Tragedy | വടകരയില്‍ കാരവനിലെ യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചത്; നിര്‍ണായക കണ്ടെത്തലുമായി എന്‍ഐടി സംഘം

● 2 മണിക്കൂറിനിടെ 957 പിപിഎം പടര്‍ന്നു.
● ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തല്‍.
● വിഷ വാതകം കാരവാന്റെ പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴിയെത്തി.
കോഴിക്കോട്: (KasargodVartha) വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ മരണ കാരണം കാര്‍ബണ്‍ മോണോക്‌സൈഡാണെന്ന് കണ്ടെത്തല്‍. എന്‍ഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തിയത്.
ജനറേറ്ററില്‍ നിന്ന് വിഷ വാതകം കാരവാന്റെ പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴിയാണ് അകത്തെത്തിയത്. രണ്ട് മണിക്കൂറിനുള്ളില്‍ 957 പിപിഎം അളവ് കാര്‍ബണ്‍ മോണോക്‌സൈഡാണ് വാഹനത്തില്‍ പടര്‍ന്നെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു.
കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. പൊലീസിനൊപ്പം ഫോറന്‍സിക് വിഭാഗവും, വാഹനം നിര്‍മ്മിച്ച ബെന്‍സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും എന്‍ഐടിയിലെ വിദഗ്ധ സംഘത്തിന്റെ പരിശോധനയി ഭാഗമായിരുന്നു.
കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. വടകരയില്‍ ദേശീയപാതയോരത്ത് നഗര മധ്യത്തില്‍ ഒരു രാത്രിയും ഒരു പകലുമാണ് യുവാക്കള്‍ മരിച്ചുകിടന്നത്. വിവാഹ സംഘത്തോടൊപ്പം എത്തിയതായിരുന്നു യുവാക്കള്‍.
വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിര്‍ത്തിയശേഷം എസി ഓണ്‍ ചെയ്ത് വിശ്രമിച്ചതായിരുന്നു. തലശ്ശേരിയില്‍ വിവാഹത്തിനു ആളുകളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങുമ്പോഴാണ് ദാരുണ സംഭവം. വാടകയ്ക്ക് എടുത്ത കാരവാന്‍ തിരിച്ചെത്താതെ വന്നതോടെ വാഹനത്തിന്റെ ഉടമകളാണ് ആദ്യം അന്വേഷിച്ച് ഇറങ്ങിയത്. പിന്നാലെ വാഹനം കണ്ടെത്തി. തുറന്ന് നോക്കിയപ്പോഴാണ് അകത്ത് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
#Kerala #accident #caravan #carbonmonoxide #poisoning #death #tragedy #news #breakingnews