Dead Body Found | ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി കുടയത്തൂര്‍; ഒരു കുടുംബത്തിലെ 5 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഇടുക്കി: (www.kasargodvartha.com) തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച അഞ്ചുപേരുടേയും മൃതദേഹങ്ങളും കണ്ടെത്തി. കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായി മാളിയേക്കല്‍ കോളനിയിലെ സോമന്‍ എന്നയാളുടെ കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്.
സോമന്‍, സോമന്റെ മാതാവ് തങ്കമ്മ, മകള്‍ ഷിമ, ഭാര്യ ഷിജി, ചെറുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഇതില്‍ തങ്കമ്മയുടെയും മകളുടെ മകന്‍ ദേവാനന്ദി(4)ന്റെയും മൃതദേഹങ്ങള്‍ മണ്ണിനടിയില്‍നിന്നും ആദ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. ദുരന്തത്തില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി.
പുലര്‍ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നതിനിടെ പലയിടത്തും മഴക്കെടുതി രൂക്ഷമാണ്. മലയാര മേഖലകളില്‍ കനത്ത നാശ നഷ്ടമാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. ഭക്ഷ്യ ഗോഡൗണുകളിലെ സാധനങ്ങളെല്ലാം നശിച്ചു. കൃഷി ഇടങ്ങളിലും വെള്ളം കയറിയതോടെ ഓണക്കൃഷിയും പൂര്‍ണമായും നശിച്ചു. ഞായറാഴ്ച രാത്രി 12മണിയോടെ തുടങ്ങിയ കനത്ത മഴയാണ് പ്രശ്‌നം ഗുരുതരമാക്കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തും.