Train | റെയിൽവെ വൈദ്യുതി കമ്പിയിൽ വീണ തെങ്ങ് മുറിച്ച് നീക്കിയത് 4 മണിക്കൂറിന് ശേഷം; ചില ട്രെയിനുകൾ മറുവശത്തെ പാളത്തിലൂടെ കടത്തിവിട്ടു
30-ലധികം ജീവനക്കാർ മണിക്കൂറുകളോളം അശ്രാന്തമായി പ്രവർത്തിച്ചാണ് പുനഃസ്ഥാപിച്ചത്.
കാസർകോട്: (KasargodVartha) ഉദുമ റെയിൽവേ ഗേറ്റിന് സമീപം പള്ളത്ത് റെയിൽ പാളത്തിൽ തെങ്ങ് പൊട്ടിവീണതിനെ തുടർന്ന് ഷെർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടത് നാല് മണിക്കൂറോളം. ചെന്നൈ മെയിൽ, മംഗ്ളുറു - തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകൾ മറുവശത്തെ പാളത്തിലൂടെയാണ് കടത്തിവിട്ടത്. ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കിഴക്കു ഭാഗത്തെ പാളത്തിന് മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പിയിലേക്ക് ഉഗ്രശബ്ദത്തോടെ തെങ്ങ് കടപുഴകി വീണത്.
25000 വോൾട് പ്രസരണ ശേഷിയുള്ള വൈദ്യുതി കമ്പിയിൽ തങ്ങിയാണ് തെങ്ങ് നിന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവെ പൊലീസും റെയിൽവെ അപകടം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചെറുവത്തൂരിലെ റെയിൽവെ പവർ പ്ലാൻ്റിൽ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. റെയിൽവേ എൻജിനീയറിങ് വിഭാഗത്തിലെ 30-ലധികം ജീവനക്കാർ മണിക്കൂറുകളോളം അശ്രാന്തമായി പ്രവർത്തിച്ച് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തെ തുടർന്ന് കോയമ്പത്തൂരിൽ നിന്നും മംഗ്ളൂറിലേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് കോട്ടിക്കുളം സ്റ്റേഷനിൽ നിർത്തിയിടേണ്ടി വന്നു. പിന്നീട് സുരക്ഷാ പ്രശ്നം ഇല്ലെന്ന അറിയിപ്പിനെ തുടർന്ന് അരമണിക്കൂറിന് ശേഷം യാത്ര പുനരാരംഭിച്ചു. തെങ്ങ് മുറിച്ചുമാറ്റിയ ശേഷം പൊട്ടിവീണ വൈദ്യുതി ചെറുവത്തൂരിൽ നിന്നും സാങ്കേതിക വിദഗ്ധർ എത്തിയ ശേഷമാണ് 4.30 മണിയോടെ ശരിയാക്കിയത്.
ചെന്നൈ മെയിൽ, മംഗ്ളുറു - തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകൾ അര മണിക്കൂറും ഒരു മണിക്കൂറും വൈകിയാണ് പടിഞ്ഞാറെ പാളത്തിലൂടെ വഴി തിരിച്ച് കടത്തിവിട്ടത്. കൊച്ചുവേളി എക്സ്പ്രസ്, രാജധാനി എക്സ്പ്രസ് എന്നീ ട്രെയിനുകളും വൈകി. മംഗ്ളൂറിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ഇന്റർസിറ്റിയും തൊട്ട് പിന്നാലെ ഗുഡ്സ് ടെയിനും കടന്നുപോയതിന് ശേഷമാണ് അപകടം സംഭവിച്ചത്. ഗുഡ്സ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വൈദ്യുതി നിലച്ചതോടെ ചരക്ക് വണ്ടി കോട്ടിക്കുളം റെയിൽവേസ്റ്റേഷൻ ഒന്നാം പ്ലാറ്റുഫോമിൽ നിർത്തിയിടേണ്ടി വന്നു.