എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
Dec 6, 2020, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 06.12.2020) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് ആവേശം പകര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ജില്ലയിലെത്തി.
കാസര്‍കോട്ടെത്തിയ അദ്ദേഹം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബി ജെ പി സംഘടിപ്പിച്ച കുടുംബയോഗങ്ങളിലും സ്ഥാനാര്‍ത്ഥി സംഗമങ്ങളിലും പങ്കെടുത്ത് പ്രവര്‍ത്തകരുമായി സംവദിച്ചു. മോദി സര്‍കാറിന്റെ വികസന നേട്ടങ്ങളെണ്ണി പറഞ്ഞ് ഇടത് വലത് ഭരണത്തിലെ അഴിമതിയും പൊള്ളത്തരങ്ങളും തുറന്ന് കാട്ടി ഇരുമുന്നണികളെയും കടന്നാക്രമിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ദേലംപാടി പഞ്ചായത്തിലെ മല്ലംപാറയിലായിരുന്നു വി മുരളീധരന്റെ ആദ്യപരിപാടി. സി പി എമ്മിന് പകരം കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിന് പകരം സി പി എമ്മിനെയും തെരഞ്ഞെടുക്കുന്ന പതിവ് അവസാനിപ്പിക്കണം. യഥാര്‍ത്ഥ വികസനത്തിന്റെ ഗുണഫലം ജനങ്ങളിലെത്തിക്കാന്‍ എന്‍ ഡി എയ്ക്ക് മാത്രമേ കഴിയുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു.
നിരവധി ജനക്ഷേമപദ്ധതികള്‍ പാവപ്പെട്ടവര്‍ക്കായി മോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്. അത് താഴെത്തട്ടിലേ അര്‍ഹരിലേക്കെത്തിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പ്രധാന പങ്കുണ്ട്.
ഇടത് വലത് മുന്നണികള്‍ കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തി വരികയാണ്. അതിനാല്‍ കേന്ദ്ര പദ്ധതികളുടെ നേട്ടം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അര്‍ഹരിലെത്താന്‍ എന്‍ ഡി എ പ്രതിനിധികളെ വിജയിപ്പിക്കണമെന്ന് മുരളീധരന് പറഞ്ഞു.
ഇതിനുമുമ്പ് കേന്ദ്രം ഭരിച്ച യു പി എ സര്കാറുകള് പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തിയത്. പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന സര്‍കാറാണ് ഇന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലുള്ളത്.
കള്ളപ്പണ ഇടപാടുകള്‍ ചര്‍ച്ചയാകുന്ന തദ്ദേശ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്ന പ്രത്യേകതയുണ്ട്.
കോണ്‍ഗ്രസ് ലീഗിന്റെ താല്പര്യത്തിന് വഴങ്ങി കൊടുക്കുന്നതില്‍ പല കേന്ദ്രങ്ങളിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ലീഗിന്റെ താല്‍പ്പര്യം കണക്കിലെടുത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുന്നുവെന്നതിന്റെ സൂചനയാണിത്.
പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബി ജെ പി നടത്തിയ വികസനം ഈ സംസ്ഥാനത്തെ വോട്ടര്‍മാരുടെ മുന്നിലുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്നുറപ്പുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു.
മല്ലംപാറയില്‍ നടന്ന പരിപാടിയില്‍ ബി ജെ പി നേതാവ് ബി പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ദേശീയ കൗണ്‍സിലംഗം പ്രമീള സി നായ്ക്, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, സെക്രട്ടറി മനുലാല്‍ മേലത്ത്, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ ടി പുരുഷോത്തമന്, ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍, രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. ബളവന്തടുക്ക കോളനിയില്‍ പുതുതായി പാര്‍ട്ടിയിലേക്ക് വന്നവരെ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കുടുംബ യോഗങ്ങളിലും അദ്ദേഹം സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, V Muraleedharan, BJP, Election, Local-Body-Election-2020, Trending, Minister, Union Minister V Muraleedharan inspires NDA election campaign







