ബഹുസ്വരതയുടെ പ്രാധാന്യം ഉദ്ഘോഷിച്ച് കുട്ടികളുടെ പാര്‍ലമെന്റ് വേറിട്ട അനുഭവമായി കോവിഡ് കാലത്തെ ശിശുദിനാഘോഷം
കാസര്‍കോട്: (www.kasargodvartha.com 14.11.2020) കോവിഡ് മാഹമാരിയും അതിന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി വീടുകളില്‍ മാത്രമായി ബന്ധിക്കപ്പെട്ട കുരുന്നുകള്‍ക്ക് സാമൂഹിക ജിവിതത്തെ കുറിച്ച് പങ്കുവെക്കാനുള്ളത് വലിയ സ്വപ്നങ്ങളാണ്. സമൂഹത്തില്‍ പുലരേണ്ട ബഹുസ്വരതയുടെ പ്രാധാന്യത്തെ കുറിച്ചായിരുന്നു ചാച്ചാജിയുടെ പിറന്നാളില്‍ കുട്ടികള്‍ക്ക് പറയാനുണ്ടായിരുന്നത്. ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കുട്ടികളുടെ പാര്‍ലമെന്റാണ് വേറിട്ട അനുഭവമായത്.
സമൂഹത്തിന്റെ ഭാവി കുരുന്നുകളുടെ കൈയില്‍ ഭദ്രമാണെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു മാനവികതയിലൂന്നിയ പ്രഭാഷണങ്ങള്‍. മാനവികതയില്‍ അടിത്തറ പാകിയ ശാസ്ത്രീയ മനോഭാവമുള്ള ഇന്ത്യന്‍ സമൂഹത്തെയായിരുന്നു നെഹ്റു സ്വപ്നം കണ്ടതെന്ന് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പ്രധാനമന്ത്രി എടച്ചാക്കൈ എ യു പി സ്‌കൂള്‍ നാലാം തരം വിദ്യാര്‍ത്ഥിനി ഫാത്വിമ നബീല പറഞ്ഞു. കുട്ടികളുടെ പ്രസിഡണ്ട് ബേള ബി എ എസ് ബി എസിലെ പ്രിയ ക്രസ്റ്റ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ശിശുദിന സന്ദേശം നല്‍കി. സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം പഠനത്തില്‍ നിന്നും സ്വായത്തമാക്കണമെന്നും സമാധാനപൂര്‍ണമായ പഠനം ഉറപ്പ് വരുത്താനും കുട്ടികളുടെ ക്ഷേമത്തിനും നിരവധി പദ്ധതികളാണ് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
കുഞ്ഞു സഹോദരങ്ങള്‍ക്കെതിരേ നടക്കുന്ന പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഇല്ലാതാവുന്ന സാമൂഹിക അന്തരീക്ഷമാണ് ഉണ്ടാവേണ്ടതെന്നും രാജ്യത്ത് വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നിലുള്ള കേരളീയര്‍ ഒത്തൊരുമിച്ച് ഇത് സാധ്യാമാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ കുട്ടികളുടെ സ്പീക്കര്‍ രാജപുരം ഹോളിഫാമിലി എ എല്‍ പി എസിലെ നാലാം തരം വിദ്യാര്‍ത്ഥിനി സാന്‍വിയ സിനോയ് പറഞ്ഞു. ഉദിനൂര്‍ സെന്‍ട്രല്‍ യുപി സ്‌കൂള്‍ ആറാം തരം വിദ്യാര്‍ത്ഥി നിരാമയ് സ്വാഗതം പറഞ്ഞു. വിദ്യാഗിരി എസ് എ ബി എം പി യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ടി അന്‍വിത നന്ദി പറഞ്ഞു.
ശിശുദിന സ്റ്റാമ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ മൊട്ടൂസെന്ന വീഡിയോകളില്‍ പ്രശസ്തനായ മടിക്കൈ വി എച്ച് എസ് എസിലെ രണ്ടാം തരം വിദ്യാര്‍ത്ഥി കെ വി ദേവരാജിന് കൈമാറി പ്രകാശനം ചെയ്തു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ സാഹിത്യ രചനാപ്രസംഗ മത്സര വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കി. സിനിമാ താരം മഹിമ നമ്പ്യാര്‍, സംസ്ഥാന ശിശുക്ഷേമ സമിതി എക്സിക്യുട്ടീവ് മെബര്‍ ഒ എം ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി എം അബ്ദുര്‍ കരീം, ജോയിന്റ് സെക്രട്ടറി സൂരജ്, എക്സിക്യുട്ടീവ് അംഗം സതീശന്‍ കരിന്തളം, പി എം പ്രവീണ്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുര്‍ ലത്വീഫ്്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് സയന സംബന്ധിച്ചു.
ശിശു ദിനത്തില്‍ നാടുഭരിച്ച് ആയന്നൂരിലെ കുട്ടികള്‍
ചിറ്റാരിക്കാല്‍: പ്രധാന ടൗണുകളില്‍ അമ്മമാര്‍ക്കായി മുലയൂട്ടല്‍ കേന്ദ്രം, അങ്കണവാടികള്‍ എല്ലാം ശിശു സൗഹൃദം, പരിസ്ഥിതി സൗഹൃദമായ പശ്ചാത്തല വികസനം, എല്ലാവര്‍ക്കും ഭക്ഷണവും കുടിവെള്ളവും പദ്ധതികളുടെ ലിസ്റ്റ് നീളുകയാണ്.
ഇവയൊക്കെ രാഷ്ട്രീയകക്ഷികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചോ? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഇവയെല്ലാം കുട്ടികള്‍ പഞ്ചായത്ത് ഭരണ സാരഥികളായ ഭരണസമിതിയുടെ നയരൂപീകരണ സഭയിലെ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ വികസന പദ്ധതികളാണ്.
ആയന്നൂര്‍ യുവശക്തി പബ്ലിക് ലൈബ്രറിയിലെ ബാലവേദി, കുട്ടികളുടെ റേഡിയോ എന്നിവയുടെ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളാണ് ഇന്നലെ ശിശുദിനത്തില്‍ വേറിട്ട വികസന ചര്‍ച്ച ഒരുക്കിയത്.
കുട്ടികള്‍ പഞ്ചായത്ത് ഭരണകര്‍ത്താക്കളായാല്‍ എന്ന വിഷയത്തിലാണ് ഇവര്‍ ബാലപഞ്ചായത്ത് എന്ന ആശയം ശിശുദിനത്തില്‍ ഒരുക്കിയത്.
ഗര്‍ഭിണികളും കൗമാരക്കാരും മുതല്‍ വിദ്യാര്‍ഥികളും മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവര്‍ക്ക് വേണ്ടിയും ഇവര്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ഒന്നാം ക്ലാസുകാരനായ യദുകൃഷ്ണന്‍ മുതല്‍ പത്താം ക്ലാസുകാരനായ ആദിത്യന്‍ വരെയുള്ള ഇരുപതോളം കുട്ടികളാണ് ബാല പഞ്ചായത്തിലെ അംഗങ്ങള്‍.
കുട്ടികള്‍ക്ക് പഞ്ചായത്ത് ഭരണ സംവിധാനത്തെ കുറിച്ച് അവബോധമുണ്ടാക്കാനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ സ്‌നേഹ വിനോദ് പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടനം ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്ത് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ബാലവേദി കണ്‍വീനര്‍ തോമസ് അധ്യക്ഷയായി. വിദ്യാര്‍ഥികളായ പിഎസ് അല്‍ന സിദ്ധാര്‍ഥ് സജീവന്‍ പി വി നീരജ്, അനഘ പി വി ആവണി, ആദിത്യന്‍, സിന്ദൂര എന്നിവര്‍ നേതൃത്വം നല്‍കി.
തച്ചങ്ങാട്: കുട്ടികളെ ഏറെ സ്‌നേഹിക്കുകയും അവരില്‍ നാളത്തെ ഇന്ത്യയെ കണ്ടെത്തുകയും ചെയ്ത ചാച്ചാജിയെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വപ്നങ്ങളെ പിന്തുടരണമെന്ന് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് ഡയരക്ടര്‍ പള്ളിയറ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. തച്ചങ്ങാട് ഗവ. ഹൈസ്‌കുളിലെ ശിശുദിന പരിപാടികള്‍ ഓണ്‍ ലൈന്‍ ആയി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ദിനാചരണത്തോടനുബന്ധിച്ച് എല്‍, പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി നിരവധി മത്സരങ്ങള്‍ നടത്തി. നെഹറു വരകളിലൂടെ എന്ന രീതിയില്‍ ചിത്രരചനാ മത്സരം, എന്റെ മനസ്സിലെ ചാച്ചാജി എന്ന വിഷയത്തില്‍ ഉപന്യാസപ്രസംഗമത്സരം, വാക്കും വേഷവും എന്ന പേരില്‍ നെഹ്‌റുവിന്റെ വേഷപ്പകര്‍ച്ചയോടെ സന്ദേശവിനിമയം, ശിശുദിന ക്വിസ്സ് എന്നിവ സംഘടിപ്പിച്ചു.
ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.കെ സുരേശന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് വിജയകുമാര്‍, സ്റ്റാഫ് സെക്രട്ടറി അജിത .ടി, പ്രഭാവതി പെരുമാന്തട്ട എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം കണ്‍വീനര്‍ മനോജ് പിലിക്കോട് സ്വാഗതവും ലൈബ്രറി കണ്‍വീനര്‍ ഡോ.സുനില്‍കുമാര്‍ കോറോത്ത് നന്ദിയും പറഞ്ഞു.