സി പി എം ശക്തികേന്ദ്രത്തില്‍ സംഘപരിവാര്‍ അനുകൂലസംഘടനയുടെ കുടിവെള്ളവിതരണം വിവാദമാകുന്നു
Mar 26, 2018, 20:16 IST
നീലേശ്വരം: (www.kasargodvartha.com 26.03.2018) രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമമായ നീലേശ്വരം പള്ളിക്കരയിലെ ചെമ്മാക്കരയില്‍ കുടിവെള്ളവുമായി സംഘപരിവാര്‍ സംഘടന എത്തിയത് ജനങ്ങള്‍ക്ക് ആശ്വാസമായപ്പോള്‍ സിപിഎമ്മിന് മറ്റൊരു തലവേദനയായി. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ പാര്‍ട്ടി അണികളുടെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ പ്രക്ഷോഭം ഉണ്ടാക്കുന്ന അങ്കലാപ്പിനിടയിലാണ് ചെമ്മാക്കരയിലെ പാര്‍ട്ടി ഗ്രാമത്തില്‍ കുടിവെള്ളവുമായി സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള വിവേകാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് കുടിവെള്ളവുമായി എത്തിയത്.
ഞായറാഴ്ച ആരംഭിച്ച കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ വാര്‍ഡ് മെമ്പര്‍ രാധ ആദ്യം സമ്മതിച്ചെങ്കിലും വൈകുന്നേരത്തോടെ നിലപാട് മാററുകയായിരുന്നു. ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനാല്‍ ഉദ്ഘാടനത്തിനെത്തില്ലെന്ന് കൗണ്‍സിലര്‍ ട്രസ്റ്റ് ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ട്രസ്റ്റ് പ്രസിഡണ്ട് ടി ബാലകൃഷ്ണനാണ് കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തത്. എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും നാലായിരം ലിറ്റര്‍ വീതം കുടിവെള്ളം ചെമ്മാക്കരയിലെ 67 കുടുംബങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. വര്‍ഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒടുവില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നാലുടന്‍ കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വോട്ടു ചെയ്തത്.
എന്നാല്‍ ഭരണസമിതി നിലവില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുടിവെള്ളക്ഷാമം പരിഹരിക്കാത്തത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തിരുന്നു. ഇതിനിടയില്‍ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനം പോലും യഥാസമയം നടത്താന്‍ കഴിയാത്തതിനാല്‍ ലോക്കല്‍ കമ്മിറ്റി നേരിട്ടാണ് ബ്രാഞ്ച് സമ്മേളനം നടത്തിയത്. ഇതിനിടയിലാണ് പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ സംഘപരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചത്. ഇത് പാര്‍ട്ടിയെ ഊരാക്കുടുക്കിലാക്കിയിട്ടുണ്ട്. പാര്‍ട്ടി കേന്ദ്രത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു.
ഞായറാഴ്ച നടത്തിയ കുടിവെള്ള വിതരണത്തില്‍ ബ്രാഞ്ച് സെക്രട്ടറി ഒഴികെ മറ്റ് എല്ലാ വീട്ടുകാരും സംഘപരിവാറുകാര്‍ കൊണ്ടുവന്ന വെള്ളം വാങ്ങിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി വെട്ടിലായത്. കുടിവെള്ള വിതരണം തടയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും പാര്‍ട്ടിക്കറിയാം. ഇപ്പോള്‍ ഉടലെടുത്ത പ്രശ്നം കീഴാറ്റൂര്‍ മോഡല്‍ ആകാതിരിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് സിപിഎം നേതൃത്വം.
കുടിവെള്ള വിതരണത്തിന് സെക്രട്ടറി കെ ബാലന്‍, കൃഷ്ണന്‍, ബാലകൃഷ്ണന്‍, സത്യന്‍, പി കൃഷ്ണകുമാര്‍, ടി പി ഹരീഷ് കുമാര്‍, എ ചന്ദ്രന്‍, പി സുരേശന്‍, എന്‍ ഗണേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Drinking water, Top-Headlines, Political party, Politics, CPM, Sanghparivar supportive organization's Water supply in CPM Area, Controversy