തമിഴ്‌നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; സ്‌കൂളുകളും കോളജുകളും വീണ്ടും തുറക്കും
ചെന്നൈ: (www.kasargodvartha.com 28.01.2022) കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ സ്‌കൂളുകളും കോളജുകളും വീണ്ടും തുറക്കാന്‍ സര്‍കാര്‍ തീരുമാനിച്ചു. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലേക്ക് വരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കുക.
അതേസമയം പ്ലേ സ്‌കൂളുകളും നഴ്‌സറികളും തുറക്കില്ല. തമിഴ്‌നാട്ടില്‍ ആരാധനാലയങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക് ഡൗണും സംസ്ഥാനത്ത് ഒഴിവാക്കി. പൊതുയോഗങ്ങള്‍ക്കും ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ഹോടെലുകളിലും തീയേറ്ററുകളിലും ഒരു സമയം 50 ശതമാനം പേരെന്ന നിയന്ത്രണവും തുടരും.
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 28,515 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2,13,534 ആയി. 51 മരണം കൂടിയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ മരണം 37,412 ആയി. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 19.9 ശതമാനം ആയി കുറഞ്ഞതാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലെത്തിയത്.