എന്‍ഡോസള്‍ഫാന്‍: സമരത്തിനിടയിലും മരണം; കണ്ട ഭാവം നടിക്കാതെ സര്‍ക്കാര്‍
Mar 14, 2013, 12:24 IST
Mariamma David |
കയ്യൂര്‍ ചീമേനി പഞ്ചായത്ത് ചാനടുക്കത്തെ മറിയാമ്മ ഡേവിഡ് (68) ബുധനാഴ്ച മരണപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെതുടര്‍ന്ന് രോഗിയായ മറിയാമ്മ രണ്ടു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഡേവിഡ് ജോസഫിന്റെ ഭാര്യയാണ്. മക്കള്‍: ജൈനാമ്മ, സാബു, ജെസി, സാജന്‍, ജാന്‍സി. മരുമക്കള്‍: ബിന്ദു, രാജു, ബിനോയ്. സഹോദരങ്ങള്‍: തങ്കച്ചന്‍, ആന്റണി, പരേതനായ പൊന്നപ്പന്‍.
എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെതുടര്‍ന്ന് രോഗികളായ ആളുകളില്‍ പലരും മതിയായ ചികിത്സ ലഭിക്കാതെയാണ് മരിക്കുന്നത്. രോഗികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാസര്‍കോട്ട് നിരാഹാര സമരം നടത്തിവരുന്നത്.
കഴിഞ്ഞ മാസം 18ന് ആരംഭിച്ച സമരം വ്യാഴാഴ്ചയിലേക്ക് 25 ദിവസം പിന്നിട്ടു. ഇപ്പോള്‍ നിരാഹാരമിരിക്കുന്ന എ. മോഹന്‍കുമാറിന്റെ സമരം പത്താം ദിവസമാണ്. ദുരിത ബാധിതര്‍ക്കുള്ള സഹായ വിതരണം അഞ്ചുവര്‍ഷം കൊണ്ട് അവസാനിപ്പിക്കരുത്, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുക, പ്രത്യേകം ട്രൈബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും സമരക്കാരെ ചര്‍ചയ്ക്ക് വിളിക്കാനോ, സമരം ഒത്തു തീര്‍പാക്കാനോ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടാവുന്നില്ല. അതിനിടെ സമരത്തിന് പിന്തുണയുമായി കൂടുതല്‍ സംഘടനകളും നേതാക്കളും രംഗത്തു വന്നു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ മനുഷ്യമതിലും റോഡ് ഉപരോധവും മറ്റും നടത്താന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
സമരം സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഫോറവും സോളിഡാരിറ്റിയും സംയുക്തമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌ക്കര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കവയത്രി ബി. സുഗതകുമാരി, പ്ലാച്ചിമട ഐക്യദാര്‍ഢ്യ കമ്മിറ്റി കണ്‍വീനര്‍ ആര്‍. അജയന്‍, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സജീദ്, ടി. പീറ്റര്‍, ബേബി കിരണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത് പ്രഖ്യപനങ്ങള്‍ മാത്രമാണെന്നും അതൊന്നും പ്രായോഗിക തലത്തില്‍ എത്തുന്നില്ലെന്നും സി.പി.എം ജില്ലാ കമ്മിറ്റി ആരോപിച്ചു.
Keywords: Endosulfan, Strike, Kayyur, Patient's, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.