city-gold-ad-for-blogger

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 സ്പില്‍വെ ഷടെറുകള്‍ തുറന്നു; വീണ്ടും മുന്നറിയിപ്പില്ലാതെ തുറന്നതായി ആരോപണം, നിരവധി വീടുകളില്‍ വെള്ളം കയറി

ഇടുക്കി: (www.kasargodvartha.com 02.12.2021) ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 സ്പില്‍വെ ഷടെറുകള്‍ പുലര്‍ചെ മൂന്നരയോടെ തുറന്നു. 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. സെകന്‍ഡില്‍ 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്‌നാട് സ്പില്‍വെ ഷടെറുകള്‍ തുറന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം വെള്ളം തുറന്നു വിടുന്നത്. മുന്‍കൂട്ടി അറിയിക്കാത്തതില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് 4206 ഘനയടിയായി തമിഴ്‌നാട് കുറച്ചു. തുറന്നിരിക്കുന്ന 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മുന്നറിയിപ്പില്ലാതെ അര്‍ധരാത്രിയില്‍ ഡാം തുറന്നതോടെ പരിസരവാസികള്‍ ആശങ്കയിലായി. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷടെറുകള്‍ തുറന്നുവിടുന്നത്. രണ്ട് ദിവസം മുമ്പ് സമാനമായ രീതിയില്‍ രണ്ട് ഷടെറുകള്‍ തുറന്നിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 സ്പില്‍വെ ഷടെറുകള്‍ തുറന്നു; വീണ്ടും മുന്നറിയിപ്പില്ലാതെ തുറന്നതായി ആരോപണം, നിരവധി വീടുകളില്‍ വെള്ളം കയറി

ഇതോടെ വള്ളക്കടവിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. കടശ്ശിക്കാട് ആറ്റോരം മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിലായി 10 വീടുകളിലും വെള്ളം കയറി. 12 വീടുകളുടെ മുറ്റത്ത് വെള്ളം എത്തി. ഇതാണ് ഇപ്പോള്‍ ജനരോഷത്തിന് ഇടയാക്കിയിരിക്കുന്നത്.

അതേസമയം, മുല്ലപ്പെരിയാര്‍ മുന്നറിയിപ്പില്ലാതെ തുറന്നത് ധിക്കാരപരമായ നടപടിയെന്ന് പീരുമേട് എം എല്‍ എ വാഴൂര്‍ സോമന്‍ പ്രതികരിച്ചു. 11 മണിക്ക് സര്‍വ കക്ഷി യോഗം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ മുല്ലപ്പെരിയാര്‍ വള്ളക്കടവില്‍ സി പി എം പ്രതിഷേധം സംഘടിപ്പിച്ചു. തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കാതെ ഷടെര്‍ തുറന്നതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ പ്രകടനം

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടരുതെന്ന് കേരള സര്‍കാര്‍ പലവട്ടം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതാണ്. മുന്‍കൂട്ടി അറിയിപ്പ് കിട്ടിയാല്‍ ജനങ്ങളെ മാറ്റി പാര്‍പിക്കുന്നതടക്കം മുന്‍കരുതലുകളെടുക്കാന്‍ സര്‍കാരിനാകും. 

Keywords: News, Kerala, State, Top-Headlines, Mullaperiyar, Trending, Tamil Nadu  raised 10 shutters in Mullaperiyar Dam without warning

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia