീട്ടുകാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയാണ് തനിക്ക് ഈ രംഗത്ത് ഉയരാന്‍ സഹായകരമായതെന്ന് ഇര്‍ഷാദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മറ്റു ഏതെങ്കിലും പരിപാടിക്കാണെങ്കില്‍ തന്നെ പുറത്തുപോകാന്‍ വീട്ടുകാര്‍ സമ്മതിക്കാറില്ല. എന്നാല്‍ ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട ഏതുകാര്യത്തിനും തന്നെ പുറത്തുപോകാന്‍ വീട്ടുകാര്‍ സ്വാതന്ത്ര്യം നല്‍കാറുണ്ട്. ഫുട്‌ബോള്‍ കളിക്കാരനായ സഹോദരന്‍ അര്‍ഷാഖാണ് സാമ്പത്തികമായി തന്നെ ഇക്കാര്യത്തിനായി സഹായിച്ചതെന്നും ഇര്‍ഷാദ് പറഞ്ഞു.

പെരിയ നവോദയില്‍ നടന്ന ഐസിഐസി ഫുട്‌ബോള്‍ മത്സരം നിയന്ത്രിച്ചത് ഇര്‍ഷാദായിരുന്നു. ഇതിനിടയില്‍ മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ കാലിന് പരിക്കേറ്റ ഇര്‍ഷാദിന് രണ്ട് വര്‍ഷത്തോളം കളിക്കളത്തിന് പുറത്തുനില്‍ക്കേണ്ടി വന്നു. ഉദുമ കൊപ്പലിലെ ഫുട്‌ബോള്‍ പരിശീലകനായ പ്രസീദാണ് ഇര്‍ഷാദിനെ ഫുട്‌ബോള്‍ റഫറി രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. 2015ലെ പ്രമോഷന്‍ ലിസ്റ്റിലാണ് ഇര്‍ഷാദ് പിഎഫ്‌ഐ ടെസ്റ്റിന് തിരഞ്ഞെടുക്കപ്പെട്ടത്.

ഇനി വരാന്‍പോകുന്ന പിഎഫ്‌ഐയുടെ ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് ഇര്‍ഷാദിന് മുന്നിലുള്ള പ്രധാന ലക്ഷ്യം. ഇത് വിജയിച്ചാല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഇര്‍ഷാദിന് സാധിക്കും.

കാസര്‍കോട് ജില്ലയില്‍ നിന്നും ദേശീയ തലത്തില്‍ ഫുട്‌ബോള്‍ റഫറിയായി ആദ്യമായി ഒരു ചെറുപ്പക്കാരന്‍ ഉയര്‍ന്നുവന്നത് അഭിമാനകരമാണെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് അംഗം കെ.എം ഹാരിസ് പറഞ്ഞു. ഇര്‍ഷാദിനെ പോലുള്ള യുവ പ്രതിഭകള്‍ക്ക് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും, കേരള ഫുട്‌ബോള്‍ അസോസിയേഷനും മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും അത് ഇനിയും തുടര്‍ന്നങ്ങോട്ട് ഉണ്ടാകുമെന്നും കെ.എം ഹാരിസ് പറഞ്ഞു.

ദേശീയ ഫുട്‌ബോള്‍ മത്സരങ്ങളില്‍ വിസിലടിക്കാന്‍ ഇനി കാസര്‍കോട്ടെ ഇര്‍ഷാദുമുണ്ടാകും




Related News:


Keywords : Kasaragod, Football, Sports,  National  Football,  Irshad  Udma,  PFI,  Udma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia