ഭീതി പടര്‍ത്തി കോവിഡ് വ്യാപനം; രാജ്യത്ത് 3-ാം തരംഗം സ്ഥിരീകരിച്ചു; മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍, ജാഗ്രതയില്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 04.01.2022) രാജ്യത്ത് ഭീതി പടര്‍ത്തി കോവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ എന്‍ എന്‍ അറോറ. ഡെല്‍ഹിയിലെ സാഹചര്യം വിലയിരുത്താന്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്ന് അറോറ വ്യക്തമാക്കി.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര സര്‍കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ പകുതി ജീവനക്കാര്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.
അതേസമയം, 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36000 ആയി ഉയര്‍ന്നു. 115 ദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 2000 ആയി ഉയര്‍ന്നു. അതിനിടെ, കൗമാരക്കാരുടെ വാക്‌സീന് വേണ്ടി രെജിസ്‌ട്രേഷന്‍ ചെയ്തവരുടെ എണ്ണം 60 ലക്ഷമായി ഉയര്‍ന്നു.
അതേസമയം, ഭാരത് ബയോടെകിന്റെ ഇന്‍ട്രാനേസല്‍ വാക്‌സീന്‍ ബൂസ്റ്റെര്‍ ഡോസിനായി പരിഗണിക്കണമെന്ന അപേക്ഷ ഡിസിജിഐ വിദഗ്ധ സമിതി പരിശോധിക്കും. കോവാക്സിനോ കോവിഷീല്‍ഡോ സ്വീകരിച്ചവര്‍ക്ക് മൂന്നാം ഡോസായി ഈ വാക്‌സിന്‍ നല്‍കണമെന്നാണ് കമ്പനിയുടെ അപേക്ഷ.
ലോകമെമ്പാടും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം ആശങ്ക സൃഷ്ടിക്കുകയാണ്. നൂറിലധികം രാജ്യങ്ങളിലേക്ക് ഒമിക്രോണ്‍ വളരെ വേഗം പടരുകയും യുകെ, യുഎസ് പോലുള്ള ചില രാജ്യങ്ങളില്‍ അത് പ്രബല വകഭേദമായി മാറുകയും ചെയ്തതോടെ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. ആഗോള തലത്തിലെ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞയാഴ്ച 11 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെയാണ് പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ ആരംഭിച്ചത്.
Keywords: News, National, India, New Delhi, COVID-19, Trending, Health, Top-Headlines, Third Wave On, 75% Cases In Metros Are Omicron: Covid Task Force Boss