കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം ഉപ്പളയില്‍ വീണ്ടും അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടി; മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു; വാള്‍ വീശി, കാറുകള്‍ തകര്‍ത്തു; ഒരാള്‍ക്കും പരാതിയില്ലെന്ന് പോലീസ്
ഉപ്പള: (www.kasargodvartha.com 11.10.2020) കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം ഉപ്പളയില്‍ അധോലോക സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. പരസ്പരം വെടിവെപ്പും വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ചിതറിയോടി.
ഞായറാഴ്ച്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള കൈക്കമ്പയിലാണ് വാഹനങ്ങളിലായെത്തിയ മജലിലെ അയാസിന്റെയും മണ്ണംകുഴിയിലെ നാസിന്റെയും നേതൃത്വത്തിലുള്ള ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടിയതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസമായി മയക്കുമരുന്ന് ഇടപാടിലെ തര്‍ക്കത്തെ തുടന്ന് ഇരു സംഘങ്ങള്‍ പോര്‍വിളി തുടങ്ങിയിരുന്നു.
രണ്ട് കാറുകളിലെത്തിയ പത്തോളം വരുന്ന സംഘം കൈക്കമ്പ ദേശീയപാതയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ഏറ്റുമുട്ടിയത്.
മൂന്ന് തവണ കൈത്തോക്ക് ഉപയോഗിച്ച് പരസ്പ്പരം നിറയൊഴിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.
വൈകിട്ട് അഞ്ച് മണിയോടെ ഉപ്പള ടൗണില്‍ വെച്ച് ഒരു യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു.
എന്നാല്‍ യുവാവ് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരസ്യമായ ഏറ്റുമുട്ടല്‍ ഉണ്ടായത്.
വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘങ്ങള്‍ എത്തി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താന്‍ അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
വെടിവെപ്പില്‍ ഒരു കാറിന്റെ ഗ്ലാസ് തകര്‍ന്നിരുന്നുവെങ്കിലും ആ കാറും കണ്ടെത്താനായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കാന്‍ മുന്നോട്ട് വന്നിട്ടില്ലെന്നും പ്രതികള്‍ക്കായി തെരെച്ചില്‍ തുടരുന്നതായും ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
എയര്‍ഗണ്‍ ആണ് യുവാക്കളുടെ കൈയ്യില്‍ ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും പോലീസ് വെളിപ്പെടുത്തി.
ഏറ്റുമുട്ടിയ ചിലരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും യുവാക്കളെല്ലാം മുങ്ങിയിരിക്കുകയാണ്.
ഉപ്പള കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പിയും സംഘവും പലതവണ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 35 കിലോയോളം കഞ്ചാവ് മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞത്.
ഉപ്പളയിലെ അധോലോക സംഘങ്ങളെ കുറിച്ചും ഇവരുടെ ഇടപാടുകളെ കുറിച്ചും പലര്‍ക്കും വിവരങ്ങള്‍ അറിയാമെങ്കിലും പോലീസുമായി സഹകരിക്കാന്‍ മുന്നോട്ട് വരുന്നില്ല.
അധോലോക സംഘത്തിന്റെ കുടിപ്പകയില്‍ അഞ്ചോളം പേരാണ് ഉപ്പളയിലും പരിസരങ്ങളിലുമായി കൊല്ലപ്പെട്ടത്.
ഒടുവില്‍ കൊല്ലപ്പെട്ടത് കാലിയ റഫീഖ് ആയിരുന്നു. ഇതിന് ശേഷം പോലീസ് നടപടി ശക്തമാക്കിയതിനാല്‍ അധോലോകം പത്തി താഴ്ത്തിയിരുന്നുവെങ്കിലും അടുത്ത കാലത്തായി വീണ്ടും തലപൊക്കുകയായിരുന്നു. പുതിയ നിരവധി സംഘങ്ങള്‍ ഉപ്പളയില്‍ മുളച്ചുപൊങ്ങിയിട്ടുനമുണ്ട്.
Keywords: Kasaragod, Kerala, News, Uppala, Clash, Car, Police, DYSP, Underworld gangs clashed again in Uppala







