Join Whatsapp Group. Join now!

ഓണാശംസകള്‍ നേരുന്നു




ഇ ചന്ദ്രശേഖരന്‍, സംസ്ഥാന റവന്യു മന്ത്രി

മലയാളിയുടെ ദേശീയോത്സവമാണ് ഓണം. അവരെവിടെയുണ്ടോ അവിടെയെല്ലാം ഓണവും കാണും. ജന്മാന്തരങ്ങളായി കൈവന്ന ഗൃഹാതുരതയാണ് മലയാളിക്ക് ഓണം. ജാതി മതഭേദമന്യേ മുഴുവന്‍ ജനതയും ഇത് ആഘോഷിക്കണം. മാവേലിത്തമ്പുരാനെ നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് സ്വീകരിക്കാം. ആശംസകള്‍



കെ ജീവന്‍ ബാബു, ജില്ലാ കലക്ടര്‍കേരളസമൂഹത്തില്‍ മതസൗഹാര്‍ദ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഉത്സവങ്ങളാണ് ബക്രീദും ഓണവും. രണ്ടു ആഘോഷങ്ങളും ഇത്തവണ ഒരുമിച്ച് വന്നെത്തിയതില്‍ ജനം ആഹ്ലാദത്തിലാണ്. മുഴുവന്‍ പേര്‍ക്കും ഓണം - ബക്രീദ് ആശംസകള്‍ നേരുന്നു.



പി കരുണാകരന്‍ എം പി

മതസൗഹാര്‍ദത്തിന്റെ ഉത്സവങ്ങളാണ് കേരളത്തിന് ഓണവും ബക്രീദും. രണ്ടു ഉത്സവങ്ങളും ഇത്തവണ ഒരുമിച്ച് വന്നതില്‍ സമൂഹമാകമാനം ആഘോഷത്തിമിര്‍പ്പിലാണ്. മുഴുവന്‍ പേര്‍ക്കും ബക്രീദ് ഓണാശംസകള്‍ നേര്‍ന്നു കൊള്ളുന്നു.



വി.വി. രമേശന്‍ ചെയര്‍മാന്‍, കാഞ്ഞങ്ങാട് നഗരസഭ

സമത്വപൂരിതമായ ലോകം സ്വപ്‌നം കാണുന്ന ജനതയുടെ സ്വപ്‌നങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടു കൊണ്ട് ഏവര്‍ക്കും ബക്രീദ് ഓണാംശകള്‍ നേരുന്നു. കാഞ്ഞങ്ങാട് നഗരസഭയുടെ ഓണസമ്മാനമാണ് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്ടെ ആധുനികരീതിയില്‍ പണി കഴിപ്പിച്ച പുതിയ മത്സ്യ മാര്‍ക്കറ്റ്. ആഘോഷങ്ങള്‍ സര്‍വ ജനങ്ങള്‍ക്കും ഐശ്വര്യ പൂരിതമാകട്ടെ.



കെ.പി. സതീഷ് ചന്ദ്രന്‍,  ജില്ലാ സെക്രട്ടറി, സിപിഎം

സത്യത്തിന്റെയും സാഹോദര്യത്തിന്റെയും നിറവില്‍, മതസൗഹാര്‍ദപ്പൊലിമയോടെ ആഘോഷിക്കുന്ന മലയാളിയുടെ ബക്രീദിനും ഓണത്തിനും എന്റെ ഹൃദയപൂര്‍വമുള്ള ആശംസകള്‍ നേര്‍ന്നു കൊള്ളുന്നു.



പ്രഭാവര്‍മ

'മഹാബലി' പെരുന്നാള്‍ രണ്ടുമൊത്തിങ്ങു വന്നുവല്ലോ. തമ്മില്‍ വേര്‍പ്പെട്ടു നാം പോകവേ വന്നൊത്തു നില്‍ക്കുന്നു ദിനങ്ങള്‍ രണ്ടും.
ഒരേ കാലമാം അമ്മതന്‍ രണ്ടു മക്കള്‍ ഒരേ ചെണ്ടില്‍ വിടര്‍ന്നതാം രണ്ടു പൂക്കള്‍...


കുരീപ്പുഴ ശ്രീകുമാര്‍

മഹാബലിയും തുളുനാട്ടിലെ ബലീന്ദ്രനും ഒന്നാണെന്ന് സി രാഘവന്‍ മാഷ് തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. വാമനന്‍ ബലീന്ദ്രനെ വിളിച്ചിരുന്നത് രാജാവെന്നല്ല, മറിച്ച്  ഭൂമിപുത്രന്‍ എന്നാണ്. ഭൂമിക്കും സംസ്‌കാരത്തിനും മേലുള്ള കയ്യേറ്റമായിരുന്നു അന്ന് നടന്നത്. അത് ഇന്നും  തുടരുന്നു. ഹരിപ്പയിലും, മുത്തങ്ങയിലും ചെങ്ങറയിലും മറ്റും നിലക്കാത്ത സമരങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്. മണ്ണില്ലാത്തവന്റെ സമരങ്ങളോട് കടപ്പെട്ടു കൊണ്ട് മണ്ണിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ പഴയകാല ഓര്‍മകളുമായി മുഴുവന്‍ ജനങ്ങള്‍ക്കും ഓണക്കിനാക്കള്‍  നേരുന്നു.



തോംസണ്‍ ജോസ് ഐ പി എസ് (ജില്ലാ പോലീസ് മേധാവി) 

ഓണം സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണ്. ഓരോ ഓണവും ഓരോ അനുഭവമാണ്. പൂക്കളവും തുമ്പപ്പൂവിന്‍ നിറമുള്ള ചോറും പായസവുമെല്ലാം ഓണം സമ്മാനിക്കുന്ന മാധുര്യങ്ങളാണ്. ജാതി മത ഭേദമന്യേ ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും ആശംസകള്‍ നേരുന്നു




നാരായണന്‍ പേരിയ

ലോകമലയാളികള്‍ ഉള്ളിടത്തെല്ലാം ഓണാഘോഷവുമുണ്ട്. കേരളത്തിന്റെ തനത് ഉത്സവമായ തിരുവോണത്തിന് സകല സമൃദ്ധികളോടെയും  ആശംസകള്‍ നേരുന്നു.




ബാലകൃഷ്ണന്‍ ചെര്‍ക്കള സെക്രട്ടറി, പു ക സ കാസര്‍കോട്‌

മതവിശ്വാസത്തിന്റെ ഭാഗമായ ബക്രീദ്, കാര്‍ഷിക സംസ്‌കാരത്തില്‍ അധിഷ്ടിതമായ ഓണം ഇവ ഒന്നിച്ചു ആഘോഷിക്കാന്‍ അവസരം ഒരുങ്ങുമ്പോള്‍ നാം കേരളീയര്‍ സ്‌നേഹത്താല്‍ അധിഷ്ടിതമായ സമന്വയ സംസ്‌കാരത്തിന്റെ തലങ്ങളിലേക്ക് ഉയരുകയാണ്. എല്ലാ ആഘോഷങ്ങള്‍ക്കും ആശംസകള്‍.



ഡോ. സുരേന്ദ്രനാഥ്

മനുഷ്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു സമൂഹത്തിന്റെ പൂര്‍ത്തീകരണത്തിനായി, സമത്വ സുന്ദരമായ ഒരു ലോകം കെട്ടിപ്പടുക്കേണ്ടതിലേക്കായി, നമുക്കൊന്നാകാനുള്ള മുഹൂര്‍ത്തമായി ഭവിക്കട്ടെ നമ്മുടെ ആഘോഷങ്ങള്‍



കെ കുഞ്ഞിരാമന്‍  ഉദുമ എം എല്‍ എ

മലയാള മനസില്‍ ഗൃഹാതുരത്വമുണര്‍ത്തി പൊന്നോണം വന്നെത്തിയിരിക്കുന്നു. മാവേലിയുടെ നല്ല നാളുകളുടെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് ഓണം ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍.



എം. രാജഗോപാലന്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ

കള്ളവും ചതിയുമില്ലാത്ത, മാനവരെല്ലാം സമന്മാരാകുന്ന നന്മയുടെ കാലത്തെ തിരിച്ചെഴുന്നെള്ളിക്കാന്‍ കാത്തു നില്‍ക്കുന്ന ജനങ്ങളോടൊപ്പം ഈ എളിയ പ്രവര്‍ത്തകനും ഒത്തൊരുമിച്ചു ചേരുന്നു. എല്ലാവര്‍ക്കും ഓണാശംസകള്‍



എന്‍.എ. നെല്ലിക്കുന്ന് എം.എല്‍എ കാസര്‍കോട്

ഇടവപ്പാതിയിലെ തോരാത്ത മഴക്കും കള്ളക്കര്‍ക്കിടക വറുതിക്കും വിട നല്‍കിക്കൊണ്ട് പൊന്നോണം വന്നെത്തി. പുതു വെളിച്ചത്തിനു വേണ്ടി നമുക്ക് ഒരുമിച്ച് ഒരേ പന്തിയില്‍ ഇരുന്ന് ഓണം ഉണ്ണാം. ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും ആശംസയുടെ പൂച്ചെണ്ടുകള്‍.



പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ മഞ്ചേശ്വരം

പരസ്പരം സ്‌നേഹിച്ചും, സഹായിച്ചും, സഹകരിച്ചും ജീവിച്ചു പോന്ന നന്മയുടെ നാളുകള്‍ക്കായി നമുക്ക് കൈ കോര്‍ക്കാം. സമത്വത്തിന്റെ 'മാവേലിഭരണം 'നമ്മുടെ നാട്ടില്‍ ഇനിയും ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കാം. ഏവര്‍ക്കും പൊന്നോണാംശസകള്‍ നേരുന്നു.

പ്രൊഫ. കെ.പി. ജയരാജന്‍ (നഗരസഭാ ചെയര്‍മാന്‍, നീലേശ്വരം)

മാവേലി നാടിന്റെ ഓര്‍മ്മകള്‍ അയവിറക്കി ഭുമിമലയാളം ഇന്ന് ഓണത്തിമിര്‍പ്പിലാണ്. മാലോകരെല്ലാരേയും ഒന്നായിക്കാണുന്ന നല്ല നാളുകളെ തിരിച്ചു പിടിക്കുവാനുള്ള ആഹ്ലാദത്തിമിര്‍പ്പിലേക്ക് ജനങ്ങളോടൊപ്പം കണ്ണി ചേരുന്നു.

ഇത്തവണത്തെ ഓണം ചില പ്രത്യേകതകള്‍ നിറഞ്ഞതാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി പൊതുവിപണിയില്‍ സജീവമായി ഇടപെടാന്‍ പിണറായി സര്‍ക്കാരിനു കഴിഞ്ഞതും, ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയടക്കം ഒരുമിച്ചു കൊടുത്തു തീര്‍ക്കാന്‍ പ്രത്യേകിച്ച് അത് വീട്ടില്‍ തന്നെ എത്തിക്കാന്‍ സാധിച്ചതു കാരണം എല്ലാ വിഭാഗത്തിനും സമൃദ്ധിയോടെ ഓണമുണ്ണാന്‍ ഇടവന്നു.  ഓണമാഘോഷിക്കുന്ന ലോക മലയാളികള്‍ക്കാകമാനം നേരുന്നു ഓണാശംസകള്‍...

അഡ്വ.ശ്രീകാന്ത് (ബിജെപി ജില്ലാ പ്രസിഡണ്ട്)

ലോകമലയാളികള്‍ ഓണം ആഘോഷിക്കുന്നത് കണ്ട് സന്തോഷിക്കുകയാണ്. രാവിലെ അമ്പലത്തില്‍ ചെന്ന് കുളിച്ചു തൊഴുതു. വിവിധ പരിപാടികളില്‍ സംബന്ധിച്ചു. പാര്‍ട്ടിയുടെ സമ്മേളനത്തിരക്കു കാരണം കുടുംബത്തോടൊപ്പമുള്ള ഓണസദ്യ രാത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏതെങ്കിലും ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും പകലോണമുണ്ണും. എല്ലാ മലയാളികള്‍ക്കും ഓണാസംശകള്‍ നേരുന്നു.


ഡോ. ഖാദര്‍ മാങ്ങാട് (വൈസ് ചാന്‍സിലര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി)

ഒന്നാവണം എന്ന പദത്തിന്റെ ചുരുക്കപ്പേരാണ് ഓണം. മതവര്‍ഗീയ, ജാതിവൈരുദ്ധ്യ വെറി മറന്നുള്ള ഐക്യകേരളത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായി വേണം ഓണമാഘോഷിക്കാന്‍. നാം ഈ മണ്ണിലെ അല്‍പ്പായുസുക്കളാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരിച്ചു പോകേണ്ട നാം എന്തിനു ഇങ്ങനെ കടിച്ചു കീറണം.

നദികളും പുഴകളും വ്യത്യസ്ത വീഥികളിലൂടെ ഒഴുകിച്ചേരുന്നത് കടലിലേക്കാണ്. അവര്‍ പരസ്പരം പഴി ചാരാറില്ല. വിവിധ രാഷ്ട്രീയവും സംസ്‌കാരവും വ്യത്യസ്ത നദികളാണ്. മാനവ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും തിരിച്ചു പിടിക്കലിനെ ഓര്‍മ്മപ്പെടുത്താന്‍ ഇന്നിന്റെ ഓണത്തിനു സാധ്യമാകട്ടെ.

ബീഫാത്വിമ ഇബ്രാഹിം (ചെയര്‍പേഴ്‌സണ്‍, കാസര്‍കോട് നഗരസഭ)

ഏവരും സന്തോഷത്തോടെയും സൗഹാര്‍ദ്ദത്തോടെയും കഴിഞ്ഞു കൂടുന്ന മലയാളത്തിനു വേണ്ടി നമുക്ക് യത്‌നിക്കാം. ഓണമാഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും ആശംസകള്‍.



എജിസി ബഷീര്‍ (കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്)

ഓണം സമൃദ്ധിയുടെ ഉത്സവമാണ്. മാലോകരെല്ലാരേയും ഒന്നായി കാണാനുള്ള ഉദാത്തമായ വീക്ഷണം. ജാതി മതങ്ങള്‍, വിശ്വാസപ്രമാണങ്ങള്‍ എന്തുമാവട്ടെ, മാലോകരെല്ലാരും ഒന്നാണെന്ന ചിന്തയുമായി ഓണാഘോഷത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍

എം.സി ഖമറുദ്ദീന്‍ (മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി)

ഒരിക്കല്‍ കൂടി മലയാളിയുടെ മനം കവരാന്‍ പൊന്നോണം വന്നെത്തി. ഇന്നലെ കഴിഞ്ഞ ബലിപെരുന്നാള്‍ ആഘോഷം സര്‍വ്വ മതമൈത്രിയുടെ പ്രതീകമായി പല വീടുകളിലും ഒന്നിച്ച് ആഘോഷിക്കപ്പെട്ടു. ഇനി ഇന്നും നാളെയുമായി മലയാളി സമുചിതമായി ഓണം ആഘോഷിക്കാന്‍ പോവുകയാണ്. മനുഷ്യ മനസുകളെ ഭിന്നിപ്പിക്കാന്‍ ആസൂത്രിതമായി ശ്രമം നടക്കുമ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ മതവിശ്വാസികളും മറ്റുള്ളവരും ഒറ്റക്കെട്ടായി നില്‍ക്കണം.

അകന്നു നില്‍ക്കാന്‍ ചിലര്‍ പ്രേരിപ്പിക്കുന്ന മനുഷ്യ മനസുകളെ കൂടുതല്‍ ഐക്യപ്പെടുത്താന്‍ ഇത്തരം സന്തോഷങ്ങളില്‍ പരസ്പരം സ്‌നേഹം പങ്കുവെക്കാന്‍ നമുക്ക് കഴിയണം. അവനവന്റെ വിശ്വാസങ്ങളില്‍ വെള്ളം ചേര്‍ക്കാതെ തന്നെ നമുക്ക് സ്‌നേഹം പങ്കുവെക്കാം യോജിച്ചു മുന്നേറാം. എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍.