പൈപ് പൊട്ടി നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയ സംഭവത്തിൽ വാർഡ് കൗൺസിലർ മന്ത്രിക്ക് നിവേദനം നൽകി
Apr 26, 2021, 14:16 IST
കാസർകോട്: (www.kasargodvartha.com 26.04.2021) നഗരസഭയിലെ അണങ്കൂർ ജംഗ്ഷനിൽ വാടെർ അതോറിറ്റിയുടെ ശുദ്ധജല പൈപ് ലൈൻ പൊട്ടി നൂറോളം കുടുംബങ്ങൾക്ക് ഒരുമാസത്തോളമായി കുടി വെള്ളം മുടങ്ങിയ സംഭവത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് വാർഡ് കൗൺസിലർ മജീദ് കൊല്ലംപാടി നിവേദനം നൽകി.
പൊട്ടിയ പൈപ് നന്നാക്കാത്തത് കൊണ്ട് ഒരുമാസമായി കുടിവെള്ളം റോഡിലൂടെ പാഴായി പോകുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മന്ത്രിയെ ഫോൺ വഴി വിഷയം ധരിപ്പിച്ചപ്പോഴാണ് അടിയന്തിരമായി നിവേദനം നൽകാൻ കൗൺസിലറോട് നിർദേശിച്ചത്.
വെളളം ഒഴുകി പോകുന്നത് കാരണം റോഡ് പുഴയായിരിക്കുയാണ്. അണങ്കൂർ - പെരുമ്പള കടവ് റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തിക്കിടയിലാണ് പൈപുകൾ പൊട്ടിയത്. വരൾച കൂടി വരുന്ന സാഹചര്യത്തിൽ അണങ്കൂർ, കൊല്ലമ്പാടി, പച്ചക്കാട്, ടിപ്പു നഗർ, ടി വിസ്റ്റേഷൻ റോഡ്, സുൽത്വാൻ നഗർ, മസ്‍താൻ റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്.
പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഈ പ്രദേശത്തെ ജനപ്രതിനിധിയെന്ന നിലയിൽ താനടക്കമുള്ള ജനപ്രതിനിധികൾ ബന്ധപ്പെട്ട അധികാരികളെ നേരിൽ കണ്ട് സംസാരിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് കൗൺസിലർ പറഞ്ഞു.
ജനങ്ങൾ തുറിച്ച് നോക്കുന്ന സങ്കീർണമായ ഈ പ്രശ്നത്തിന് മന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ട് ശാശ്വത പരിഹാരം
കാണണമെന്ന് മജീദ് കൊല്ലമ്പാടി അഭ്യർത്ഥിച്ചു. കാസർകോട് കലക്ടർക്കും, വാടെർ അതോറിറ്റി എക്സിക്യൂടീവ് എഞ്ചിനിയർക്കും ഇതോടൊപ്പം നിവേദനം നൽകിയിട്ടുണ്ട്.
Keywords: Kasaragod, Ward councilor, Petition, Kerala, News, Ward committee, Minister, Water, Drinking water, Top-Headlines, Water pumping stopped after pipeline leak; Ward councilor files petition to minister.